| Saturday, 18th October 2025, 2:30 pm

സെഞ്ച്വറിയില്‍ ആറാട്ട്; ഇവിടെ സച്ചിനോ വിരാടിനോ സ്ഥാനമില്ല; ഇന്ത്യന്‍ മണ്ണിന്റെ സുല്‍ത്താന്‍

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടവുമായി ജമ്മു കശ്മീര്‍ ക്യാപ്റ്റന്‍ പരാസ് ദോഗ്ര. ഡൊമസ്റ്റിക് റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന രണ്ടാമത് താരമെന്ന ചരിത്ര നേട്ടമാണ് ദോഗ്ര സ്വന്തമാക്കിയത്.

ഷേര്‍ ഇ കശ്മീര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈയ്‌ക്കെതിരെ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് ജമ്മു നായകന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

രഞ്ജി കരിയറിലെ 32ാം സെഞ്ച്വറിയാണ് ദോഗ്ര സ്വന്തമാക്കിയത്. 165 പന്ത് നേരിട്ട താരം 116 റണ്‍സ് നേടിയാണ് മടങ്ങിയത്. 17 ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

രഞ്ജി ട്രോഫിയില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – സെഞ്ച്വറി എന്നീ ക്രമത്തില്‍)

വസീം ജാഫര്‍ – 41

പരാസ് ദോഗ്ര – 32*

അജയ് ശര്‍മ – 31

അമോല്‍ മജുംദാര്‍ – 28

ഹൃഷികേശ് കനിക്തര്‍ – 28

കരിയറില്‍ 143 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് ദോഗ്ര കളിച്ചത്. 48.37 ശരാശരിയില്‍ 9,966 റണ്‍സാണ് ആഭ്യന്തര റെഡ് ബോള്‍ മാച്ചില്‍ ദോഗ്രയുടെ സമ്പാദ്യം. 32 സെഞ്ച്വറിക്ക് പുറമെ 33 അര്‍ധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്. 253 ആണ് ഉയര്‍ന്ന സ്‌കോര്‍.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ സിദ്ധേഷ് ലാഡിന്റെ സെഞ്ച്വറി കരുത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ 368 റണ്‍സ് നേടി. 156 പന്ത് നേരിട്ട താരം 116 റണ്‍സ് നേടി. 91 റണ്‍സടിച്ച ഷാംസ് മുലാനിയാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

ഒന്നാം ഇന്നിങ്‌സില്‍ ദോഗ്രയും സംഘവും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കാന്‍ സാധിച്ചില്ല. ടീം 325ന് പുറത്തായി. 44 റണ്‍സ് നേടിയ അബ്ദുള്‍ സമദും 40 റണ്‍സടിച്ച ആബിദ് മുഷ്താഖുമാണ് ജമ്മു കശ്മീരിന്റെ മറ്റ് സ്‌കോറര്‍മാര്‍.

ആദ്യ ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയ മുംബൈ രണ്ടാം ഇന്നിങ്‌സില്‍ 181ന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആഖിബ് നബിയാണ് മുംബൈയെ തളച്ചത്. യുദ്ധ്‌വീര്‍ സിങ്ങും ആബിദ് മുഷ്താഖും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഉമര്‍ നാസിര്‍ മിര്‍ ഒരു വിക്കറ്റും വീഴ്ത്തി.

243 റണ്‍സ് ലക്ഷ്യമിട്ട് ബാറ്റിങ് തുടരുന്ന കശ്മീര്‍ നിലവില്‍ തോല്‍വി മുമ്പില്‍ കാണുകയാണ്. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ 44 റണ്‍സാണ് ടീമിന് വിജയിക്കാന്‍ വേണ്ടത്.

Content Highlight: Ranji Trophy: Paras Dogra becomes the 2nd best centurion in Ranji history

We use cookies to give you the best possible experience. Learn more