| Friday, 24th January 2025, 3:36 pm

മിന്നല്‍ ടെന്‍ഫര്‍; രോഹിത്തേ... കണ്ടുപഠിക്ക്; റിഷബ് പന്തിനും രക്ഷയില്ല, ഗംഭീര വിജയം

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ ദല്‍ഹിക്കെതിരെ സൗരാഷ്ട്രയ്ക്ക് ഗംഭീര വിജയം. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ വിജയമാണ് സൗരാഷ്ട്ര സ്വന്തമാക്കിയത്. സൂപ്പര്‍ താരം രവീന്ദ്ര ജഡജേയുടെ ബൗളിങ് കരുത്തിലാണ് സൗരാഷ്ട്ര വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദല്‍ഹിക്ക് 188 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ആയുഷ് ബദോണിയുടെ ചെറുത്തുനില്‍പാണ് ടീമിനെ നാണക്കേടില്‍ നിന്നും കരകയറ്റിയത്.

78 പന്തില്‍ 60 റണ്‍സ് നേടിയാണ് താരം പുറത്തായത്. യുവതാരം യാഷ് ധുള്‍ 76 പന്തില്‍ 44 റണ്‍സും മായങ്ക് ജിതേന്ദര്‍ ഗുസായിന്‍ 45 പന്തില്‍ 38 റണ്‍സും നേടി. ആഭ്യന്തര തലത്തിലേക്ക് മടങ്ങിയെത്തിയ റിഷബ് പന്തിന് ഒരു റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ആദ്യ ഇന്നിങ്‌സില്‍ സൗരാഷ്ട്രയ്ക്കായി രവീന്ദ്ര ജഡജേ ഫൈഫര്‍ പൂര്‍ത്തിയാക്കി. രണ്ട് മെയ്ഡന്‍ ഉള്‍പ്പടെ 17.4 ഓവര്‍ പന്തെറിഞ്ഞ് 66 റണ്‍സ് വഴങ്ങിയാണ് ജഡേജ അഞ്ച് വിക്കറ്റ് നേടിയത്.

ധര്‍മേന്ദ്രസിങ് ജഡേജ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ക്യാപ്റ്റന്‍ ജയ്‌ദേവ് ഉനദ്കട്ടും യുവരാജ്‌സിങ് ധോഡിയയും ഓരോ വിക്കറ്റ് വീതവും നേടി.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്ര ഓപ്പണര്‍ ഹാര്‍വിക് ദേശായിയുടെയും അര്‍പിത് വാസവദയുടെയും കരുത്തില്‍ ലീഡെടുത്തു. ദേശായി 120 പന്തില്‍ 93 റണ്‍സടിച്ചപ്പോള്‍ 130 പന്തില്‍ 62 റണ്‍സാണ് വാസവദ സ്വന്തമാക്കിയത്.

ബൗളിങ്ങിന് പുറമെ ബാറ്റിങ്ങിലും ജഡേജ മോശമല്ലാത്ത പ്രകടനം പുറത്തെടുത്തു. 36 പന്തില്‍ 38 റണ്‍സാണ് താരം നേടിയത്. ഒടുവില്‍ സൗരാഷ്ട്ര 271ന് പുറത്തായി.

ദല്‍ഹിക്കായി ഹര്‍ഷ് ത്യാഗി നാല് വിക്കറ്റെടുത്തപ്പോള്‍ ക്യാപ്റ്റന്‍ ആയുഷ് ബദോണി മൂന്ന് വിക്കറ്റും നേടി. ശിവം ശര്‍മ രണ്ട് വിക്കറ്റും അര്‍പിത് റാണ ശേഷിച്ച ബാറ്ററെയും മടക്കി.

ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിക്ക് തൊട്ടതെല്ലാം പിഴച്ചു. വെറും 94 റണ്‍സാണ് രണ്ടാം ഇന്നിങ്‌സില്‍ ടീമിന് സ്വന്തമാക്കാന്‍ സാധിച്ചത്. 55 പന്തില്‍ 44 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ആയുഷ് ബദോണിയാണ് ടോപ് സ്‌കോറര്‍. മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇരട്ടയക്കം കാണാന്‍ സാധിച്ചത്.

രവീന്ദ്ര ജഡജേയെന്ന അതികായന് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ദല്‍ഹി തകര്‍ന്നടിഞ്ഞത്. രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റാണ് താരം പിഴുതെറിഞ്ഞത്. രഞ്ജി റിട്ടേണില്‍ ടെന്‍ഫര്‍ പൂര്‍ത്തിയാക്കിയാണ് ജഡ്ഡു തിളങ്ങിയത്.

ധര്‍മേന്ദ്ര സിങ് ജഡേജ രണ്ടും യുവരാജ് സിങ് ധോഡിയ ഒരു വിക്കറ്റും നേടിയതോടെ ദല്‍ഹി 94ന് പുറത്തായി.

പത്ത് റണ്‍സിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ സൗരാഷ്ട്ര ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ വിജയിക്കുകയായിരുന്നു.

Content Highlight: Ranji Trophy: DEL vs SAU: Ravindra Jadeja picks 12 wickets

We use cookies to give you the best possible experience. Learn more