| Thursday, 30th January 2025, 5:37 pm

വെറും രണ്ട് റണ്‍സിന് ആറ് വിക്കറ്റ്; ചരിത്രം, ഐതിഹാസിക നേട്ടത്തില്‍ രോഹിത്തില്ലാത്ത മുംബൈ

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ നോക്ക് ഔട്ട് ലക്ഷ്യമിട്ടാണ് മുംബൈ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങിയിരിക്കുന്നത്. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ മേഘാലയയ്‌ക്കെതിരെ നടക്കുന്ന മത്സരത്തില്‍ ഇന്നിങ്‌സ് വിജയം മാത്രമാണ് അജിന്‍ക്യ രഹാനെയും സംഘവും ലക്ഷ്യമിടുന്നത്.

മത്സരത്തില്‍ ടോസ് നേടിയ മുംബൈ എതിരാളികളെ ബാറ്റിങ്ങിനയയ്ക്കുകയും 86 റണ്‍സ് എന്ന കുഞ്ഞന്‍ സ്‌കോറില്‍ എതിരാളികളെ തളച്ചിടുകയും ചെയ്തു.

ഹാട്രിക് അടക്കം നാല് വിക്കറ്റ് നേടിയ ഷര്‍ദുല്‍ താക്കൂറിന്റെയും മൂന്ന് വിക്കറ്റെടുത്ത സൂപ്പര്‍ താരം മോഹിത് അവസ്തിയുടെയും കരുത്തിലാണ് മുംബൈ മേഘാലയയെ ചെറിയ സ്‌കോറിലൊതുക്കിയത്.

ആദ്യ ഓവര്‍ മുതല്‍ മേഘാലയയുടെ വിക്കറ്റുകള്‍ ആരംഭിച്ച മുംബൈ മൂന്ന് ഓവറിനിടെ അഞ്ച് വിക്കറ്റുകളാണ് പിഴുതെറിഞ്ഞത്.

ആദ്യ ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ നിഷാന്ത ചക്രവര്‍ത്തിയെ പൂജ്യത്തിന് മടക്കി താക്കൂര്‍ വിക്കറ്റ് വേട്ട ആരംഭിച്ചു. രണ്ടാം ഓവറിന്റെ അവസാന പന്തില്‍ വണ്‍ ഡൗണായെത്തിയ കിഷന്‍ ലിംഗോധോയെ പുറത്താക്കി മോഹിത് അവസ്തി ടീമിനെ വീണ്ടും സമ്മര്‍ദത്തിലേക്ക് തള്ളിവിട്ടു.

മൂന്നാം ഓവറിലെ നാലാം പന്തില്‍ താക്കൂര്‍ വീണ്ടും വിക്കറ്റ് നേടി. ബാലചന്ദര്‍ അനിരുദ്ധിനെ ക്ലീന്‍ ബൗള്‍ഡാക്കിയ താക്കൂര്‍ തൊട്ടടുത്ത പന്തില്‍ സുമിത് കുമാറിനെ ഷാംസ് മുലാനിയുടെ കൈകളിലെത്തിച്ചും മടക്കി. പിന്നാലെയെത്തിയ ജാസ്‌കിരാത് സിങ് സച്ച്ദേവയെ ക്ലീന്‍ ബൗള്‍ഡാക്കി താക്കൂര്‍ തന്റെ ഹാട്രിക്കും പൂര്‍ത്തിയാക്കി.

രണ്ട് റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ നാലാം ഓവര്‍ എറിയാനെത്തിയ അവസ്തി ആദ്യ പന്തില്‍ തന്നെ വിക്കറ്റ് കീപ്പര്‍ അര്‍പ്പിത് ഭതേവരെയെയും പുറത്താക്കി. ഇതോടെ മേഘാലയ 2/6 എന്ന നിലയിലേക്ക് കൂപ്പുകുത്തി.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും മുംബൈയെ തേടിയെത്തി. രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ ഏറ്റവും കുറവ് റണ്‍സിന് ആറ് വിക്കറ്റ് നേടിയ ടീം എന്ന നേട്ടമാണ് മുംബൈ സ്വന്തമാക്കിയത്.

ലിസ്റ്റ് എ ഫോര്‍മാറ്റില്‍ ഈ നേട്ടത്തിന്റെ പട്ടികയെടുക്കുമ്പോള്‍ രണ്ടാം സ്ഥാനത്താണ് മുംബൈയുടെ ഈ പ്രകടനം അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്.

1872ല്‍ മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബും സറേയും തമ്മില്‍ നടന്ന മത്സരത്തില്‍ 0/6 എന്ന നിലവിലേക്ക് മെറില്‍ബോണിനെ ചുരുട്ടിക്കെട്ടിയ സറേയുടെ പേരാണ് ഈ നേട്ടത്തില്‍ ഒന്നാമതുള്ളത്.

അതേസമയം, ടോപ് ഓര്‍ഡറും മിഡില്‍ ഓര്‍ഡറും ചീട്ടുകൊട്ടാരത്തേക്കാള്‍ വേഗത്തില്‍ തകര്‍ന്നപ്പോള്‍ പത്താം നമ്പറിലിറങ്ങിയ ഹേമന്ത് പുകാനാണ് ടോപ് സ്‌കോററായത്. 24 പന്തില്‍ 28 റണ്‍സാണ് താരം നേടിയത്. പ്രിങ്സാങ് സാങ്മ (39 പന്തില്‍ 19), അനിഷ് ചരക് (29 പന്തില്‍ 17), ക്യാപ്റ്റന്‍ ആകാശ് ചൗധരി (36 പന്തില്‍ 16) എന്നിവര്‍ക്ക് മാത്രമാണ് മേഘാലയ ബാറ്റിങ് യൂണിറ്റില്‍ ഇരട്ടയക്കം കണ്ടെത്താന്‍ സാധിച്ചത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ മേഘാലയ 86ന് പുറത്തായി.

താക്കൂറിനും അവസ്തിക്കും പുറമെ രണ്ട് വിക്കറ്റ് നേടിയ സില്‍വെസ്റ്റര്‍ ഡിസൂസയും ഒരു വിക്കറ്റുമായി ഷാംസ് മുലാനിയും തിളങ്ങി.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ആദ്യ ദിനം ചായയ്ക്ക് പിരിയുന്നതിന് മുമ്പ് തന്നെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയിരുന്നു.

നിലവില്‍ ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോള്‍ 127 റണ്‍സിന് മുമ്പിലാണ് മുംബൈ. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 213 എന്ന നിലയിലാണ് ടീം ഒന്നാം ദിനം അവസാനിപ്പിച്ചത്.

രോഹിത് ശര്‍മയുടെയും യശസ്വി ജെയ്‌സ്വാളിന്റെയും അഭാവത്തില്‍ ആയുഷ് മാത്രെയും സിദ്ധേഷ് ലാഡുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. മാത്രെ നാല് പന്തില്‍ അഞ്ച് റണ്‍സിന് പുറത്തായപ്പോള്‍ 43 പന്തില്‍ 28 റണ്‍സാണ് ലാഡ് സ്വന്തമാത്തിയത്. 155 പന്തില്‍ 89 റണ്‍സുമായി സിദ്ധേഷ് ലാഡും 152 പന്തില്‍ 83 റണ്‍സുമായി അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍.

Content Highlight: Ranji Trophy: Mumbai vs Meghalaya, Mumbai set an unique record

We use cookies to give you the best possible experience. Learn more