| Sunday, 20th September 2026, 8:02 pm

റഫീന്യയുടെ ഗോൾ മഴയിൽ വീഴാത്ത ഒരേയൊരാൾ; ചരിത്രത്തിൽ റൊണാൾഡോ തുടരും

സുദേവ് എ

ലാ ലിഗയിൽ അപരാജിത കുതിപ്പ് തുടർന്നിരിക്കുകയാണ് ഡിഫൻഡിങ് ചാമ്പ്യന്മാരായ ബാഴ്‌സലോണ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സെവിയ്യയെ പരാജയപ്പെടുത്തിയാണ് ബാഴ്‌സ ലാ ലിഗയിലെ ഈ സീസണിലെ ഏഴാം വിജയം സ്വന്തമാക്കിയത്. എതിരാളികളുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു കറ്റാലന്മാരുടെ വിജയം.

ബ്രസീലിയൻ താരം റഫീന്യയുടെ ഹാട്രിക് കരുത്തിലാണ് ബാഴ്സ വിജയിച്ചുകയറിയത്. മത്സരത്തിന്റെ 22, 52, 69 എന്നീ മിനിട്ടുകളിലായിരുന്നു റഫീന്യ ഗോളുകൾ നേടിയത്. യൂസഫ് ഫൊഫാനയുടെ ഗോളിൽ ലീഡ് വഴങ്ങിയ ശേഷമായിരുന്നു ബാഴ്സയുടെ തിരിച്ചുവരവ്.

ഈ സീസണിൽ എട്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ 14 ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയാണ് ബ്രസീലിയൻ താരം കുതിക്കുന്നത്. ലാ ലിഗയിൽ ഏഴ് മത്സരങ്ങളിൽ നിന്നും 12 ഗോളുകളാണ് റഫീന്യ നേടിയത്.

പല റെക്കോഡുകളും തിരുത്തിക്കുറിച്ചുകൊണ്ട് ബ്രസീലിയൻ താരം കുതിക്കുമ്പോഴും ലാ ലിഗയിൽ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്ഥാപിച്ച ഒരു ചരിത്ര നേട്ടവും ചർച്ചയാവുകയാണ്.

ഒരു ലാ ലിഗ സീസണിലെ ആദ്യ ഏഴ് മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റൊണാൾഡോയുടെ റെക്കോഡാണ് ഇപ്പോഴും തകരാതെ നിൽക്കുന്നത്.

2014-15 സീസണിൽ റൊണാൾഡോ 13 ഗോളുകളാണ് അടിച്ചുകൂട്ടിയത്. രണ്ട് ഹാട്രിക് അടക്കം റഫീന്യ നേടി തിളങ്ങിയിട്ടും റൊണാൾഡോയുടെ ഈ ഗോൾ സ്കോറിങ് റെക്കോഡ് തകരാതെ നിൽക്കുന്നത് ഏറെ ശ്രദ്ധേയമാണ്.

റൊണാൾഡോയുടെ റെക്കോഡിനൊപ്പമെത്തിയില്ലെങ്കിലും ബാഴ്സയുടെ ചരിത്രം തിരുത്താൻ ബ്രസീലിയൻ താരത്തിന് സാധിച്ചു. ബാഴ്സയുടെ 126 വർഷത്തെ ചരിത്രത്തിൽ ഒരു താരവും നടത്താത്ത ഗോൾ വേട്ടയാണ് റഫീന്യ നടത്തിക്കൊണ്ടിരിക്കുന്നത്. ബാഴ്സക്ക് വേണ്ടി ഒരു സീസണിൽ ഏറ്റവും വേഗത്തിൽ 14 ഗോളുകൾ സ്വന്തമാക്കുന്ന താരമാണ് റഫീന്യ.

സീസണിൽ കളിച്ച ഏഴ് മത്സരത്തിൽ ഏഴിലും വിജയിച്ച ബാഴ്‌സ 21 പോയിന്റുമായാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ലാ ലിഗയിൽ ഗെറ്റാഫെയ്‌ക്കെതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം. ഒക്‌ടോബർ പത്തിന് നടക്കുന്ന മത്സരത്തിന് ക്യാമ്പ് നൗവാണ് വേദി.

Content Highlight: Rapinha couldn’t break Cristiano Ronaldo record in La Liga

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more