| Saturday, 28th February 2026, 4:29 pm

പത്ത് മത്സരം, 60 വിക്കറ്റ്; ഇനിയും ഇന്ത്യന്‍ ടീം കാണാത്തവന്‍ കയ്യടി നേടുന്നു

ആദര്‍ശ് എം.കെ.

രഞ്ജി ട്രോഫിയില്‍ തങ്ങളുടെ ആദ്യ കിരീടം നേടിക്കൊണ്ട് ജമ്മു കശ്മീര്‍ ചരിത്രം കുറിച്ചിരിക്കുകയാണ്. ഹുബ്ബള്ളിയില്‍ കര്‍ണാടകയ്‌ക്കെതിരായ മത്സരം സമനിലയില്‍ പിരിഞ്ഞതോടെ ഒന്നാം ഇന്നിങ്‌സിന്റെ ലീഡിലാണ് ജമ്മു കശ്മീര്‍ തങ്ങളുടെ ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കിയത്.

സ്‌കോര്‍

ജമ്മു കശ്മീര്‍: 584 & 342/4d

കര്‍ണാടക: 293

സൂപ്പര്‍ പേസര്‍ ആഖിബ് നബിയുടെ പ്രകടനമാണ് ജമ്മു കശ്മീരിന്റെ കിരീട നേട്ടത്തില്‍ എടുത്തുപറയേണ്ടത്. കേവലം ഫൈനലില്‍ മാത്രമല്ല, ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയാണ് നബി തിളങ്ങിയത്. ഈ പ്രകടനങ്ങള്‍ നബിയെ ടൂര്‍ണമെന്റിന്റെ താരവുമാക്കി.

പത്ത് മത്സരത്തില്‍ നിന്നും 60 വിക്കറ്റുകളാണ് ഈ വലംകയ്യന്‍ മീഡിയം പേസര്‍ പിഴുതെറിഞ്ഞത്. 12.57 എന്ന ശരാശരിയിലും 28.43 എന്ന സ്‌ട്രൈക് റേറ്റിലുമാണ് ആഖിബ് നബി ടൂര്‍ണമെറില്‍ പന്തെറിഞ്ഞത്.

ആഖിബ് നബി

ഏഴ് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ താരത്തിന്റെ മികച്ച ബൗളിങ് പ്രകടനം രാജസ്ഥാനെതിരെ ഒരു ഇന്നിങ്‌സില്‍ 24 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ്. ഈ മത്സരത്തില്‍ താരം പത്ത് വിക്കറ്റ് നേട്ടവും പൂര്‍ത്തിയാക്കിയിരുന്നു.

2020 ജനുവരിയില്‍ ജാര്‍ഖണ്ഡിനെതിരെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തിയ ആഖിബ് 67 ഇന്നിങ്‌സുകളില്‍ കളത്തിലിറങ്ങി. 18.37 ശരാശരിയിലും 38.1 എന്ന സ്‌ട്രൈക് റേറ്റിലും 156 വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. കരിയറില്‍ 146 തവണ അഞ്ച് വിക്കറ്റ് നേട്ടം തന്റെ പേരില്‍ കുറിച്ച 29കാരന്‍ നാല് തവണ പത്ത് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.

രാജസ്ഥാനെതിരെ 27 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റെടുത്തതാണ് ഒരു ഇന്നിങ്‌സിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം. 12/110 ആണ് ഒരു മത്സരത്തിലെ മികച്ച ബൗളിങ് ഫിഗര്‍.

ഫൈനലിലും ആഖിബ് തന്റെ കരുത്ത് കാട്ടിയിരുന്നു. അഞ്ച് വിക്കറ്റാണ് കര്‍ണാടകയ്‌ക്കെതിരെ താരം സ്വന്തമാക്കിയത്.

ഫൈനലില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ജമ്മു കശ്മീര്‍ ശുഭം പണ്ഡിറിന്റെ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 247 പന്തുകള്‍ നേരിട്ട താരം 121 റണ്‍സ് നേടി.

ഇതിന് പുറമെ യെവര്‍ ഹസന്‍ ഖാന്‍ (150 പന്തില്‍ 88), സഹില്‍ ലോത്ര (138 പന്തില്‍ 72), ക്യാപ്റ്റന്‍ പരാസ് ദോഗ്ര (166 പന്തില്‍ 70), കനയ്യ വധാവന്‍ (109 പന്തില്‍ 70), അബ്ദുല്‍ സമദ് (104 പന്തില്‍ 61) എന്നിവരുടെ ഇന്നിങ്‌സുകളും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

ഒടുവില്‍ ടീം 584ന് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

കര്‍ണാടകയ്ക്കായി പ്രസിദ്ധ് കൃഷ്ണ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വൈശാഖ് വിജയ്കുമാര്‍, ശിഖര്‍ ഷെട്ടി, വിദ്യാധര്‍ പാട്ടീല്‍, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ആദ്യ ഇന്നിങ്‌സ് ക്രീസിലെത്തിയ കര്‍ണാടയക്കായി ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ സെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും ലീഡ് നേടാന്‍ അതൊന്നും പോരാതെ വരികയായിരുന്നു. 266 പന്തില്‍ 160 റണ്‍സാണ് അഗര്‍വാള്‍ അടിച്ചെടുത്തത്. 101 പന്ത് നേരിട്ട് 36 റണ്‍സ് നേടിയ കൃതിക് കൃഷ്ണയാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

ആദ്യ ഇന്നിങ്‌സില്‍ 293 റണ്‍സില്‍ മുന്‍ ചാമ്പ്യന്‍മാര്‍ പുറത്തായി.

ജമ്മു കശ്മീരിനായി ആഖിബ് നബി അഞ്ച് വിക്കറ്റ് വീഴ്ത്തി. സുനില്‍ കുമാര്‍, യുദ്ധ് വീര്‍സിങ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ സഹില്‍ ലോത്ര ഒരു കര്‍ണാടക താരത്തെയും മടക്കി.

ആദ്യ ഇന്നിങ്‌സ് ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ജമ്മു കശ്മീരിനായി ഓപ്പണര്‍ ഖമ്രാന്‍ ഇഖ്ബാലും സഹില്‍ ലോത്രയും സെഞ്ച്വറിയുമായി തിളങ്ങി. ഇഖ്ബാല്‍ 311 പന്തില്‍ പുറത്താകാതെ 160 റണ്‍സും സഹില്‍ 226 പന്തില്‍ 101 റണ്‍സുമായി പുറത്താകാതെ നിന്നു.

342/4 എന്ന നിലയില്‍ നില്‍ക്കവെ ടീം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഇതോടെയാണ് മത്സരം സമനിലയില്‍ അവസാനിക്കുകയും ജമ്മു കശ്മീര്‍ കിരീടത്തില്‍ മുത്തമിടുകയുമായിരുന്നു.

Content highlight: Ranji Trophy: Aquib Nabi won Player Of The Series Award

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more