രഞ്ജി ട്രോഫിയില്‍ ബംഗാളിനായി വീണ്ടും തിളങ്ങി മുഹമ്മദ് ഷമി. തന്റെ ഫിറ്റ്‌നസിനെയും ദേശീയ ടീമിലെ സ്ഥാനത്തെയും ചോദ്യം ചെയ്തവരുടെയും സംശയിച്ചവരുടെയും വായടപ്പിക്കുന്ന മറുപടി മികച്ച ബൗളിങ്ങ് പ്രകടനത്തിലൂടെ നല്‍കിയാണ് ഷമി കരുത്ത് കാട്ടിയത്. രണ്ട് ഇന്നിങ്‌സുകളില്‍ നിന്നും എട്ട് വിക്കറ്റുകളാണ് ഷമി സ്വന്തമാക്കിയത്.
ആദ്യ ഇന്നിങ്‌സില്‍ 44 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ താരം രണ്ടാം ഇന്നിങ്‌സില്‍ 35 റണ്‍സിന് അഞ്ച് വിക്കറ്റും സ്വന്തമാക്കി.
ടൂര്‍ണമെന്റിലെ രണ്ട് മത്സരത്തില്‍ നിന്നുമായി ഇതിനോടകം 15 വിക്കറ്റുകള്‍ ഷമി സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം, ഗുജറാത്തിനെതിരായ മത്സരത്തില്‍ ബംഗാള്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 141 റണ്‍സിന്റെ വിജയമാണ് ടീം സ്വന്തമാക്കിയത്.
സ്‌കോര്‍
ബംഗാള്‍: 279 & 214/8d
ഗുജറാത്ത്: 167 & 185
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗാളിന് തുടക്കം പിഴച്ചെങ്കിലും സുമന്ത ഗുപ്ത, സുദീപ് കുമാര്‍ ഘരാമി, അഭിഷേക് പോരല്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികള്‍ ടീമിനെ താങ്ങി നിര്‍ത്തി. ഗുപ്ത 115 പന്തില്‍ 63 റണ്‍സ് നേടിയപ്പോള്‍ ഘരാമി 90 പന്തില്‍ 56 റണ്‍സും നേടി. 51 റണ്‍സാണ് പോരലിന്റെ സമ്പാദ്യം.
ഗുജറാത്തിനായി സിദ്ധാര്‍ത്ഥ് ദേശായി നാല് വിക്കറ്റ് വീഴ്ത്തി. ചിന്തന്‍ ഗജ, പ്രിയജിത്സിങ് ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും അര്‍സന്‍ നഗ്വാസ്വാല, വിശാല്‍ ജയ്‌സ്വാള്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യ ഇന്നിങ്‌സിനിറങ്ങിയ ഗുജറാത്ത് നിരയില്‍ ക്യാപ്റ്റന്‍ മനന്‍ ഹിംഗ്രാജിയക്ക് മാത്രമാണ് പൊരുതാന്‍ സാധിച്ചത്. 252 പന്ത് നേരിട്ട താരം 80 റണ്‍സ് നേടി. 19 റണ്‍സടിച്ച സിദ്ധാര്‍ത്ഥ് ദേശായി ആണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
ആറ് വിക്കറ്റുമായി തിളങ്ങിയ ഷഹബാസ് അഹമ്മദാണ് ഗുജറാത്തിന് പിടിച്ചുകുലുക്കിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷമിക്ക് പുറമെ ഒരു വിക്കറ്റുമായി ആകാശ് ദീപും തിളങ്ങി.
ആദ്യ ഇന്നിങ്‌സ് ലീഡുമായി കളത്തിലിറങ്ങിയ ബംഗാള്‍ രണ്ടാം ഇന്നിങ്‌സിലും തകര്‍ത്തടിച്ചു. സുദീപ് കുമാര്‍ ഘരാമിയും (93 പന്തില്‍ 54 റണ്‍സ്), അനുഷ്ടുപ് മജുംദാര്‍ (91 പന്തില്‍ 58) എന്നിവരുടെ കരുത്തില്‍ 214/8 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
327 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിന് 185 റണ്‍സ് മാത്രമാണ് ടോട്ടലിലേക്ക് ചേര്‍ത്തുവെക്കാന്‍ സാധിച്ചത്. 124 പന്തില്‍ പുറത്താകാതെ 109 റണ്‍സടിച്ച ഉര്‍വില്‍ പട്ടേലാണ് ടോപ് സ്‌കോറര്‍. ജയ്മീത് പട്ടേല്‍ (105 പന്തില്‍ 45), ആര്യ ദേശായി (21 പന്തില്‍ 13) എന്നിവരാണ് രണ്ടാം ഇന്നിങ്‌സില്‍ ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.
അഞ്ച് വിക്കറ്റുമായി ഷമി തിളങ്ങിയപ്പോള്‍ ഷഹബാസ് അഹമ്മദ് മൂന്ന് വിക്കറ്റും ആകാശ് ദീപ് ഒരു വിക്കറ്റും വീഴ്ത്തി.
എലീറ്റ് ഗ്രൂപ്പ് സി-യില്‍ കളിച്ച രണ്ട് മത്സരവും വിജയിച്ച ബംഗാള്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ്. രണ്ട് മത്സരത്തില്‍ നിന്നും 12 പോയിന്റാണ് ടീമിനുള്ളത്. 12 പോയിന്റുള്ള ഹരിയാനയാണ് രണ്ടാമത്. മികച്ച ക്വോഷ്യന്റ് റേറ്റാണ് ഇരുവരെയും വേര്‍തിരിക്കുന്നത്. 13 പോയിന്റുമായി സര്‍വീസസാണ് എലീറ്റ് ഗ്രൂപ്പ് സി സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമത്.
Content Highlight: Ranji Trophy: Mohammed Shami picks 8 wickets against Gujarat