| Wednesday, 1st April 2026, 9:38 pm

ഓനെക്കൊണ്ട് കൂട്ടിയാ കൂടൂല സാറേ, ധുരന്ധറിലെ പുതിയ ഗാനത്തിന് പിന്നാലെ രണ്‍വീര്‍- അക്ഷയ് ഖന്ന താരതമ്യവുമായി സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

ബോക്‌സ് ഓഫീസിലെ റെക്കോഡുകളൊന്നും ബാക്കിവെക്കാതെ എല്ലാം തകര്‍ത്തുകൊണ്ട് കുതിക്കുകയാണ് ബോളിവുഡ് ചിത്രം ധുരന്ധര്‍ 2. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ 1400 കോടിയിലേറെ ചിത്രം നേടിക്കഴിഞ്ഞു. ലോങ് റണ്‍ ലഭിക്കുകയാണെങ്കില്‍ ഇന്ത്യന്‍ സിനിമയിലെ ആദ്യ 2000 കോടി ധുരന്ധര്‍ 2 സ്വന്തമാക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

എന്നാല്‍ ചിത്രം ഗംഭീര കളക്ഷന്‍ നേടുമ്പോഴും പലരും ചൂണ്ടിക്കാണിക്കുന്ന കുറവുകളിലൊന്നാണ് അക്ഷയ് ഖന്നയുടെ അസാന്നിധ്യം. ബോക്‌സ് ഓഫീസില്‍ വീണുപോയേക്കാവുന്ന ചിത്രത്തെ കൈപിടിച്ചുയര്‍ത്തിയത് അക്ഷയ് ഖന്നയാണ്. സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടും പെര്‍ഫോമന്‍സ് കൊണ്ടും ധുരന്ധര്‍ 1ലെ ഷോ സ്റ്റീലര്‍ അക്ഷയ് ഖന്ന അവതരിപ്പിച്ച റഹ്‌മാന്‍ ദാക്കൈത്തായിരുന്നു.

എന്നാല്‍ രണ്ടാം ഭാഗത്തില്‍ റഹ്‌മാന്‍ ദാക്കൈത്തിനെപ്പോലെ ശക്തനായ ഒരു വില്ലനില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടതോടെ മറ്റൊരു ചര്‍ച്ചക്ക് തുടക്കമായിരിക്കുകയാണ്. രണ്‍വീര്‍ അവതരിപ്പിച്ച ഹംസ അലി മസാരി ബലോച് ജനതയുടെ നേതാവായി മാറുന്ന ഭാഗത്ത് പ്ലെയ്‌സ് ചെയ്ത ‘ഷേര്‍- ഇ ബലോച്’ എന്ന ഗാനമാണ് പുറത്തുവിട്ടത്.

ആദ്യഭാഗത്തില്‍ അക്ഷയ് ഖന്നക്കും ഇത്തരമൊരു ഗാനമുണ്ടായിരുന്നു. F9LA എന്ന ബാന്‍ഡിന്റെ ‘ഫ്‌ളിപ്പറാച്ചി’ എന്ന ഗാനമായിരുന്നു ഈ സീനില്‍ ഉപയോഗിച്ചത്. നായകനായ രണ്‍വീറിനെപ്പോലും സൈഡാക്കുന്ന തരത്തിലുള്ള സ്‌ക്രീന്‍ പ്രസന്‍സായിരുന്നു ഈ ഗാനരംഗത്തില്‍ അക്ഷയ് ഖന്നയുടേത്. പാട്ടിനൊപ്പം അക്ഷയ് ഖന്നയുടെ ഐക്കോണിക് ഡാന്‍സ് സ്‌റ്റെപ്പ് കൂടിയായപ്പോള്‍ ഈ രംഗം വേറെ ലെവലായി.

എന്നാല്‍ അതേ രംഗം രണ്ടാം ഭാഗത്തില്‍ പുനരാവിഷ്‌കരിച്ചപ്പോള്‍ രണ്‍വീര്‍ സിങ്ങിന് അക്ഷയ് ഖന്നയുടെ പകുതി സ്വാഗ് പോലും ആവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലും അഭിപ്രായപ്പെടുന്നത്. ധുരന്ധറില്‍ ഹംസ റഹ്‌മാന് മുന്നില്‍ തോറ്റുപോയത് ഈയൊരൊറ്റ കാര്യത്തിലാണെന്നും ചില കമന്റുകളുണ്ട്.

സ്‌ക്രീന്‍ പ്രസന്‍സിന്റെ കാര്യത്തില്‍ അക്ഷയ് ഖന്നയുടെ പാട്ടാണ് ഗംഭീരമെങ്കിലും കൊറിയോഗ്രഫിയുടെ കാര്യത്തില്‍ രണ്ടാം ഭാഗത്തിലെ പാട്ടാണ് മുന്നിട്ട് നില്‍ക്കുന്നതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ബലോച് സ്‌റ്റൈല്‍ ഡാന്‍സിനൊപ്പം ചാടിക്കൊണ്ടുള്ള ഗണ്‍ ഫയറിങ് വേറെ ലെവലായെന്നാണ് കമന്റുകള്‍. അറബിക് സ്റ്റൈലിലുള്ള ഗാനം ഇതിനോടകം പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുകയാണ്.

യാതൊരു മുന്നൊരുക്കവുമില്ലാതെ ഷോട്ടെടുക്കുന്നതിന് തൊട്ടുമുമ്പാണ് അക്ഷയ് ഖന്ന തന്റെ ഡാന്‍സിനെക്കുറിച്ച് സംവിധായകനോട് സംസാരിച്ചതെന്ന് ധുരന്ധര്‍ ഹിറ്റായതിന് പിന്നാലെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ ഡാന്‍സിന്റെ തിയേറ്റര്‍ ക്ലിപ് വൈറലായതിന് പിന്നാലെയാണ് ധുരന്ധര്‍ ബോക്‌സ് ഓഫീസില്‍ കുതിച്ചുകയറിയത്.

Content Highlight: Ranveer Singh Akshaye Khanna Comparison viral after Dhurandhar 2 new song

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more