2026 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് ഇടമില്ലാത്തതില്‍ പ്രതികരണവുമായി ബാഴ്‌സ സൂപ്പര്‍ താരവും കാനറികളുടെ മുന്നേറ്റ നിരയിലെ പ്രധാനിയുമായ റഫീന്യ. നെയ്മര്‍ ലോകകപ്പ് കളിക്കണമെന്നാണ് താന്‍ വ്യക്തിപരമായി ആഗ്രഹിക്കുന്നതെന്നായിരുന്നു റഫീന്യ പറഞ്ഞത്.
‘നെയ്മര്‍ ആരാധകന്‍ എന്ന നിലയില്‍ നെയ്മര്‍ ദേശീയ ടീമിലേക്ക് മടങ്ങിയെത്തുമെന്ന് തന്നെയാണ് ഞാന്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ ക്വാളിറ്റിയെ കുറിച്ച് ആര്‍ക്കും ഒരു സംശയവുമില്ല. ടീം സെലക്ഷന്‍ അന്തിമമാക്കുമ്പോള്‍ അദ്ദേഹം ഞങ്ങള്‍ക്കൊപ്പമുണ്ടാകും.
ഒരു മത്സരത്തിന്റെ ഫലം, അതിപ്പോള്‍ ലോകകപ്പ് മത്സരമാണെങ്കില്‍ പോലും അതിന്റെ ഫലം പൂര്‍ണായും മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് അദ്ദേഹം. നെയ്മര്‍ വീണ്ടും ബ്രസീല്‍ ജേഴ്‌സിയണിഞ്ഞ് ഞങ്ങള്‍ക്കൊപ്പം കളിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍,’ റഫീന്യ പറഞ്ഞു.
സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിക്കാതെ പോയതോടെ നെയ്മര്‍ വൈകാരികമായി പ്രതികരിച്ചിരുന്നു. സെലക്ഷനില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് തന്നെ സങ്കടപ്പെടുത്തിയെന്ന് നെയ്മര്‍ വ്യക്തമാക്കിയിരുന്നു
‘എനിക്ക് ഈ സാഹചര്യത്തില്‍ നിശബ്ദനായി ഇരിക്കാന്‍ സാധിക്കില്ല. ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതില്‍ തീര്‍ച്ചയായും സങ്കടവും നിരാശയുമുണ്ട്. എന്റെ ലക്ഷ്യത്തില്‍ മാറ്റമൊന്നുമില്ല. ഓരോ ദിവസവും ഓരോ പരിശീലന സെഷനിലും ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കും. നമ്മള്‍ ലക്ഷ്യത്തിലെത്തും. ലോകകപ്പിനായുള്ള അവസാന ടീം പ്രഖ്യാപനം ഇനിയും വരാനുണ്ട്. എന്റെ സ്വപ്നം ഇപ്പോഴും ബാക്കിയാണ്,’ എന്നായിരുന്നു നെയ്മര്‍ പറഞ്ഞത്.
ഇത് അന്തിമ ടീമല്ലെന്ന് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി പറഞ്ഞിരുന്നു. ജൂണില്‍ നടക്കുന്ന ലോകകപ്പിന് മുമ്പ് ശാരീരിക ക്ഷമത കൈവരിക്കുന്ന താരങ്ങളെ ഉള്‍പ്പെടുത്തുമെന്നും കാര്‍ലെറ്റോ വ്യക്തമാക്കിയിരുന്നു.
നിലവില്‍ ബ്രസീലിയന്‍ സീരി എ-യില്‍ തന്റെ ബോയ്ഹുഡ് ടീമായ സാന്റോസിനായാണ് നെയ്മര്‍ പന്ത് തട്ടുന്നത്.
ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സിനെയും ക്രൊയേഷ്യയെയുമാണ് ബ്രസീല്‍ നേരിടുക. മാര്‍ച്ച് 26നാണ് ബ്രസീല്‍ ഫ്രാന്‍സിനെതിരെ കളത്തിലിറങ്ങുന്നത്. ബോസ്റ്റണാണ് വേദി. മാര്‍ച്ച് 31ന് ഓര്‍ലാന്‍ഡോയില്‍ ക്രൊയേഷ്യയെയും മഞ്ഞക്കുപ്പായക്കാര്‍ നേരിടും.
ഗോള്‍കീപ്പര്‍മാര്‍: അലിസണ്‍ ബെക്കര്‍ (ലിവര്‍പൂള്‍), ബെന്റോ (അല്‍ നസര്‍), എഡേഴ്‌സണ്‍ (ഫെനര്‍ബാഷ്)
ഡിഫന്‍ഡര്‍മാര്‍: വെസ്‌ലി (എ.എസ് റോമ), അലക്സ് സാന്‍ഡ്രോ (ഫ്‌ളമെന്‍ഗോ), ഡഗ്ലസ് സാന്റോസ് (സെനിത് സെന്റ് പീറ്റേഴ്സ്ബര്‍ഗ്), മാര്‍ക്വിനോസ് (പി.എസ്.ജി), ഗബ്രിയേല്‍ മഗല്‍ഹൈസ് (ആഴ്സണല്‍), ബ്രേമര്‍ (യുവന്റസ്), ഡാനിലോ (ഫ്‌ളമെന്‍ഗോ), ഇബനേസ് (അല്‍ ആഹ്‌ലി), ലിയോ പെരേര (ഫ്‌ളമെന്‍ഗോ).
മിഡ്ഫീല്‍ഡര്‍മാര്‍: ആന്‍ഡ്രി സാന്റോസ് (ചെല്‍സി), കാസെമിറോ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), ഡാനിലോ (ബൊട്ടാഫോഗോ), ഫബിനിയോ (അല്‍ ഇത്തിഹാദ്), ഗബ്രിയേല്‍ സാര (ഗളറ്റസാരെ)
ഫോര്‍വേര്‍ഡ്: എന്‍ഡ്രിക് (ഒളിമ്പിക് ലിയോണൈസ്), ഇഗോര്‍ തിയാഗോ (ബ്രെന്റ്ഫോര്‍ഡ്), ലൂയിസ് ഹെന്‌റിക്ക് (സെനിത് സെന്റ് പീറ്റേഴ്സ്ബര്‍ഗ്), റയാന്‍ (ബോണ്‍മൗത്ത്), ജാവോ പെഡ്രോ (ചെല്‍സി), ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി (ആഴ്സണല്‍), മത്തേയൂസ് കുന്‍ഹ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), റഫീന്യ (ബാഴ്സലോണ), വിനീഷ്യസ് ജൂനിയര്‍ (റയല്‍ മാഡ്രിഡ്)
ലോകകപ്പില്‍ ഗ്രൂപ്പ് സി-യിലാണ് ബ്രസില്‍ ഇടം നേടിയിരിക്കുന്നത്. ഹെയ്തി, മൊറാക്കോ, സ്‌കോട്ലാന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
Content Highlight: Raphinha about Neymar