രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയ്‌ക്കെതിരെ അര്‍ധ സെഞ്ച്വറിയുമായി സഞ്ജു സാംസണ്‍. കേരളം 35 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ തകര്‍ച്ചയെ അഭിമുഖീകരിക്കവെ അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ താരം 54 റണ്‍സ് നേടിയാണ് മടങ്ങിയത്.
മികച്ച ബൗളിങ് പ്രകടനത്തിന്റെ കരുത്തില്‍ മഹാരാഷ്ട്രയെ 239ന് ഒതുക്കിയ കേരളം അനായാസം ലീഡ് നേടുമെന്ന് തോന്നിച്ചെങ്കിലും തുടക്കം പാളി. അക്ഷയ് ചന്ദ്രന്‍ 21 പന്ത് നേരിട്ട് പൂജ്യത്തിനും ബാബ അപരാജിത് ആറ് റണ്‍സിനും പുറത്തായി. രോഹന്‍ എസ്. കുന്നുമ്മല്‍ 27 റണ്‍സിനും പുറത്തായതോടെ കേരളം 35 റണ്‍സിന് മൂന്ന് എന്ന നിലയിലേക്ക് വീണു.
എന്നാല്‍ നാലാം വിക്കറ്റില്‍ സച്ചിന്‍ ബേബിയെ കൂട്ടുപിടിച്ച് സഞ്ജു 40 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ടീം സ്‌കോര്‍ 75ല്‍ നില്‍ക്കവെ ഏഴ് റണ്‍സ് നേടിയ സച്ചിന്‍ ബേബി പുറത്തായി.
ആറാം നമ്പറിലെത്തിയ ക്യാപ്റ്റനെ ഒപ്പം കൂട്ടിയ സഞ്ജു കേരളത്തിനായി അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 34ാം ഓവറിലെ നാലാം പന്തില്‍ വിക്കി ഓട്‌സ്വളിന് വിക്കറ്റ് നല്‍കി പുറത്താകും മുമ്പ് സഞ്ജു 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അഞ്ച് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
2025 ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ ഫൈനല്‍ മത്സരത്തില്‍ മുന്നേറ്റ നിര തകര്‍ന്നപ്പോള്‍ തിലക് വര്‍മയെ ഒപ്പം കൂട്ടി സഞ്ജു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ടീമിനെ കിരീടത്തിലേക്ക് നയിച്ചത്. സമാനമായിരുന്നു മഹാരാഷ്ട്രയ്‌ക്കെതിരായ താരത്തിന്റെ ചെറുത്തുനില്‍പ്പും.
സഞ്ജു മടങ്ങി അധികം വൈകാതെ ക്യാപ്റ്റന്‍ അസറുദ്ദീനും പുറത്തായി. ടീം സ്‌കോര്‍ 141ല്‍ നില്‍ക്കവെ വിക്കി ഓട്‌സ്വാള്‍ തന്നെയാണ് കേരള ക്യാപ്റ്റനെ പുറത്താക്കിയത്. 52 പന്ത് നേരിട്ട താരം 36 റണ്‍സ് നേടിയാണ് പുറത്തായത്.
40 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 151 എന്ന നിലയിലാണ് കേരളം. സല്‍മാന്‍ നിസാറും (23 പന്തില്‍ 10) അങ്കിത് ശര്‍മയും (5 പന്തില്‍ 2) ആണ് ക്രീസില്‍.
മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത കേരള ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്റെ തീരുമാനം ശരിവെച്ച് എം.ഡി. നിധീഷ് പന്തെറിഞ്ഞതോടെ ആദ്യ ഓവറില്‍ തന്നെ സൂപ്പര്‍ താരം പൃഥ്വി ഷാ പുറത്തായി. നാലാം പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് താരം പുറത്തായത്. അടുത്ത പന്തില്‍ വണ്‍ ഡൗണായെത്തിയ സിദ്ധേഷ് വീറിനെയും നിധീഷ് മടക്കി.
രണ്ടാം ഓവറിലെ ആദ്യ പന്തില്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയും പുറത്തായതോടെ സ്‌കോര്‍ ബോര്‍ഡില്‍ ആദ്യ റണ്‍സ് കയറും മുമ്പേ മൂന്ന് വിക്കറ്റ് വീണു. സ്‌കോര്‍ അഞ്ച് റണ്‍സില്‍ നില്‍ക്കവെ നാലാം വിക്കറ്റും 18ല്‍ അഞ്ചാം വിക്കറ്റും വീഴ്ത്തിയ കേരളം മഹാരാഷ്ട്രയെ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു.
എഴാം വിക്കറ്റില്‍ ഋതുരാജ് ഗെയ്ക്വാദും മുന്‍ കേരള താരം ജലജ് സക്സേനയും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ് മഹാരാഷ്ട്രയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും തിളങ്ങിയത്.
ടീം സ്‌കോര്‍ 18ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 140ലാണ്. അര്‍ഹിച്ച അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍സകലെ ജലജിനെ മടക്കി എം.ഡി. നിധീഷാണ് കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെയെത്തിയ വിക്കി ഓട്‌സ്വാളിനെ ഒപ്പം കൂട്ടി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ച ഗെയ്ക്വാദ് സെഞ്ച്വറിക്ക് മൂന്ന് റണ്‍സകലെ വീണു. 151 പന്തില്‍ 11 ഫോറിന്റെ അകമ്പടിയോടെ 97 റണ്‍സാണ് താരം നേടിയത്. ഈഡന്‍ ആപ്പിള്‍ ടോമിനാണ് വിക്കറ്റ്.
ശേഷം ചെറുത്തുനിന്ന വിക്കി ഓട്‌സ്വാളും രാമകൃഷ്ണ ഘോഷും ചേര്‍ന്ന് മഹാരാഷ്ട്രയെ 200 കടത്തി. ഒടുവില്‍ ടീം 239ന് ഇന്നിങ്‌സ് അവസാനിപ്പിച്ചു.
കേരളത്തിനായി എം.ഡി. നിധീഷ് അഞ്ച് വിക്കറ്റ് വീഴ്ത്തി. ബേസില്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അങ്കിത് ശര്‍മയും ഈഡന്‍ ആപ്പിള്‍ ടോമുമാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.
Content Highlight: Ranji Trophy: KER vs MAH: Sanju Samson scored half century