| Wednesday, 19th February 2025, 5:55 pm

ഇങ്ങനെ പോയാല്‍ കേരളം ഫൈനല്‍ കളിക്കില്ല; അതിവേഗം ബഹുദൂരം മുന്നേറി ഗുജറാത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫി സെമി ഫൈനലില്‍ കേരളത്തിനെതിരെ മികച്ച നിലയില്‍ ഗുജറാത്ത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സെമി ഫൈനലിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് എന്ന നിലയിലാണ് ഗുജറാത്ത് ബാറ്റിങ് തുടരുന്നത്.

ആദ്യ ഇന്നിങ്‌സില്‍ കേരളം 457 റണ്‍സിന് പുറത്തായിരുന്നു.

മുഹമ്മദ് അസറുദ്ദീന്റെ ക്ലാസിക് ടെസ്റ്റ് അപ്രോച്ചിന് അതിവേഗം റണ്ണടിച്ചുകൂട്ടിയാണ് ഗുജറാത്ത് മറുപടി നല്‍കുന്നത്. ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയാല്‍ മത്സരം സമനിലയില്‍ അവസാനിച്ചാലും ഗുജറാത്ത് ഫൈനല്‍ കളിക്കും.

നിലവിലെ സാഹചര്യത്തിലും ഗുജറാത്തിന്റെ ശക്തമായ ബാറ്റിങ് ലൈനപ്പ് കണക്കിലെടുക്കുമ്പോഴും ഗുജറാത്ത് ആദ്യ ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കാനുള്ള സാധ്യതകള്‍ ഏറെയാണ്.

സെഞ്ച്വറി നേടിയ പ്രിയങ്ക് പാഞ്ചലിന്റെ കരുത്തിലാണ് ഗുജറാത്ത് മികച്ച സ്‌കോറിലേക്ക് കുതിക്കുന്നത്. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 200 പന്തില്‍ പുറത്താകാതെ 117 റണ്‍സ് എന്ന നിലയിലാണ് പാഞ്ചല്‍ ബാറ്റിങ് തുടരുന്നത്. 108 പന്തില്‍ 30 റണ്‍സുമായി മനന്‍ ഹിംഗ്രാജിയയാണ് ക്രീസിലുള്ള മറ്റൊരു താരം.

118 പന്തില്‍ 73 റണ്‍സ് നേടിയ ആര്യ ദേശായിയുടെ വിക്കറ്റാണ് ഗുജറാത്തിന് ആകെ നഷ്ടമായത്. എന്‍. ബേസിലാണ് വിക്കറ്റ് നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളം 187 ഓവറില്‍ 457 റണ്‍സാണ് നേടിയത്. സൂപ്പര്‍ താരം മുഹമ്മദ് അസറുദ്ദീന്റെ കരുത്തിലാണ് കേരളം സാമാന്യം മികച്ച ടോട്ടലിലെത്തിയത്. 341 പന്തുകള്‍ നേരിട്ട താരം 20 ഫോറിന്റെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ പുറത്താകാതെ 177 റണ്‍സ് സ്വന്തമാക്കി.

രഞ്ജി ട്രോഫിയില്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കൂടിയാണിത്.

മുഹമ്മദ് അസറുദ്ദീന് പുറമെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും സല്‍മാന്‍ നിസാറും തിളങ്ങി. ഇരുവരും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. സച്ചിന്‍ ബേബി 69 റണ്‍സടിച്ചപ്പോള്‍ 52 റണ്‍സ് നേടിയാണ് സല്‍മാന്‍ നിസാര്‍ പുറത്തായത്.

അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, ജലജ് സക്സേന എന്നിവരും ടോട്ടലിലേക്ക് തങ്ങളുടേതായ സംഭാവനകള്‍ നല്‍കി.

ഗുജറാത്തിന് വേണ്ടി അര്‍സാന്‍ നഗ്‌വാസ്‌വാല മൂന്ന് വിക്കറ്റ് നേടി. ക്യാപ്റ്റന്‍ ചിന്തന്‍ ഗജ രണ്ട് വിക്കറ്റ് വീഴ്ത്തി. രണ്ട് കേരള താരങ്ങള്‍ റണ്‍ ഔട്ടായപ്പോള്‍ രവി ബിഷ്‌ണോയ്, വിശാല്‍ ജയ്‌സ്വാള്‍, പ്രിയജീത് സിങ് ജഡേജ എന്നിവരാണ് ശേഷിച്ച വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

അതേസമയം മികച്ച റണ്‍ റേറ്റിലാണ് ഗുജറാത്ത് ബാറ്റ് വീശുന്നത്. ശേഷിക്കുന്ന സമയം കൊണ്ട് ഗുജറാത്തിന് കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോര്‍ മറികടക്കാനായാല്‍ ഗുജറാത്ത് ഫൈനലിലേക്ക് കടക്കും.

ഗുജറാത്തിനെ ആദ്യ ഇന്നിങ്‌സ് ലീഡ് നേടാന്‍ അനുവദിക്കാതെ തടഞ്ഞുനിര്‍ത്താന്‍ സാധിച്ചാല്‍ കിരീടത്തിലേക്ക് കേരളത്തിന് ഒരു അടി കൂടി വെക്കാം. എന്നാല്‍ മത്സരം ടൈയില്‍ അവസാനിക്കുകയാണെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയെന്ന കാരണത്താല്‍ ഗുജറാത്ത് കിരീടപ്പോരാട്ടത്തിന് യോഗ്യത നേടും. ഗ്രൂപ്പ് ഘട്ടത്തില്‍ ഗുജറാത്തിന് 32ഉം കേരളത്തിന് 28ഉം പോയിന്റാണുള്ളത്.

Content highlight: Ranji Trophy Semi Final: KER vs GUJ: Day 3 Updates

Latest Stories

We use cookies to give you the best possible experience. Learn more