| Thursday, 12th June 2025, 10:40 am

വേടന്‍ വരെ കുടിക്കുന്നുവെന്ന് കൊച്ചുങ്ങള്‍ പറഞ്ഞാല്‍ നമുക്കെന്ത് ചെയ്യാന്‍ പറ്റും; കാണുമ്പോള്‍ സങ്കടം തോന്നും; തിരുത്താന്‍ ശ്രമിക്കുകയാണ്: വേടന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ ലഹരി ഉപയോഗത്തെ കുറിച്ച് സംസാരിക്കുകയാണ് റാപ്പര്‍ വേടന്‍. തനിക്ക് തെറ്റുപറ്റിയെന്നും അത് തിരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും വേടന്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ചാനലിലെ കോഫി വിത്ത് അരുണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ കൈയിലും തെറ്റുകളുണ്ട്. കഞ്ചാവ് വലിച്ച് പൊലീസ് പിടിച്ച ആളല്ലേ ഞാന്‍. ഞാന്‍ വലിച്ചത് കൊണ്ടല്ലേ. അപ്പോള്‍ ഞാന്‍ ചെയ്തതിലും തെറ്റുണ്ട്. അതിപ്പോള്‍ ഉപയോ?ഗിക്കാതിരിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

വെട്രിമാരന്‍ സാര്‍ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്, ‘ഞാനൊരു ദിവസം 50- 60 സി?ഗരറ്റ് ഒക്കെ വലിച്ചിരുന്ന ആളാണ്. പെട്ടെന്ന് ഒരു ദിവസം നിര്‍ത്തി’ എന്ന്. എന്റെ അപ്പനും പെട്ടെന്നൊരു ദിവസം വലി നിര്‍ത്തിയ ആളാണ്. അത്രയും മാനസികാരോ?ഗ്യത്തിലേക്ക് ഞാനെത്തിയിട്ടില്ലെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അഡിക്ഷന്‍ നിര്‍ത്തുക എന്ന് പറയുന്നത് ഒരു മനുഷ്യന് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിട്ടാണ് പലരും പറഞ്ഞു കേട്ടിരിക്കുന്നത്. പക്ഷേ ഞാന്‍ ശ്രമിക്കുന്നുണ്ട്.

ഒരു ദിവസം ആലപ്പുഴ മാരാരി ബീച്ചില്‍ ഒരു ഷോയ്ക്ക് പോയി. അവിടെ ഒരു അപ്പനും മോനും എന്നെ കാണാന്‍ വേണ്ടി വന്നിരിക്കുകയാണ്. ഒരു പതിനഞ്ച് വയസ് അവനുണ്ടാകും. അപ്പന് ഒരു 45 വയസ് കാണും. രണ്ടു പേരും മദ്യപിച്ചിട്ടാണ് വന്നിരിക്കുന്നത്. എടാ കുടിക്കല്ലേ എന്ന് എനിക്ക് അവനോട് പറയാന്‍ പറ്റില്ല. കാരണം അതിലും ചെറിയ പ്രായത്തില്‍ കുടിച്ചു തുടങ്ങിയ ആളാണ് ഞാന്‍.

അപ്പോഴാണ് എനിക്ക് മനസിലായത് എന്റെ ഇന്‍ഫ്‌ലുവെന്‍സ് ഇവരെ ഇങ്ങനെയും ബാധിക്കുന്നുണ്ടെന്ന്. ഞാന്‍ കുടിക്കുകയും വലിക്കുകയും ചെയ്യാത്ത ഒരു വ്യക്തിയാണെങ്കില്‍ അവന്‍ അങ്ങനെ കുടിച്ചിട്ട് എന്റെ അടുത്തേക്ക് വരുമോ. അവനറിയാം എനിക്കത് ഇഷ്ടമാകില്ല എന്ന്. ഞാന്‍ അത് ചെയ്യുന്ന ആളായതു കൊണ്ടാണ് ധൈര്യമായിട്ട് അവന്‍ എന്റെ മുമ്പില്‍ അങ്ങനെ വന്ന് നില്‍ക്കാന്‍ പറ്റുന്നേ. എനിക്കതില്‍ പങ്കുണ്ട്.

കാരണം ഞാന്‍ മദ്യപിക്കുന്ന ആളാണ്. ഞാന്‍ മദ്യപിക്കുന്ന ആളാണെന്ന് എല്ലാവര്‍ക്കും അറിയാം. വേടന്‍ വരെ കുടിക്കുന്നു എന്ന് കൊച്ചുങ്ങള്‍ പറഞ്ഞാല്‍ നമുക്കെന്ത് ചെയ്യാന്‍ പറ്റും. എനിക്കിത് അവരോട് പറയാനുള്ള വോയ്‌സ് ഇല്ല. പക്ഷേ ഇത് കാണുമ്പോള്‍ എനിക്ക് സങ്കടമാകുന്നു. നമ്മള്‍ അത് നിയന്ത്രിച്ചേ പറ്റൂ. കാരണം, കൊച്ചുകുട്ടികളാണ് നമ്മളെ കാണുന്നത്.

ലൈവ് ഷോ കൂടുതല്‍ ചെയ്ത് തുടങ്ങിയപ്പോഴാണ് ഇതുപോലെയുള്ള ഒരുപാട് കാഴ്ചകള്‍ ഞാന്‍ കാണാന്‍ തുടങ്ങിയത്. ഇതില്‍ ഞാനുമൊരു കാരണക്കാരന്‍ ആണല്ലോ എന്നാലോചിക്കുമ്പോഴാണ് എന്തെങ്കിലും ചെയ്യണമെന്ന് തോന്നുന്നത്. പിന്നെ കുറച്ചായില്ലേ, നിര്‍ത്തണ്ടേ ഇതൊന്ന്. രാസലഹരിയൊക്കെ ഞാന്‍ ഉപയോ?ഗിച്ചിട്ടുണ്ട്. അതുപയോഗിച്ചത് കൊണ്ടാണ് മക്കളേ ഇത് ഭയങ്കര സാധനമാണ് എന്ന് എനിക്ക് പറയാന്‍ പറ്റുന്നത്,’ വേടന്‍ പറയുന്നു.

Content Highlight: Rapper Vedan is talking about his drug use

We use cookies to give you the best possible experience. Learn more