രഞ്ജി ട്രോഫിയില്‍ ബീഹാര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി ചുമതലയേറ്റ് വൈഭവ് സൂര്യവംശി. 2025-26 സീസണിലാണ് സൂര്യവംശി വൈസ് ക്യാപ്റ്റന്റെ റോളില്‍ കളത്തിലിറങ്ങുക. സാകിബുള്‍ ഗാനിയുടെ ഡെപ്യൂട്ടിയായാണ് താരം ഇത്തവണ കളത്തിലിറങ്ങുക.
ചെറുപ്രായത്തില്‍ തന്നെ വൈഭവിന്റെ കഴിവില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ തന്നെയാണ് ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഒരുങ്ങുന്നത്.
പുതിയ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് ബീഹാര്‍ വൈഭവ് സൂര്യവംശിയെ വൈസ് ക്യാപ്റ്റന്റെ ചുമതലയേല്‍പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയ്ക്കായി അണ്ടര്‍ 19 ടീമിനായി പുറത്തെടുത്ത മികച്ച പ്രകടനം കൂടിയാണ് ഈ തീരുമാനത്തിന് പിന്നില്‍. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നുമായി 133 റണ്‍സാണ് സൂര്യവംശി നേടിയത്. പരമ്പരയിലെ രണ്ടാമത്തെ ഏറ്റവും മികച്ച റണ്‍ വേട്ടക്കാരന്‍ കൂടിയായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര താരം.
ഈ വര്‍ഷമാദ്യം നടന്ന ഇംഗ്ലണ്ട് പര്യടനത്തിലും സൂര്യവംശി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. യൂത്ത് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയുടെ റെക്കോഡും കീശയിലാക്കിയാണ് താരം കയ്യടി നേടിയത്.
എന്നാല്‍ അണ്ടര്‍ 19 ഷെഡ്യൂളുകള്‍ കാരണം വൈഭവിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പരിചയം കുറവാണ്. 2023-24 സീസണില്‍ വെറും 12 വയസുള്ളപ്പോള്‍ അരങ്ങേറിയ താരം ഇതുവരെ അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്.
നിലവില്‍ പ്ലേറ്റ് ഗ്രൂപ്പില്‍ കളിക്കുന്ന ബീഹാറിന് എലീറ്റ് ഗ്രൂപ്പിലേക്കുള്ള കാല്‍വെപ്പിനും സൂര്യവംശി സഹായകമാകുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
ബീഹാര്‍ സ്‌ക്വാഡ്
സാകിബുള്‍ ഗാനി (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി (വൈസ് ക്യാപ്റ്റന്‍), പീയൂഷ് സിങ്, ബിപിന്‍ സൗരഭ്, സച്ചിന്‍ കുമാര്‍, സാകിബ് ഹുസൈന്‍, ഭാസ്‌കര്‍ ദുബെ, ഹിമാന്‍ഷു സിങ്, ഖാലിദ് ആലം, അര്‍ണവ് കിഷോര്‍, ആയുഷ് ലോഹരുക, നവാസ് ഖാന്‍, രഘുവേന്ദ്ര പ്രതാപ് സിങ്, അമോദ് യാദവ്.
അതേസമയം, വൈഭവ് പുതിയ റോളിലെത്തിയതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള പോരാട്ടം കടുക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. 2026 സീസണിന് മുന്നോടിയായി സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളുള്ള സാഹചര്യത്തില്‍ കൂടിയാണ് വൈഭവ് പുതിയ റോളിലെത്തുന്നത്.
സഞ്ജു ടീം വിടുകയാണെങ്കില്‍ പകരമാര് എന്ന ചോദ്യത്തിന് നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന് മുമ്പില്‍ പ്രധാനമായും രണ്ട് ഓപ്ഷനുകളാണ് ഉള്ളത്. യശസ്വി ജെയ്‌സ്വാളും റിയാന്‍ പരാഗും.
ജെയ്‌സ്വാളിന് ടീം ക്യാപ്റ്റന്‍സി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റേവ്‌സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പുതിയ സീസണില്‍ ടീം ജെയ്സ്വാളിന് അവസരം നല്‍കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
കഴിഞ്ഞ സീസണില്‍ ക്യാപ്റ്റന്‍ സഞ്ജുവിന് പരിക്കേറ്റ സാഹചര്യത്തില്‍ പരാഗായിരുന്നു ടീമിനെ നയിച്ചത്. താരത്തിന് കീഴില്‍ തിളങ്ങാന്‍ എന്നാല്‍ രാജസ്ഥാന് സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്.
രാജസ്ഥാന്‍ റോയല്‍സ് ജെയ്സ്വാളിന് നല്‍കിയ വാഗ്ദാനമനുസരിച്ച് പുതിയ സീസണില്‍ ഓപ്പണര്‍ ക്യാപ്റ്റനാകുമോ അതോ ക്യാപ്റ്റന്‍സിയില്‍ പരിചയസമ്പത്തുള്ള പരാഗിനെ ക്യാപ്റ്റനാക്കുമോ എന്ന് അധികം വൈകാതെ അറിയാന്‍ സാധിക്കും. ആഭ്യന്തര തലത്തില്‍ അസമിനെ നയിക്കുന്നത് റിയാന്‍ പരാഗാണ്.
പുതിയ സീസണിന് മുന്നോടിയായി നടക്കുന്ന മിനി ലേലത്തില്‍ രാജസ്ഥാന്‍ കാര്യമായ മാറ്റങ്ങള്‍ ടീമില്‍ വരുത്തിയേക്കും. കഴിഞ്ഞ സീസണിലെ ലേലത്തില്‍ വരുത്തിയ പോരായ്മകളും സൂപ്പര്‍ താരങ്ങള്‍ ടീം വിടുന്നതും മിനി ലേലത്തിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ടീം വിശ്വസിക്കുന്നത്.
Content Highlight: Ranji Trophy 2025-26: Bihar appointed Vaibhav Suryavanshi as captain