| Tuesday, 19th August 2025, 5:40 pm

ബ്രേക്കപ്പായെന്ന് കരുതി ലൈംഗികബന്ധം ബലാത്സംഗമാകില്ല; വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന് (ഹിരണ്‍ദാസ് മുരളി) എതിരായ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ബന്ധം വേര്‍പിരിഞ്ഞുവെന്ന് കരുതി ലൈംഗികബന്ധം ബലാത്സംഗം ആകില്ലെന്ന് കോടതി പറഞ്ഞു. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ അറസ്റ്റ് പാടില്ലെന്നാണ് നിര്‍ദേശം. ജസ്റ്റിസ് ബെച്ചുകുര്യന്‍ ജോസഫിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

കോടതിക്ക് മുമ്പാകെ വസ്തുതകള്‍ മാത്രമേ പരിഗണിക്കാന്‍ കഴിയുകയുള്ളുവെന്നും ബെഞ്ച് പറഞ്ഞു. ‘ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തിട്ടുണ്ടാകാമെങ്കിലും മറ്റൊരു കേസില്‍ അത് ബാധകമാകില്ല’ എന്നും കോടതി പരാമര്‍ശിച്ചു.

ഇൻഫ്ലുവൻസർ ആയാലും അല്ലെങ്കിലും വ്യക്തിസ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും കോടതി പറഞ്ഞു. മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം കോടതിക്ക് തീരുമാനം എടുക്കാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

എല്ലാവരും അമര്‍ചിത്രകഥ വായിച്ചാണ് വളര്‍ന്നതെന്നും പുരാണകഥകള്‍ പറയേണ്ടതില്ലെന്നും പരാമര്‍ശമുണ്ട്. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ (ബുധന്‍)യും പരിഗണിക്കും. ആരോപണങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരിയായ യുവഡോക്ടര്‍ക്ക് കോടതി കൂടുതല്‍ സമയവും അനുവദിച്ചു.

യുവഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസിലാണ് വേടനെതിരെ കേസെടുത്തത്. പരാതിയില്‍ വേടനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. വേടനായി ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. കഴിഞ്ഞ ദിവസം വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ പരാതിക്കാരിയും കക്ഷി ചേര്‍ന്നിരുന്നു.

ഇന്ന് (ചൊവ്വ) നടന്ന വാദത്തില്‍ ഗുരുതരമായ ആരോപണങ്ങളാണ് വേടനെതിരെ യുവഡോകട്ര്‍ ഉയര്‍ത്തിയത്. വേടന്‍ ഒരു സുപ്രഭാതത്തില്‍ എല്ലാം ഉപേക്ഷിച്ച് പോകുകയായിരുന്നെന്നും അതോടെ മാനസികനില തകരാറിലായെന്നുമാണ് യുവഡോക്ടര്‍ കോടതിക്ക് മുമ്പാകെ പറഞ്ഞത്.

വേടനെതിരെ രണ്ട് ലൈംഗികാതിക്രമ പരാതികള്‍ കൂടി ഉയര്‍ന്നിട്ടുണ്ടെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന വാദത്തില്‍ പരാതിക്കാരിയുമായുള്ള ബന്ധം വേടന്‍ നിഷേധിച്ചിരുന്നില്ലെന്നാണ് വിവരം. പക്ഷേ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം തെറ്റാണെന്നും വേടന്‍ വാദിച്ചിരുന്നു.

Content Highlight: High Court stays vedan’s arrest

We use cookies to give you the best possible experience. Learn more