| Sunday, 20th September 2026, 6:58 am

നാല് ദിവസത്തില്‍ രണ്ട് ഹാട്രിക്, ഏഴ് മത്സരത്തില്‍ 12 ഗോള്‍! ബാലണ്‍ ഡി ഓര്‍ നോമിനേഷനില്‍ ഇടംപിടിക്കാത്തതിന് പ്രതികാരം വീട്ടുന്നതിങ്ങനെയാണ്

ആദർശ് എം.കെ.

ലാ ലിഗയില്‍ വിജയം തുടര്‍ന്ന് എഫ്.സി ബാഴ്‌സലോണ. സീസണിലെ ഏഴാം മത്സരത്തില്‍ സെവിയ്യയെ പരാജയപ്പെടുത്തിയാണ് ബാഴ്‌സ അപരാജിത കുതിപ്പ് തുടരുന്നത്. സെവിയ്യയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ബാഴ്‌സയുടെ വിജയം.

യൂസഫ് ഫൊഫാനയുടെ ഗോളില്‍ ലീഡ് നേടിയ ശേഷമായിരുന്നു സെവിയ്യ തോല്‍വിയിലേക്ക് വീണത്. ബാഴ്‌സയ്ക്കായി മൂന്ന് ഗോളും വലയിലെത്തിച്ചത് ക്യാപ്റ്റന്‍ റഫീന്യയായിരുന്നു. മത്സരത്തിന്റെ 22, 52, 69 മിനിട്ടുകളിലാണ് താരം സ്‌കോര്‍ ചെയ്തത്.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ബ്രസീല്‍ സൂപ്പര്‍ താരം ഹാട്രിക് നേടുന്നത്. നേരത്തെ റേസിങ്ങിനെ രണ്ടിനെതിരെ ഏഴ് ഗോളിന് കറ്റാലന്‍മാര്‍ വീഴ്ത്തിയപ്പോഴും റഫീന്യ ഹാട്രിക്കുമായി തിളങ്ങിയിരുന്നു. നിലവില്‍ ലാ ലിഗയിലെ ഗോള്‍ വേട്ടക്കാരില്‍ ഒന്നാമനാണ് ബാഴ്‌സ നായകന്‍.

വീണ്ടും ബാലണ്‍ ഡി ഓര്‍ നോമിനേഷനില്‍ തഴയപ്പെട്ടതിന്റെ നിരാശയും പ്രതികാരവും റഫീന്യ ഗോളടിച്ചു തീര്‍ക്കുകയാണെന്നാണ് ആരാധകര്‍ തമാശരൂപത്തില്‍ പറയുന്നത്. ബാഴ്‌സലോണ കഴിഞ്ഞ സീസണില്‍ ഡൊമസ്റ്റിക് ട്രെബിള്‍ അടക്കമുള്ള കിരീടമുയര്‍ത്തിയപ്പോള്‍ അതില്‍ റഫീന്യയുടെ പങ്ക് ഏറെ നിര്‍ണായകമായിരുന്നു. എന്നിട്ടും ബാലണ്‍ ഡി ഓറിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം നേടാന്‍ താരത്തിന് സാധിക്കാതെ പോയത് ആരാധകര്‍ക്കുണ്ടാക്കിയ നിരാശ ചെറുതൊന്നുമല്ലായിരുന്നു.

റഫീന്യ. Photo: FC Barcelona

അതേസമയം, ഹാന്‍സി ഫ്‌ളിക്കിന് കീഴില്‍ ആര്‍ക്കും പിടിച്ചുകെട്ടാതെയാണ് റഫീന്യ കുതിക്കുന്നത്. ഗോളടിച്ചും ചിലപ്പോഴെല്ലാം ഗോളടിപ്പിച്ചും കറ്റാലന്‍മാരുടെ പടത്തലവന്‍ തന്റെ റോള്‍ ഗംഭീരമാക്കുകയാണ്. റഫീന്യയുടെ മിന്നും ഫോമില്‍ ആറാം യൂറോപ്യന്‍ കിരീടവും ക്യാമ്പ് നൗവിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഏഴ് മത്സരത്തില്‍ നിന്നും 12 ഗോളുമായാണ് റഫീന്യ ലാ ലിഗ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനക്കാരായ കിലിയന്‍ എംബാപ്പെ (റയല്‍ മാഡ്രിഡ്), ലാമിന്‍ യമാല്‍ (ബാഴ്‌സലോണ), സെര്‍ജിയോ കാമെലോ (റയോ വയ്യെകാനോ) എന്നിവരേക്കാള്‍ അഞ്ച് ഗോളുകളുടെ മുന്‍തൂക്കം ബാഴ്‌സ നായകനുണ്ട്. ആറ് വീതം ഗോളുമായി റോബെര്‍ട്ടോ ഫെര്‍ണാണ്ടസ് (എസ്പ്‌ന്യോള്‍), യാസില്‍ സാബിരി (റേസിങ് സാന്റാന്‍ഡെര്‍) എന്നിവരാണ് പട്ടികയിലെ മൂന്നാം സ്ഥാനക്കാര്‍.

റഫീന്യ. Photo: FC Barcelona

കളിച്ച ഏഴ് മത്സരത്തില്‍ ഏഴിലും വിജയിച്ച ബാഴ്‌സ 21 പോയിന്റുമായാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ആറ് മത്സരത്തില്‍ അഞ്ച് ജയവും ഒരു തോല്‍വിയുമായി 15 പോയിന്റോടെ ചിരവൈരികളായ റയല്‍ മാഡ്രിഡ് രണ്ടാമതാണ്. ഇന്ന് നടക്കുന്ന മാഡ്രിഡ് നാട്ടങ്കത്തില്‍ റയല്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും.

ലാ ലിഗയില്‍ ഗെറ്റാഫെയ്‌ക്കെതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം. ഒക്‌ടോബര്‍ പത്തിന് നടക്കുന്ന മത്സരത്തിന് ക്യാമ്പ് നൗവാണ് വേദി. ആറ് മത്സരത്തില്‍ ഒന്നില്‍ മാത്രം ജയിച്ച് നിലവില്‍ 17ാം സ്ഥാനത്തുള്ള ഗെറ്റാഫെയ്‌ക്കെതിരെയും ബാഴ്‌സ തിളങ്ങുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Raphinha’s brilliant performance in La Liga

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more