മൂന്ന് മാസത്തെ ഇടവേളയില്‍ ബോക്‌സ് ഓഫീസില്‍ രണ്ടാമത്തെ 1000 കോടി ചിത്രവുമായി സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് രണ്‍വീര്‍ സിങ്. കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത ധുരന്ധര്‍ 2 ഒരാഴ്ചക്കുള്ളില്‍ റെക്കോഡ് കളക്ഷനാണ് നേടിയത്. രണ്‍വീര്‍ സിങ്ങിലെ നടനും താരവും ഒരുപോലെ അഴിഞ്ഞാടിയ ചിത്രങ്ങളിലൊന്നാണ് ധുരന്ധറെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.
പാകിസ്ഥാനിലെ അധോലോകത്തിലേക്ക് നുഴഞ്ഞുകയറുന്ന ഹംസ/ ജസ്‌കീരത് സിങ് രംഗി എന്ന കഥാപാത്രമായാണ് രണ്‍വീര്‍ ധുരന്ധറില്‍ വേഷമിടുന്നത്. രണ്‍വീറിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് ധുരന്ധറിലേതെന്ന് പല ബോളിവുഡ് സിനിമാപേജുകളും അഭിപ്രായപ്പെട്ടു. എന്നാല്‍ ധുരന്ധറിനെക്കാള്‍ രണ്‍വീറിലെ നടനെ മാക്‌സിമം ഊറ്റിയെടുത്ത മറ്റൊരു ചിത്രമാണ് സിനിമാപ്രേമികള്‍ക്കിടയില്‍ വൈറലാകുന്നത്.
2021ല്‍ റിലീസായ 83 എന്ന ചിത്രമാണ് രണ്‍വീറിന്റെ കരിയര്‍ ബെസ്റ്റെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രം 1983ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് വിജയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അന്നത്തെ ഇന്ത്യന്‍ ടീം ക്യാപ്റ്റനായ കപില്‍ ദേവിന്റെ വേഷമായിരുന്നു രണ്‍വീര്‍ ചെയതത്.
രണ്‍വീര്‍ സിങ് 83 Photo: Screen grab/ Jio Hotstar
ലുക്കിലും ഗെറ്റപ്പിലും കപില്‍ ദേവിനെ പൂര്‍ണമായും തന്നിലേക്ക് ആവാഹിച്ച പ്രകടനമായിരുന്നു രണ്‍വീറിന്റേത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ ചിത്രം വന്‍ പരാജയമായി മാറി. 250 കോടിയിലൊരുങ്ങിയ ചിത്രം 194 കോടി മാത്രമായിരുന്നു നേടിയത്. കൊവിഡിന്റെ രണ്ടാം വ്യാപനത്തിനിടയിലായിരുന്നു ചിത്രത്തിന്റെ റിലീസ്. തെലുങ്ക് ചിത്രം പുഷ്പയുമായുള്ള ക്ലാഷും 83ക്ക് തിരിച്ചടിയായി.
250 കോടി ബജറ്റിന്റെ എല്ലാ പെര്‍ഫക്ഷനും ചിത്രത്തിനുണ്ടായിരുന്നു. എന്നാല്‍ ബോളിവുഡ് സിനിമാപ്രേമികള്‍ പരാജയപ്പെടുത്തിയ 83ക്ക് ആയിരം കോടി ക്ലബ്ബില്‍ ഇടം പിടിക്കാനുള്ള എല്ലാ അര്‍ഹതയുമുണ്ടായിരുന്നെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ചിത്രത്തിലെ പ്രകടനത്തിന് രണ്‍വീര്‍ ദേശീയ അവാര്‍ഡിന് അര്‍ഹനായിരുന്നുവെന്നും ആ വര്‍ഷം പുഷ്പയിലെ പ്രകടനത്തിന് അല്ലു അര്‍ജുന് ദേശീയ അവാര്‍ഡ് നല്‍കിയത് മോശമായെന്നും ചിലര്‍ കമന്റുകള്‍ പങ്കുവെക്കുന്നുണ്ട്.
ഇപ്പോഴായിരുന്നു റിലീസെങ്കില്‍ ധുരന്ധര്‍ പോലെ വന്‍ വിജയമായി 83 മാറിയേനെയെന്നും ചിലര്‍ തങ്ങളുടെ പോസ്റ്റില്‍ പറയുന്നു. ഗംഭീര പെര്‍ഫോമറായിരുന്നിട്ടും രണ്‍വീറിന് അര്‍ഹിച്ച അംഗീകാരം ഇപ്പോഴാണ് ലഭിച്ചതെന്നും കമന്റുകളുണ്ട്. എല്ലാം ഒത്തുവന്നാല്‍ ധുരന്ധറിലെ പ്രകടനത്തിന് കരിയറിലെ ആദ്യ ദേശീയ അവാര്‍ഡ് രണ്‍വീര്‍ സ്വന്തമാക്കുമെന്നും ചിലര്‍ പ്രവചിക്കുന്നു.
Content Highlight: Ranveer Singh’s performance in 83 movie getting appreciations after the success of Dhurandhar
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ