രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ മികച്ച ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്താന്‍ മഹാരാഷ്ട്ര. 18 റണ്‍സിനിടെ അഞ്ച് വിക്കറ്റ് വലിച്ചെറിഞ്ഞ ശേഷം ആറാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് മഹാരാഷ്ട്ര പൊരുതുന്നത്.
സൂപ്പര്‍ താരം ഋതുരാജ് ഗെയ്ക്വാദിന്റെയും മുന്‍ കേരള താരം ജലജ് സക്‌സേനയുടെയും ചെറുത്തുനില്‍പ്പിലാണ് മഹാരാഷ്ട്ര വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറിയത്. ആറാം വിക്കറ്റില്‍ 128 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തത്.
ഒമ്പത് സീസണുകള്‍ കേരളത്തിന് വേണ്ടി കളിച്ച ശേഷമാണ് ജലജ് ടീം മാറുന്നത്. കഴിഞ്ഞ സീസണില്‍ കേരളത്തെ രഞ്ജി ഫൈനലിലെത്തിച്ചതില്‍ താരത്തിന്റെ പങ്ക് വളരെ വലുതായിരുന്നു.
കഴിവുണ്ടായിട്ടും ഒരിക്കല്‍പ്പോലും ഇന്ത്യന്‍ ടീമിലേക്ക് താരത്തിന് വിളിയെത്തിയിരുന്നില്ല. ഡൊമസ്റ്റിക് സര്‍ക്യൂട്ടുകളില്‍ ഒന്നിന് പിന്നാലെ ഒന്ന് എന്ന രീതിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും താരത്തിന് ഇന്ത്യന്‍ ജേഴ്‌സി അന്യമായി തുടര്‍ന്നു.
അതേസമയം, പലപ്പോഴും തങ്ങളുടെ രക്ഷകനും ഹീറോയുമായി മാറിയ മധ്യപ്രദേശുകാരനെ മലയാളി ആരാധകര്‍ നെഞ്ചോട് ചേര്‍ത്തുവെച്ചിരുന്നു. കരിയറിലെ പല നേട്ടങ്ങളും താരം സ്വന്തമാക്കിയത് കേരള ജേഴ്‌സിയിലായിരുന്നു.
ഒമ്പത് സീസണുകള്‍ക്ക് ശേഷം കേരള ടീം വിട്ട ജലജ് ഇപ്പോള്‍ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണ്, അതും കേരളത്തിനെതിരെ തന്നെ ആദ്യ മത്സരം കളിച്ചുകൊണ്ട്. കേരളത്തിനായി പലപ്പോഴും തിളങ്ങിയ ജലജ് ഇപ്പോള്‍ മഹാരാഷ്ട്ര ജേഴ്‌സിയിലെത്തിയ ആദ്യ മത്സരത്തില്‍ തന്നെ വരവറിയിച്ചിരിക്കുകയാണ്.
ഗെയ്ക്വാദിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ജലജിനെ എന്നാല്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ കേരള ബൗളര്‍മാര്‍ അനുവദിച്ചില്ല. 106 പന്തില്‍ 49 റണ്‍സ് നേടി നില്‍ക്കവെ എം.ഡി. നിധീഷ് വിക്കറ്റിന് മുമ്പില്‍ കുടുക്കി ജലജിനെ പുറത്താക്കി.
നിലവില്‍ 50 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 എന്ന നിലയിലാണ് മഹാരാഷ്ട്ര ബാറ്റിങ് തുടരുന്നത്. 82 റണ്‍സുമായി ഋതുരാജ് ഗെയ്ക്വാദും നാല് റണ്‍സുമായി വിക്കി ഓട്‌സ്വാളുമാണ് ക്രീസില്‍.
ജലജിന് പുറമെ പൃഥ്വി ഷാ, അര്‍ഷിന്‍ കുല്‍ക്കര്‍ണി, സിദ്ധേഷ് വീര്‍, അങ്കിത് ഭാവ്‌നെ, സൗരഭ് നവാലെ എന്നിവരുടെ വിക്കറ്റുകളാണ് മഹാരാഷ്ട്രയ്ക്ക് ഇതിനോടകം നഷ്ടപ്പെട്ടത്.
മഹാരാഷ്ട്ര പ്ലെയിങ് ഇലവന്‍
പൃഥ്വി ഷാ, അര്‍ഷിന്‍ കുല്‍ക്കര്‍ണി, സിദ്ധേഷ് വീര്‍, ഋതുരാജ് ഗെയ്ക്വാദ്, അങ്കിത് ഭാവ്‌നെ (ക്യാപ്റ്റന്‍), സൗരഭ് നവാലെ (വിക്കറ്റ് കീപ്പര്‍), ജലജ് സക്‌സേന, വിക്കി ഓട്‌സ്വാള്‍, രാമകൃഷ്ണ ഘോഷ്, മുകേഷ് ചൗധരി, രജ്‌നീഷ് ഗുര്‍ബാണി.
കേരള പ്ലെയിങ് ഇലവന്‍
മുഹമ്മദ് അസറുദ്ദീന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രോഹന്‍ എസ്. കുന്നുമ്മല്‍, അക്ഷയ് ചന്ദ്രന്‍, ബാബ അപരാജിത്, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍, അങ്കിത് ശര്‍മ, എം.ഡി. നിധീഷ്, എന്‍. ബേസില്‍, ഈഡന്‍ ആപ്പിള്‍ ടോം.
Content Highlight: Ranji Trophy: Jalaj Saxena’s performance against Kerala