2025-26 രഞ്ജി സീസണിനുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുകയാണ്. ഒക്ടോബര്‍ 15നാണ് പുതിയ സീസണ്‍ ആരംഭിക്കുന്നത്. വിവിധ സ്റ്റേഡിയങ്ങളിലായി ആദ്യ ദിവസം 19 മത്സരങ്ങള്‍ അരങ്ങേറും. എലീറ്റ് ഗ്രൂപ്പില്‍ 16 മത്സരങ്ങളും പ്ലേറ്റ് ഗ്രൂപ്പില്‍ മൂന്ന് മത്സരവുമാണ് ആദ്യ ദിവസം നടക്കുന്നത്.
ഗ്രൂപ്പ് ബി-യിലാണ് ഇത്തവണ കേരളം ഇടം പിടിച്ചിരിക്കുന്നത്. കരുത്തരായ കര്‍ണാടകയും സൗരാഷ്ട്രയുമടക്കം എട്ട് ടീമുകളാണ് ഗ്രൂപ്പിലുള്ളത്.
രഞ്ജി ട്രോഫി
ആദ്യ മത്സരത്തില്‍ മഹാരാഷ്ട്രയെയാണ് കേരളത്തിന് നേരിടാനുള്ളത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് വേദി. രാവിലെ 9.30ന് മത്സരം ആരംഭിക്കും.
ഫോര്‍ ഡേ ടെസ്റ്റ് ഫോര്‍മാറ്റിലാണ് മത്സരം അരങ്ങേറുന്നത്. കഴിഞ്ഞ സീസണില്‍ കയ്യകലത്ത് നിന്നും നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാന്‍ തന്നെയാണ് ഇത്തവണ കേരളം ഒരുങ്ങുന്നത്.
കഴിഞ്ഞ സീസണില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പഞ്ചാബിനോടും ഉത്തര്‍പ്രദേശിനോടും വിജയിച്ചപ്പോള്‍ കര്‍ണാടക, ബംഗാള്‍, ഹരിയാന എന്നിവരോട് സമനിലയിലും പിരിഞ്ഞു.
ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലും യഥാക്രമം ജമ്മു കശ്മീര്‍, ഗുജറാത്ത് എന്നീ കടമ്പയും കേരളം അനായാസം മറികടന്നു. ആദ്യ ഇന്നിങ്‌സ് ലീഡിന്റെ ബലത്തിലാണ് രണ്ട് മത്സരത്തിലും കേരളം പുഞ്ചിരിച്ചത്.
കിരീടപ്പോരാട്ടത്തില്‍ വിദര്‍ഭയായിരുന്നു എതിരാളികള്‍. പോരാട്ടം സമനിലയില്‍ അവസാനിച്ചപ്പോള്‍ ആദ്യ ഇന്നിങ്‌സ് ലീഡിന്റെ ബലത്തില്‍ വിദര്‍ഭ കിരീടം സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ തവണ കയ്യകലത്ത് നിന്നും നഷ്ടപ്പെട്ട കിരീടം വീണ്ടെടുക്കുക എന്നത് മാത്രമായിരിക്കും കേരളത്തിന്റെ ലക്ഷ്യം.
രഞ്ജി ട്രോഫി – കേരള സ്‌ക്വാഡ്
മുഹമ്മദ് അസറുദ്ദീന്‍ (ക്യാപ്റ്റന്‍), ബാബ അപരാജിത് (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, രോഹന്‍ എസ്. കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ് ശര്‍മ, അക്ഷയ് ചന്ദ്രന്‍, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍, അങ്കിത് ശര്‍മ, നിധീഷ് എം.ഡി. ബേസില്‍ എം.പി, ഈഡന്‍ ആപ്പിള്‍ ടോം, അഹമ്മദ് ഇമ്രാന്‍, ഷോണ്‍ റോജര്‍, അഭിഷേക് നായര്‍.
ഗ്രൂപ്പ് ഘട്ട മത്സരം
vs മഹാരാഷ്ട്ര – ഒക്ടോബര്‍ 15 – കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം
vs പഞ്ചാബ് – ഒക്ടോബര്‍ 25 – പി.സി.എ ന്യൂ ക്രിക്കറ്റ് സ്റ്റേഡിയം
vs മധ്യപ്രദേശ് – നവംബര്‍ 1 – കെ.സി.എ ക്രിക്കറ്റ് ഗ്രൗണ്ട്, മംഗലാപുരം
vs സൗരാഷ്ട്ര – നവംബര്‍ 8 – കെ.സി.എ ക്രിക്കറ്റ് ഗ്രൗണ്ട്, മംഗലാപുരം
vs മധ്യപ്രദേശ് – നവംബര്‍ 16 – ഹോല്‍കര്‍ സ്‌റ്റേഡിയം
Content Highlight: Ranji Trophy 2025-26: Kerala will face Maharashtra in 1st match