| Sunday, 20th September 2026, 3:45 pm

മഹാവേട്ടക്കാരൻ! റഫീന്യ തൂക്കിയത് മെസിയടക്കമുളള ഒരാൾക്കും സാധിക്കാത്ത ചരിത്രം

സുദേവ് എ

ലാ ലിഗയിൽ അപരാജിത കുതിപ്പ് തുടർന്നിരിക്കുകയാണ് ഡിഫൻഡിങ് ചാമ്പ്യന്മാരായ ബാഴ്‌സലോണ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സെവിയ്യയെ പരാജയപ്പെടുത്തിയാണ് ബാഴ്‌സ ലാ ലിഗയിലെ ഈ സീസണിലെ ഏഴാം വിജയം സ്വന്തമാക്കിയത്. എതിരാളികളുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു കറ്റാലന്മാരുടെ വിജയം.

ബ്രസീലിയൻ താരം റഫീന്യയുടെ ഹാട്രിക് കരുത്തിലാണ് ബാഴ്സ വിജയിച്ചുകയറിയത്. മത്സരത്തിന്റെ 22, 52, 69 എന്നീ മിനിട്ടുകളിലായിരുന്നു റഫീന്യ ഗോളുകൾ നേടിയത്. യൂസഫ് ഫൊഫാനയുടെ ഗോളിൽ ലീഡ് വഴങ്ങിയ ശേഷമായിരുന്നു ബാഴ്സയുടെ തിരിച്ചുവരവ്.

തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ബ്രസീൽ സൂപ്പർ താരം ഹാട്രിക് നേടുന്നത്. കഴിഞ്ഞ മത്സരത്തിൽ റേസിങ്ങിനെതിരെ രണ്ടിനെതിരെ ഏഴ് ഗോളുകളുടെ വിജയം സ്വന്തമാക്കിയപ്പോഴായിരുന്നു റഫീന്യ സീസണിലെ ആദ്യ ഹാട്രിക് നേടിയത്.

ഈ സീസണിൽ എട്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ 14 ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയാണ് ബ്രസീലിയൻ താരം കുതിക്കുന്നത്. ബാഴ്സയുടെ 126 വർഷത്തെ ചരിത്രത്തിൽ ഒരു താരവും നടത്താത്ത ഗോൾ വേട്ടയാണ് റഫീന്യ നടത്തിക്കൊണ്ടിരിക്കുന്നത്. ബാഴ്സക്ക് വേണ്ടി ഒരു സീസണിൽ ഏറ്റവും വേഗത്തിൽ 14 ഗോളുകൾ സ്വന്തമാക്കുന്ന ആദ്യ താരമാണ് റഫീന്യ.

ആദ്യ മത്സരത്തിൽ എൽച്ചെക്കെതിരെ ഇരട്ട ഗോൾ നേടി തിളങ്ങിയ ബ്രസീലിയൻ താരം രണ്ടാം മത്സരത്തിൽ അത്‌ലെറ്റിക്കിനെതിരെ ഒരു ഗോളും നേടി. റയോ വല്ലെകാനോക്കെതിരെ ഇരട്ട ഗോളും നേടി റഫീന്യ തിളങ്ങി.

നാലാം മത്സരത്തിൽ വലൻസിയക്കെതിരെ ഒരു ഗോളും ബ്രസീലിയൻ താരം നേടി. ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ഡച്ച് ക്ലബ്ബ് ഫെയ്‌നൂർഡിനെതിരെ ഇരട്ട ഗോളും സ്വന്തമാക്കി താരം തിളങ്ങി.

ലെവന്റക്കെതിരെ മാത്രമാണ് താരത്തിന് ഗോൾ നേടാൻ സാധിക്കാതെ പോയത്. ലാ ലിഗയിലെ അവസാന രണ്ട് മത്സരത്തിലും ഹാട്രിക് പൂർത്തിയാക്കിയാണ് താരം കരുത്തുകാട്ടിയത്.

സീസണിൽ കളിച്ച ഏഴ് മത്സരത്തിൽ ഏഴിലും വിജയിച്ച ബാഴ്‌സ 21 പോയിന്റുമായാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ലാ ലിഗയിൽ ഗെറ്റാഫെയ്‌ക്കെതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം. ഒക്‌ടോബർ പത്തിന് നടക്കുന്ന മത്സരത്തിന് ക്യാമ്പ് നൗവാണ് വേദി.

Content Highlight: Raphinha create a new history for Barcelona

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more