| Wednesday, 15th October 2025, 5:00 pm

നാല് മുട്ട, ഒപ്പം രണ്ട് രക്ഷകരെയും മടക്കി; ആദ്യ ദിനം കേരളത്തിന്റെ താണ്ഡവം

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയിലെ കേരളം – മഹാരാഷ്ട്ര മത്സരത്തിന്റെ ആദ്യ ദിവസം ആവസാനിക്കുമ്പോള്‍ കേരളത്തിന് മേല്‍ക്കൈ. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യ ദിവസം തന്നെ മഹാരാഷ്ട്രയുടെ ഏഴ് വിക്കറ്റുകള്‍ പിഴുതെറിഞ്ഞാണ് കേരളം ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്.

മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത കേരള ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്റെ തീരുമാനം ഒട്ടും പാളിയില്ല. ആദ്യ ഓവറില്‍ തന്നെ സൂപ്പര്‍ താരം പൃഥ്വി ഷാ പുറത്ത്. എം.ഡി. നിധീഷെറിഞ്ഞ ഓവറിലെ നാലാം പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് താരം പുറത്തായത്. അടുത്ത പന്തില്‍ വണ്‍ ഡൗണായെത്തിയ സിദ്ധേഷ് വീറിനെയും നിധീഷ് മടക്കി.

രണ്ടാം ഓവറിലെ ആദ്യ പന്തില്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയും പുറത്തായതോടെ സ്‌കോര്‍ ബോര്‍ഡില്‍ ആദ്യ റണ്‍സ് കയറും മുമ്പേ മൂന്ന് വിക്കറ്റ് വീണു. സ്‌കോര്‍ അഞ്ച് റണ്‍സില്‍ നില്‍ക്കവെ നാലാം വിക്കറ്റും 18ല്‍ അഞ്ചാം വിക്കറ്റും വീഴ്ത്തിയ കേരളം മഹാരാഷ്ട്രയെ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു.

ഏഴാം നമ്പറില്‍ മുന്‍ കേരള താരം ജലജ് സക്‌സേനയാണ് ക്രീസിലെത്തിയത്. ഒമ്പത് സീസണുകള്‍ കേരളത്തോടൊപ്പം ചെലവഴിച്ച താരം, ടീം വിട്ട ആദ്യ മത്സരത്തില്‍ കേരളത്തിനെതിരെ തന്നെയാണ് കളത്തിലിറങ്ങിയത്.

നേരത്തെ പലപ്പോഴായി കേരളത്തിന്റെ രക്ഷകന്റെ റോളിലെത്തിയ താരം ഇത്തവണ മഹാരാഷ്ട്രയുടെ രക്ഷകനായി. ഋതുരാജ് ഗെയ്ക്വാദിനൊപ്പം ചേര്‍ന്ന് ആറാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി താരം തിളങ്ങി.

ടീം സ്‌കോര്‍ 18ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 140ലാണ്. അര്‍ഹിച്ച അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍സകലെ ജലജിനെ മടക്കി എം.ഡി. നിധീഷാണ് കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെയെത്തിയ വിക്കി ഓട്‌സ്വാളിനെ ഒപ്പം കൂട്ടി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ച ഗെയ്ക്വാദ് സെഞ്ച്വറിക്ക് മൂന്ന് റണ്‍സകലെ വീണു. 151 പന്തില്‍ 11 ഫോറിന്റെ അകമ്പടിയോടെ 97 റണ്‍സാണ് താരം നേടിയത്. ഈഡന്‍ ആപ്പിള്‍ ടോമിനാണ് വിക്കറ്റ്.

നിലവില്‍ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 എന്ന നിലയിലാണ് മഹാരാഷ്ട്ര. 38 പന്തില്‍ പത്ത് റണ്‍സുമായി വിക്കി ഓട്‌സ്വാളും 23 പന്തില്‍ 11 റണ്‍സുമായി രാമകൃഷ്ണ ഘോഷുമാണ് ക്രീസില്‍.

ആദ്യ ദിവസം എം.ഡി. നിധീഷ് നാല് വിക്കറ്റ് വീഴ്ത്തി. എന്‍. ബേസില്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ആപ്പിള്‍ ടോം ഒരു മഹാരാഷ്ട്ര താരത്തെയും മടക്കി.

മഹാരാഷ്ട്ര പ്ലെയിങ് ഇലവന്‍

പൃഥ്വി ഷാ, അര്‍ഷിന്‍ കുല്‍ക്കര്‍ണി, സിദ്ധേഷ് വീര്‍, ഋതുരാജ് ഗെയ്ക്വാദ്, അങ്കിത് ഭാവ്നെ (ക്യാപ്റ്റന്‍), സൗരഭ് നവാലെ (വിക്കറ്റ് കീപ്പര്‍), ജലജ് സക്സേന, വിക്കി ഓട്സ്വാള്‍, രാമകൃഷ്ണ ഘോഷ്, മുകേഷ് ചൗധരി, രജ്നീഷ് ഗുര്‍ബാണി.

കേരള പ്ലെയിങ് ഇലവന്‍

മുഹമ്മദ് അസറുദ്ദീന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രോഹന്‍ എസ്. കുന്നുമ്മല്‍, അക്ഷയ് ചന്ദ്രന്‍, ബാബ അപരാജിത്, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍, അങ്കിത് ശര്‍മ, എം.ഡി. നിധീഷ്, എന്‍. ബേസില്‍, ഈഡന്‍ ആപ്പിള്‍ ടോം.

Content Highlight: Ranji Trophy: Kerala vs Maharashtra: Day 1 Updates

We use cookies to give you the best possible experience. Learn more