ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ വേദിയില്‍ കഴിഞ്ഞദിവസം നടന്ന സംഭവങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ദേശീയ അവാര്‍ഡ് ജേതാവായ റിഷബ് ഷെട്ടിയും കാന്താര ചാപ്റ്റര്‍ വണ്ണിന്റെ അണിയറപ്രവര്‍ത്തകരും പങ്കെടുത്ത പ്രത്യേക പരിപാടിയില്‍ അവതാരകനായെത്തിയത് ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങായിരുന്നു.
തന്റെ പുതിയ ചിത്രമായ ധുരന്ധറിന്റെ പ്രൊമോഷനൊപ്പം കാന്താര ചാപ്റ്റര്‍ വണ്ണിനെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ രണ്‍വീര്‍ അഭിനന്ദിക്കുകയും ചെയ്തു. വേദിയിലിരുന്ന റിഷബിനെ ആലിംഗനം ചെയ്യുകയും കാന്താരയുടെ ക്ലൈമാക്‌സ് അനുകരിക്കുകയും ചെയ്താണ് രണ്‍വീര്‍ തന്റെ അഭിനന്ദനം അറിയിച്ചത്. ചിത്രത്തെക്കുറിച്ച് രണ്‍വീര്‍ പറഞ്ഞ വാക്കുകള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ചില ഹിന്ദുത്വപേജുകള്‍.
Ranveer/ Screen grab/ Mana stars
‘ആദ്യ ഭാഗത്തിലേത് പോലെ ഇതിലും റിഷബ് ഞെട്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ക്ലൈമാക്‌സില്‍ ആ പെണ്‍ പ്രേതം ദേഹത്ത് കയറുന്ന സീന്‍ (കണ്ണ് പുറത്തേക്ക് തള്ളിക്കൊണ്ട് അനുകരിക്കുന്നു) ശരിക്കും ഞെട്ടിച്ചു. കാന്താരയുടെ മൂന്നാം ഭാഗത്തില്‍ ഞാനും ഭാഗമാകുന്നത് ഇഷ്ടമാണോ, എന്നെയും പരിഗണിക്കണം’ രണ്‍വീര്‍ സിങ് പറഞ്ഞു.
ചാമുണ്ഡി ദേവിയെ പ്രേതമെന്ന് വിളിച്ച് രണ്‍വീര്‍ അപമാനിച്ചെന്നാണ് ഹിന്ദുത്വ പേജുകള്‍ ആരോപിക്കുന്നത്. ദൈവവും പ്രേതവും തമ്മിലുള്ള വ്യത്യാസം അറിയാതെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ബോളിവുഡ് എപ്പോഴും ഹിന്ദുക്കള്‍ക്കും ഹിന്ദു ദൈവങ്ങള്‍ക്കും എതിരായിട്ടാണ് പ്രവര്‍ത്തിക്കാറുള്ളതെന്നും ചില പേജുകള്‍ ആരോപിക്കുന്നു.
Ranveer/ Screen grab/ Gulte
‘ക്യാമറക്ക് പിന്നില്‍ എപ്പോഴും കോമാളിക്കളി മാത്രമേ രണ്‍വീര്‍ ചെയ്യാറുള്ളൂ. പക്ഷേ, ഹിന്ദു ധര്‍മത്തെയും ഹിന്ദു ദൈവങ്ങളെയും തൊട്ടുകളിക്കണ്ട’, ‘ഇവനൊക്കെ പ്രസംഗിക്കാന്‍ സ്റ്റേജ് കൊടുത്തവരെ ആദ്യം തല്ലണം’, ‘സ്വന്തം സിനിമയെ കളിയാക്കുന്നത് കണ്ടിട്ടും അയാളെ തല്ലാതിരുന്നത് റിഷബിന്റെ മാന്യത’ എന്നിങ്ങനെയാണ് പല പോസ്റ്റുകളും. രണ്‍വീറിനെ സംസാരിക്കാന്‍ അനുവദിച്ച സംവിധായകന്‍ ആദിത്യ ധറിനെയും വിമര്‍ശിക്കുന്നവരുണ്ട്.
രണ്‍വീറിന്റെ പങ്കാളി ദീപികയെയും ചിലര്‍ ഈ പ്രശ്‌നത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ഹിന്ദു വിരോധിയും ഇന്ത്യാ വിരോധിയുമാണ് രണ്‍വീറിന്റെ ഭാര്യ ദീപികയെന്നും കുടുംബം മുഴുവന്‍ ഹിന്ദു ധര്‍മത്തെ കളിയാക്കുന്നവരാണെന്നും ചിലര്‍ കമന്റ് പങ്കുവെച്ചു. ചാമുണ്ഡി ദേവിയെ അപമാനിച്ച രണ്‍വീര്‍ മാപ്പ് പറയണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.
പുതിയ ചിത്രമായ ധുരന്ധര്‍ റിലീസ് ചെയ്യാനിരിക്കെ രണ്‍വീറിന്റെ ഈ പരാമര്‍ശം വിവാദത്തിലായിരിക്കുകയാണ്. താരം മനപൂര്‍വം വിവാദമുണ്ടാക്കിയതാണെന്നും സിനിമ ഹിറ്റാക്കാനുള്ള നീക്കമാണിതെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ധുരന്ധര്‍ ഡിസംബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.
Content Highlight: Ranveer Singh’s statement about Kantara Chapter One became controversial