| Thursday, 31st July 2025, 7:27 am

വേടനെതിരെ പീഡന പരാതി; കേസെടുത്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: റാപ്പർ വേടനെതിരെ ബലാത്സംഗ പരാതി. കോട്ടയം സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. ഇവരുടെ മൊഴി തൃക്കാക്കര പൊലീസ് രേഖപ്പെടുത്തി. ഇന്നലെ രാത്രിയാണ് പരാതി ലഭിക്കുന്നത്. 2021 മുതൽ 2023 വരെ വിവാഹവാഗ്‌ദാനം നൽകി പീഡിപ്പച്ചെന്ന യുവ ഡോക്ടർ നൽകിയ പരാതിയിൽ മേൽ വേടനെതിരെ കേസ് എടുത്തിട്ടുണ്ട്. ഉടനെത്തന്നെ നോട്ടീസ് നൽകി ചോദ്യം ചെയ്യലിനായി വേടനെ വിളിപ്പിക്കും.

ഐ.പി.സി 376 (2) (n) വകുപ്പനുസരിച്ച് ഒരേ സ്ത്രീയെ ഒന്നിലേറെ തവണ ബലാൽസംഗം ചെയ്തെന്ന കേസാണ് വേടനെതിരെ എടുത്തിരിക്കുന്നത്. 2021 ആഗസ്റ്റ് മുതൽ 2023 മാർച്ച് മാസം വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് വേടൻ പീഡിപ്പിച്ചുവെന്നും വിവാഹ വാഗ്‌ദാനം നൽകിയായിരുന്നു പീഡനമെന്നും യുവതിയുടെ മൊഴിയുണ്ട്.

തുടർച്ചയായ പീഡനശേഷം വിവാഹ വാഗ്‌ദാനത്തിൽ നിന്ന് വേടൻ പിൻമാറി. വേടന്റെ പിൻമാറ്റം തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകൾ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നൽകാതിരുന്നത് എന്നും യുവതി പൊലീസിനോട് പറഞ്ഞു.

നേരത്തെ വേടന്റെ കൊച്ചിയിലെ വൈറ്റിലയ്ക്കടുത്തുള്ള ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. അഞ്ച് ഗ്രാം കഞ്ചാവ് ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയെന്നാണ് പൊലീസിന്റെ വിശദീകരണം. തൃപ്പൂണിത്തറ പൊലീസാണ് കഞ്ചാവ് പിടിച്ചെടുത്തത്.

റെയ്ഡിന്റെ സമയത്ത് വേടന്റെ കൂടെ മറ്റ് എട്ട് പേര്‍കൂടി ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നു.ഇവരുടെ അറസ്റ്റ് പൊലീസ് പിന്നീട് രേഖപ്പെടുത്തി. കണ്ടെടുത്ത കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ മറ്റ് എട്ട് പേരേയും ജാമ്യത്തില്‍ വീട്ടെങ്കിലും പുലിപ്പല്ല് കൈവശം വെച്ചു എന്നാരോപിച്ച് വേടനെ വനംവകുപ്പിന് കൈമാറുകയായിരുന്നു.

Content Highlight: Rape Case Register Against Rapper Vedan

We use cookies to give you the best possible experience. Learn more