| Friday, 1st August 2025, 12:58 pm

മലയാളികൾ ഇത്രമാത്രം ആസ്വദിച്ചുകണ്ട ഒരു സിനിമ സമീപകാലത്ത് ഉണ്ടായിട്ടില്ല: രഞ്ജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ മികച്ച യുവ സംവിധായകരിൽ ഒരാളായ തരുൺ മൂർത്തിയും മലയാളത്തിന്റെ സ്വന്തം മോഹൻലാലും ഒന്നിച്ച ചിത്രമായിരുന്നു തുടരും. രജപുത്ര ഫിലിംസിന്റെ ബാനറിൽ രഞ്ജിത്ത് രജപുത്ര നിർമിച്ച ചിത്രം 200 കോടിക്കുമുകളിൽ ബോക്‌സ്ഓഫീസിൽ നിന്ന് നേടിയിരുന്നു.

ഒരുപാട് കാലത്തിന് ശേഷം മോഹൻലാൽ ഫാൻസിന് ആഘോഷിക്കാനുള്ള ചേരുവകളെല്ലാം ചേർത്തെത്തിയ ചിത്രം ഇന്ത്യക്ക് അകത്തും പുറത്തും വമ്പൻ ഹിറ്റായിരുന്നു. മലയാളികൾ സമീപകാലത്ത് ആസ്വദിച്ച് കണ്ട സിനിമയായിരുന്നു തുടരുമെന്ന് നിർമാതാവ് രഞ്ജിത്ത് രജപുത്ര പറഞ്ഞു.

‘സിനിമ ഇത്ര കോടി കളക്ഷൻ നേടി എന്ന് പറയുന്നതിനെക്കാളും ആ സിനിമ എത്രമാത്രം ആളുകളെ സ്വാധീനിച്ചു, എത്ര ആളുകൾ കണ്ടു എന്നതിലാണ് സന്തോഷം. മലയാളികൾ ഇത്രമാത്രം ആസ്വദിച്ചുകണ്ട ഒരു സിനിമ സമീപകാലയളവിൽ ഉണ്ടായിട്ടില്ല എന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. അതാണ് സിനിമാ ജീവിതത്തിന്റെ ഏറ്റവും വലിയൊരു വിജയം. അതിന് മുകളിൽ ഒന്നുമില്ല,’ രഞ്ജിത്ത് രജപുത്ര പറയുന്നു.

തുടരും പോലെയൊരു സിനിമ വലിയ നഷ്ട‌ത്തിലുള്ള നിർമാതാക്കളുടെ സംഘടനയ്ക്ക് മുന്നിൽ വെയ്ക്കാവുന്ന വലിയൊരു ലാഭചിത്രം ആണെന്നും തിയേറ്ററുകാർക്ക് എന്തെങ്കിലും ലാഭം ഉണ്ടാകുന്നത് ഇങ്ങനെ ഒരു സിനിമ വരുമ്പോഴാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചുരുക്കത്തിൽ ആരാധകരെ മാത്രമല്ല പ്രേക്ഷകരെയും നിർമാതാക്കളെയും തിയേറ്റർ ഉടമകളെയുമെല്ലാം ഒരുപോലെ സന്തോഷിപ്പിച്ച ചിത്രമാണ് തുടരും.

എന്നാൽ ചിത്രം തിയേറ്ററിൽ എത്തിക്കുമ്പോൾ അമിത പ്രതീക്ഷകൾ ഒന്നും തന്നെ തങ്ങൾക്കുണ്ടായിരുന്നില്ലെന്ന് രഞ്ജിത്ത് പറഞ്ഞു. ആളുകൾക്ക് ഇഷ്ടപെടുന്നൊരു സിനിമയായി തുടരും മാറുമെന്ന് ആദ്യം മുതലേ ഉറപ്പുണ്ടായിരുന്നു. എന്നാലും ഒരു സിനിമയുടെ വിജയത്തെ വ്യത്യസ്തമായ ഘടകങ്ങൾ ഉൾപ്പെടുന്നതുകൊണ്ടുതന്നെ ബോക്സ്ഓഫീസിൽ നിന്ന് എത്ര നേടുമെന്ന് ആർക്കും പ്രവചിക്കാൻ കഴിഞ്ഞിരുന്നില്ല.

ഒരു ചെറിയ സിനിമ എന്ന രീതിയിലാണ് പുറത്തിറക്കാൻ ഉദ്ദേശിച്ചതെന്ന് നിർമാതാവ് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ വലിയ രീതിയിൽ പ്രൊമോഷനൊന്നും തുടരുമിന് ഉണ്ടായിരുന്നില്ല. ഒരു ഫീൽ ഗുഡ് ചിത്രം എന്ന മൂഡിലായിരുന്നു ഉണ്ടായിരുന്ന പ്രമോഷനുകൾ നടത്തിയതും. മഹിളാരത്നം മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രഞ്ജിത്ത് രജപുത്ര ഇക്കാര്യം പറഞ്ഞത്.

Content Highlight: Ranjith Talks About Thudarum Movie

Latest Stories

We use cookies to give you the best possible experience. Learn more