| Friday, 31st January 2025, 3:12 pm

സഞ്ജുവില്ലാതെ സഞ്ജുവിന്റെ തട്ടകത്തില്‍ ബീഹാറിനെ കൊന്ന് കൊലവിളിച്ച് കേരളം

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്നിങ്‌സ് ജയം ലക്ഷ്യമിട്ട് ഇന്ത്യ. ബീഹാറിനെ ഫോളോ ഓണിനയച്ചാണ് ഇന്ത്യ ബോണസ് പോയിന്റ് ഉള്‍പ്പടെ വിജയം സ്വന്തമാക്കാനൊരുങ്ങുന്നത്.

തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളം 351 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറാണ് പടുത്തുയര്‍ത്തിയത്.

രോഹന്‍ എസ്. കുന്നുമ്മലും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും മുഹമ്മദ് അസറുദ്ദീനും അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ സല്‍മാന്‍ നിസാറാണ് കേരളത്തെ താങ്ങി നിര്‍ത്തിയത്.

236 പന്ത് നേരിട്ട താരം 150 റണ്‍സാണ് അടിച്ചെടുത്തത്. 15 ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 59 റണ്‍സടിച്ച ഷോണ്‍ റോജറും നിര്‍ണായകമായി.

ബീഹാറിനായി സച്ചിന്‍ കുമാര്‍ സിങ്, ഗുലാം റബ്ബാനി, ഹര്‍ഷ് വിക്രം സിങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ അഭിഷേക്, എസ്. ഗാനി, വീര്‍ പ്രതാപ് സിങ്, വൈ.പി. യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ബിഹാറിന് തൊട്ടതെല്ലാം പിഴച്ചിരുന്നു. വെറും 64 റണ്‍സ് മാത്രമാണ് ആദ്യ ഇന്നിങ്‌സില്‍ ബീഹാറിന് സ്വന്തമാക്കാന്‍ സാധിച്ചത്.

മൂന്ന് താരങ്ങള്‍ മാത്രമാണ് ബീഹാര്‍ നിരയില്‍ ഇരട്ടയക്കം കണ്ടത്. 21 റണ്‍സ് നേടിയ ശ്രമണ്‍ നിഗ്രോധാണ് ടോപ് സ്‌കോറര്‍.

കേരളത്തിനായി ജലജ് സക്‌സേന അഞ്ച് വിക്കറ്റുമായി തിളങ്ങി. 7.1 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങിയാണ് താരം ഫൈഫര്‍ പൂര്‍ത്തിയാക്കിയത്. നിധീഷ് എം.ഡി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ആദിത്യ സര്‍വാതെയും വൈശാഖ് ചന്ദ്രനും ഓരോ വിക്കറ്റ് വീതവും നേടി.

ഫോളോ ഓണിനിറങ്ങിയ ബീഹാര്‍ രണ്ടാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ 56/4 എന്ന നിലയിലാണ്. മഹ്‌റോര്‍ (അഞ്ച് പന്തില്‍ അഞ്ച്), ശ്രമണ്‍ നിഗ്രോധ് (53 പന്തില്‍ 15), ആയുഷ് ലോഹറുക (12 പന്തില്‍ ഒമ്പത്), ബിപിന്‍ സൗരഭ് (14 പന്തില്‍ ഒമ്പത്) എന്നിവരുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. 48 പന്തില്‍ 16 റണ്‍സുമായി എസ്. ഗാനിയാണ് ക്രീസില്‍.

Content highlight: Ranji Trophy: Kerala vs Bihar updates

We use cookies to give you the best possible experience. Learn more