| Tuesday, 11th February 2025, 3:06 pm

ജയിച്ചില്ലെങ്കിലും കേരളത്തിന് സെമി ഫൈനല്‍ കളിക്കാം; ആ ഒറ്റ റണ്ണിന് അത്രയും വിലയുണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം ജമ്മു കശ്മീരിനെ നേരിടുകയാണ്. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 399 റണ്‍സിന്റെ വിജയലക്ഷ്യമാണ് കേരളത്തിന് മുമ്പിലുള്ളത്.

മത്സരത്തില്‍ ടോസ് നേടിയ കേരളം എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 280 റണ്‍സാണ് ജമ്മു കശ്മീര്‍ അടിച്ചെടുത്തത്. വിക്കറ്റ് കീപ്പര്‍ കനയ്യ വധാവന്‍ (80 പന്തില്‍ 48), ലോനെ നാസിര്‍ (97 പന്തില്‍ 44), സഹില്‍ ലോത്ര (125 പന്തില്‍ 35) എന്നിവരാണ് ആദ്യ ഇന്നിങ്‌സില്‍ ജമ്മു കശ്മീരിനായി സ്‌കോര്‍ ചെയ്തത്.

കേരളത്തിനായി എം.ഡി നിധീഷ് ആറ് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ആദിത്യ സര്‍വാതെ രണ്ട് വിക്കറ്റും എന്‍. ബേസിലും ബേസില്‍ തമ്പിയും ഓരോ വിക്കറ്റ് വീതവും നേടി.

എം.ഡി നിധീഷ്

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് തുടക്കം പാളി. ഓപ്പണര്‍ രോഹന്‍ എസ്. കുന്നുമ്മല്‍ ഒരു റണ്ണിനും ഷോണ്‍ റോജര്‍ പൂജ്യത്തിനും പുറത്തായി. 15 പന്തില്‍ രണ്ട് റണ്‍സാണ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് നേടാന്‍ സാധിച്ചത്.

നാലാം വിക്കറ്റില്‍ ഓപ്പണര്‍ അക്ഷയ് ചന്ദ്രനെ കൂട്ടുപിടിച്ച് ജലജ് സക്‌സേന സ്‌കോര്‍ ഉയര്‍ത്തി. 11/3 എന്ന നിലയില്‍ നിന്നും ഒന്നിച്ച ഈ കൂട്ടുകെട്ട് 105 റണ്‍സില്‍ നില്‍ക്കവെ പിരിഞ്ഞു. 78 പന്തില്‍ 67 റണ്‍സ് നേടിയ ജലജിനെ പുറത്താക്കി ആഖിബ് നബിയാണ് വിക്കറ്റ് ബ്രേക് ത്രൂ സമ്മാനിച്ചത്. അധികം വൈകാതെ അക്ഷയ് ചന്ദ്രനും പുറത്തായി. 29 റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്.

ആറാം നമ്പറിലിറങ്ങിയ സല്‍മാന്‍ നിസാറിന്റെ കരുത്തിലാണ് കേരളം ശേഷം മുമ്പോട്ട് കുതിച്ചത്. പിന്നാലെയെത്തിയ ഓരോരുത്തര്‍ക്കുമൊപ്പം വലതും ചെറുതുമായ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താന്‍ നിസാറിന് സാധിച്ചു.

സല്‍മാന്‍ നിസാര്‍

ടീം സ്‌കോര്‍ 200ല്‍ നില്‍ക്കവെ കേരളത്തിന് ഒമ്പതാം വിക്കറ്റും നഷ്ടമായി. ടീം ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങുമെന്ന് കരുതിയ എതിരാളികളെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച് സല്‍മാന്‍ നിസാര്‍ ചെറുത്തുനിന്നു.

ബേസില്‍ തമ്പിയെ ഒരറ്റത്ത് നിര്‍ത്തി സല്‍മാന്‍ നിസാര്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. സെഞ്ച്വറി പൂര്‍ത്തിയാക്കിയ സല്‍മാന്‍ നിസാര്‍ കേരളത്തിന് ലീഡും സമ്മാനിച്ചു.

281 റണ്‍സ് നേടി വെറും ഒറ്റ റണ്‍സിന്റെ ലീഡുമായാണ് കേരളം ആദ്യ ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്. 112 റണ്‍സുമായി സല്‍മാന്‍ നിസാര്‍ പുറത്താകാതെ നിന്നു.

ജമ്മു കശ്മീരിനായ ആഖിബ് നബി ആറ് വിക്കറ്റ് നേടിയപ്പോള്‍ യുദ്ധ്‌വീര്‍ സിങ്, സഹില്‍ ലോത്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.

ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ജമ്മു കശ്മീര്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചടിച്ചു. സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ പരാസ് ദോഗ്രയും അര്‍ധ സെഞ്ച്വറികളുമായി കനയ്യ വധാവനും സഹില്‍ ലോത്രയും തിളങ്ങിയപ്പോള്‍ ജമ്മു കശ്മീര്‍ മികച്ച സ്‌കോറിലേക്ക് ഉയര്‍ന്നു.

പരാസ് ദോഗ്ര 232 പന്തില്‍ 132 റണ്‍സടിച്ചു. വധാവന്‍ 116 പന്തില്‍ 64 റണ്‍സ് നേടിയപ്പോള്‍ 77 പന്തില്‍ 59 റണ്‍സാണ് ലോത്ര സ്വന്തമാക്കിയത്.

പരാസ് ദോഗ്ര

ഒടുവില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് നേടി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ജമ്മു കശ്മീര്‍ 399 റണ്‍സിന്റെ വിജയലക്ഷ്യവും കേരളത്തിന് മുമ്പില്‍ വെച്ചു.

നിലവില്‍ നാലാം ദിവസം ചായക്ക് പിരിയുമ്പോള്‍ ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ 45 എന്ന നിലയിലാണ് കേരളം. 27 റണ്‍സുമായി രോഹന്‍ കുന്നുമ്മലും 11 റണ്‍സുമായി അക്ഷയ് ചന്ദ്രനുമാണ് ക്രീസില്‍.

ഗ്രൂപ്പ് ഘട്ടങ്ങളില്‍ നിന്നും വിഭിന്നമായി നോക്ക് ഔട്ട് ഘട്ടങ്ങള്‍ അഞ്ച് ദിവസങ്ങളുടെ മത്സരമായാണ് നടക്കുന്നത്. ഒരു ദിവസത്തിലധികം മത്സരം ശേഷിക്കെ പരാജയപ്പെടാതിരിക്കാന്‍ മാത്രമാണ് കേരളം ശ്രമിക്കേണ്ടത്.

അഞ്ചാം ദിവസം പൂര്‍ത്തിയാകുമ്പോള്‍ മത്സരം സമനിലയിലാണെങ്കില്‍ ആദ്യ ഇന്നിങ്‌സ് ലീഡ് നേടിയ ടീമിന് സെമി ഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കും. ആദ്യ ഇന്നിങ്‌സില്‍ ഒരു റണ്‍സിന്റെ ലീഡ് കേരളത്തിനുണ്ട്. ഇതിനാല്‍ തന്നെ സമനിലയും കേരളത്തിന് തുണയാകും.

എന്നാല്‍ ഒരു ദിവസത്തിലധികം മത്സരം ബാക്കി നില്‍ക്കെ കേരളത്തിന്റെ പത്ത് വിക്കറ്റും വീഴ്ത്തിയാല്‍ മാത്രമേ ജമ്മു കശ്മീരിന് സെമിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ. തുല്യ ശക്തികളുടെ പോരാട്ടത്തില്‍ സെമിയില്‍ ആര് പ്രവേശിക്കും എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content Highlight: Ranji Trophy: KER vs JK updates

Latest Stories

We use cookies to give you the best possible experience. Learn more