കാന്താരയിലെ റിഷബ് ഷെട്ടിയെ വേദിയില്‍ വെച്ച് അനുകരിച്ചതിന് നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടതിന് പിന്നാലെ മാപ്പ് പറഞ്ഞ് നടന്‍ രണ്‍വീര്‍ സിങ്.
റിഷബിന്റെ അസാമാന്യ പ്രകടനത്തെ എടുത്തു കാണിക്കുക എന്നത് മാത്രമായിരുന്നു തന്റെ ഉദ്ദേശമെന്നും ആരുടെയങ്കിലും വികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ അവരോട് ക്ഷമ ചോദിക്കുന്നുവെന്നും രണ്‍വീര്‍ കുറിച്ചു. തന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
Ranveer singh/ Screen grab/ Instagram story
ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ വേദിയില്‍ വെച്ചായിരുന്നു രണ്‍വീര്‍ റിഷബിന്റെ പ്രകടനം അനുകരിച്ചത്. റിഷബ് ഷെട്ടിയും കാന്താര ചാപ്റ്റര്‍ വണ്ണിന്റെ അണിയറപ്രവര്‍ത്തകരും പങ്കെടുത്ത പ്രത്യേക പരിപാടിയില്‍ അവതാരകനായെത്തിയത് ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങായിരുന്നു.
വേദിയിലിരുന്ന റിഷബിനെ ആലിംഗനം ചെയ്യുകയും കാന്താരയുടെ ക്ലൈമാക്സ് അനുകരിക്കുകയും ചെയ്താണ് രണ്‍വീര്‍ തന്റെ അഭിനന്ദനം അറിയിച്ചത്. പിന്നാല താരത്തിന് നേരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ചിത്രത്തെക്കുറിച്ച് രണ്‍വീര്‍ പറഞ്ഞ വാക്കുകള്‍ക്കെതിരെയും ചില ഹിന്ദുത്വപേജുകള്‍ വിമര്‍ശനവുമായി എത്തിയിരുന്നു.
‘റിഷബ് ഷെട്ടി കാന്താരയില്‍ കാഴചവെച്ച അസാമാന്യ പ്രകടനത്തെ എടുത്തു കാണിക്കുക എന്ന ഉദ്ദേശം മാത്രമെ എനിക്കുണ്ടായിരുന്നുള്ളു. ആ ഒരു പര്‍ട്ടികുലര്‍ സീന്‍ ചെയ്യാന്‍ എത്രമാത്രം ബുദ്ധിമുട്ടുണ്ടെന്ന് ഒരു അഭിനേതാവെന്ന നിലയില്‍ എനിക്കറിയാം.
നമ്മുടെ രാജ്യത്തെ എല്ലാ സംസ്‌കാരത്തെയും പാരമ്പര്യത്തെയും വിശ്വാസത്തെയും ആഴത്തില്‍ ബഹുമാനിക്കുന്നയാളാണ് ഞാന്‍. ആരുടെയെങ്കിലും വികാരങ്ങളെ എന്തെങ്കിലും തരത്തില്‍ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു,’ രണ്‍വീര്‍ കുറിച്ചു
അതേസമയം രണ്‍വീറിന്റേതായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ധുരന്ദര്‍. സിനിമ ഡിസംബര്‍ 5ന് റിലീസ് ചെയ്യും. അര്‍ജുന്‍ രാംപാല്‍, സഞ്ജയ് ദത്ത്, ആര്‍ മാധവന്‍, അക്ഷയ് ഖന്ന, സാറാ അര്‍ജുന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Content highlight: Ranveer apologizes for imitating Rishab Shetty in Kantara