| Tuesday, 11th February 2025, 5:31 pm

ബാക്കിയുള്ളത് ഒറ്റ ദിവസം; ജയിക്കേണ്ട, തോല്‍ക്കാതെ പിടിച്ചുനിന്നാല്‍ കേരളം സെമി ഫൈനലില്‍

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയിലെ കേരളം – ജമ്മു കശ്മീര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 399 റണ്‍സിന്റെ വിജയലക്ഷ്യമാണ് കേരളത്തിന് മുമ്പിലുള്ളത്.

മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് എന്ന നിലയിലാണ്.

സ്‌കോര്‍ (നാലാം ദിവസം അവസാനിക്കുമ്പോള്‍)

ജമ്മു കശ്മീര്‍: 280 & 399/9d

കേരളം: 281 & 100/2

100 പന്തില്‍ 32 റണ്‍സുമായി അക്ഷയ് ചന്ദ്രനും 59 പന്തില്‍ 19 റണ്‍സുമായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുമാണ് കേരളത്തിനായി ക്രീസില്‍. 39 പന്തില്‍ 36 റണ്‍സ് നേടിയ രോഹന്‍ എസ്. കുന്നുമ്മലിന്റെയും 19 പന്തില്‍ ആറ് റണ്‍സടിച്ച ഷോണ്‍ റോജറിന്റെയും വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്‌സില്‍ കേരളത്തിന് നഷ്ടമായത്.

മത്സരത്തില്‍ ഒരു ദിവസം മാത്രം ശേഷിക്കെ 98 ഓവറില്‍ 299 റണ്‍സാണ് കേരളത്തിന് വിജയിക്കാന്‍ വേണ്ടത്.

മത്സരത്തില്‍ ടോസ് നേടിയ കേരള നായകന്‍ സച്ചിന്‍ ബേബി എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ 280 റണ്‍സാണ് ജമ്മു കശ്മീര്‍ അടിച്ചെടുത്തത്. വിക്കറ്റ് കീപ്പര്‍ കനയ്യ വധാവന്‍ (80 പന്തില്‍ 48), ലോനെ നാസിര്‍ (97 പന്തില്‍ 44), സഹില്‍ ലോത്ര (125 പന്തില്‍ 35) എന്നിവരാണ് ആദ്യ ഇന്നിങ്സില്‍ ജമ്മു കശ്മീരിനായി സ്‌കോര്‍ ചെയ്തത്.

ആറ് വിക്കറ്റുമായി തിളങ്ങിയ എം.ഡി. നീധീഷാണ് ജമ്മു കശ്മീരിനെ ചരുട്ടിക്കെട്ടിയത്. ആറ് മെയ്ഡനടക്കം 27 ഓവര്‍ പന്തെറിഞ്ഞ താരം 75 റണ്‍സ് വഴങ്ങിയാണ് ആറ് വിക്കറ്റ് നേടിയത്. സൂപ്പര്‍ താരം ആദിത്യ സര്‍വാതെ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ എന്‍. ബേസിലും ബേസില്‍ തമ്പിയും ഓരോ വിക്കറ്റ് വീതവും നേടി.

എം.ഡി. നീധീഷ്

ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തിരിച്ചടിയേറ്റു. ഓപ്പണര്‍ രോഹന്‍ എസ്. കുന്നുമ്മല്‍ ഒരു റണ്ണിനും യുവതാരം ഷോണ്‍ റോജര്‍ പൂജ്യത്തിനും പുറത്തായി. 15 പന്തില്‍ രണ്ട് റണ്‍സാണ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് നേടാന്‍ സാധിച്ചത്.

നാലാം വിക്കറ്റില്‍ ഓപ്പണര്‍ അക്ഷയ് ചന്ദ്രനെ കൂട്ടുപിടിച്ച് ജലജ് സക്സേനയാണ് കേരളത്തെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 11/3 എന്ന നിലയില്‍ നിന്നും ഒന്നിച്ച ഈ കൂട്ടുകെട്ട് 105 റണ്‍സില്‍ നില്‍ക്കവെയാണ് പിരിയുന്നത്.

78 പന്തില്‍ 67 റണ്‍സ് നേടിയ ജലജിനെ പുറത്താക്കി ആഖിബ് നബിയാണ് വിക്കറ്റ് ബ്രേക് ത്രൂ സമ്മാനിച്ചത്. ടീം സ്‌കോര്‍ 105ല്‍ നില്‍ക്കവെ അഞ്ചാം വിക്കറ്റായി അക്ഷയ് ചന്ദ്രനും പുറത്തായി. 29 റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്.

ശേഷം, ആറാം നമ്പറിലിറങ്ങിയ സല്‍മാന്‍ നിസാറിന്റെ കരുത്തിലാണ് കേരളം ശേഷം മുമ്പോട്ട് കുതിച്ചത്. പിന്നാലെയെത്തിയ ഓരോരുത്തര്‍ക്കുമൊപ്പം വലതും ചെറുതുമായ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തിയ സല്‍മാന്‍ നിസാര്‍ കേരളത്തിന്റെ സെമി ഫൈനല്‍ പ്രതീക്ഷകളെ കെടാതെ സൂക്ഷിച്ചു.

ടീം സ്‌കോര്‍ 200ല്‍ നില്‍ക്കവെ കേരളത്തിന് ഒമ്പതാം വിക്കറ്റും നഷ്ടമായി. ടീം ആദ്യ ഇന്നിങ്സ് ലീഡ് വഴങ്ങുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. എതിരാളികളെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച സല്‍മാന്‍ നിസാറിന്റെ കരുത്തില്‍ കേരളം ആദ്യ ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി.

ബേസില്‍ തമ്പിയെ ഒരറ്റത്ത് നിര്‍ത്തി സല്‍മാന്‍ നിസാര്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. കേരളത്തിന് ആദ്യ ഇന്നിങ്‌സ് ലീഡ് സമ്മാനിച്ച താരം ഇതിനിടെ തന്റെ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു.

281 റണ്‍സ് നേടി വെറും ഒറ്റ റണ്‍സിന്റെ ലീഡുമായാണ് കേരളം ആദ്യ ഇന്നിങ്സ് പൂര്‍ത്തിയാക്കിയത്. 112 റണ്‍സുമായി സല്‍മാന്‍ നിസാര്‍ പുറത്താകാതെ നിന്നു.

ജമ്മു കശ്മീരിനായി ആഖിബ് നബി ആറ് വിക്കറ്റ് നേടിയപ്പോള്‍ യുദ്ധ്‌വീര്‍ സിങ്, സഹില്‍ ലോത്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.

ആദ്യ ഇന്നിങ്സ് ലീഡ് വഴങ്ങിയ ജമ്മു കശ്മീര്‍ ക്യാപ്റ്റന്‍ പരാസ് ദോഗ്രയുടെ കരുത്തില്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചടിച്ചു. ക്യാപ്റ്റന് പുറമെ കനയ്യ വധാവനും സഹില്‍ ലോത്രയും തിളങ്ങിയപ്പോള്‍ ജമ്മു കശ്മീര്‍ മികച്ച സ്‌കോറിലേക്ക് ഉയര്‍ന്നു.

പരാസ് ദോഗ്ര 232 പന്തില്‍ 132 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചത്. കനയ്യ വധാവന്‍ 116 പന്തില്‍ 64 റണ്‍സ് നേടിയപ്പോള്‍ 77 പന്തില്‍ 59 റണ്‍സാണ് സഹില്‍ ലോത്രയുടെ സംഭാവന.

ഒടുവില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് നേടി ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത ജമ്മു കശ്മീര്‍ 399 റണ്‍സിന്റെ വിജയലക്ഷ്യവും കേരളത്തിന് മുമ്പില്‍ വെച്ചു.

മത്സരത്തില്‍ ഇനി ഒരു ദിവസം മാത്രം ശേഷിക്കെ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും തോല്‍ക്കാതെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചാല്‍ കേരളത്തിന് സെമി ഫൈനല്‍ കളിക്കാനാകും. അതായത് സമനില പോലും കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് തുണയാകും.

അഞ്ചാം ദിവസം പൂര്‍ത്തിയാകുമ്പോള്‍ മത്സരം സമനിലയിലാണെങ്കില്‍ ആദ്യ ഇന്നിങ്സ് ലീഡ് നേടിയ ടീമിന് സെമി ഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കും. ആദ്യ ഇന്നിങ്സില്‍ ഒരു റണ്‍സിന്റെ ലീഡ് കേരളത്തിനുണ്ട്. ഇതിനാല്‍ തന്നെ സമനിലയും കേരളത്തിന് തുണയാകും.

അതേസമയം, ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങിയതിനാല്‍ വിജയം സ്വന്തമാക്കിയാല്‍ മാത്രമേ ജമ്മു കശ്മീരിന് സെമിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ. അവസാന ദിവസം കേരളത്തിന്റെ ശേഷിക്കുന്ന വിക്കറ്റുകള്‍ പിഴുതെറിയാന്‍ തന്നെയാകും ജമ്മു കശ്മീരിന്റെ ശ്രമം.

Content highlight: Ranji Trophy: Kerala vs Jammu Kashmir: Day 4 Updates

We use cookies to give you the best possible experience. Learn more