മലയാള സിനിമയില്‍ ശക്തമായ കഥാപത്രങ്ങള്‍ ചെയ്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് എന്‍.എഫ്. വര്ഗീസ്. ശബ്ദത്തിന്റെ ഗംഭീര്യം കൊണ്ടും തനതായ അഭിനയശൈലികൊണ്ടും ഒരുപാട് വില്ലന്‍ വേഷങ്ങള്‍ അദ്ദേഹം തന്റെ സിനിമ ജീവിതത്തില്‍ ചെയ്തിട്ടുണ്ട്. മിമിക്രി കലാകാരനായിട്ടാണ് അദ്ദേഹം സിനിമയില്‍ എത്തുന്നത്. പിന്നീട് ചെറിയ വേഷങ്ങള്‍ ചെയ്തും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും സിനിമയില്‍ തുടര്‍ന്നു. തുടര്‍ന്ന് ‘ആകാശദൂത്’ സിനിമയിലെ വില്ലന്‍ വേഷമാണ് അദ്ദേഹത്തിന്റെ സിനിമ ജീവിതത്തില്‍ വഴിത്തിരിവായത്.
എന്‍.എഫ്. വര്ഗീസ്. Photo: Mathrubhumi
‘പ്രജ’എന്ന സിനിമയിലെ ളാഹേല്‍ വക്കച്ചന്‍ എന്ന കഥാപാത്രം എന്‍.എഫ്. വര്ഗീസിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളില്‍ ഒന്നായിരുന്നു. സിനിമ സംവിധാനം ചെയ്തത് ജോഷിയും തിരക്കഥ എഴുതിയത് രഞ്ജി പണിക്കാരുമായിരുന്നു. മോഹന്‍ലാല്‍ നായകനായ സിനിമയിലെ ഡയലോഗുകള്‍ ഒരുപാട് ശ്രദ്ധിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നു.
‘ലേലം’ സിനിമ ചെയ്യുമ്പോള്‍ തന്നെ എന്‍.എഫ്.വര്ഗീസ് ഒരു പൊട്ടന്‍ഷ്യല്‍ ഉള്ള ആക്ടര്‍ ആണെന്നും അദ്ദേഹത്തിനെ കൂടുതല്‍ എക്സ്പ്ലോര്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും പറയുകയാണ് രഞ്ജി പണിക്കര്‍. പ്രജയില്‍ ളാഹേല്‍ വക്കച്ചന്‍ എന്ന കഥാപാത്രത്തിന്റേത് സ്‌പോട്ടില്‍ എഴുതി കൊടുത്ത ഡയലോഗുകളാണ് എന്നും രഞ്ജി പണിക്കര്‍ പറയുന്നു. ദി ക്യൂവിനു നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഒരു മുറിയില്‍ ഷൂട്ട് നടക്കുമ്പോള്‍ തൊട്ടടുത്ത മുറിയിലുരുന്നു ഞാന്‍ ഡയലോഗ് എഴുതുകയായിരുന്നു. എന്‍.എഫ്. വര്ഗീസ് ഒരു ഗംഭീര ആക്ടര്‍ ആണ്. ലേലം ചെയ്യുന്നതിന് മുമ്പ് അത്തരം കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തിട്ടില്ല. ‘പത്രം’ എഴുതുമ്പോള്‍ ഫ്ളാറ്റില്‍ വന്ന് ഇതിലൊരു വേഷം തരണമെന്ന് പറയുമായിരുന്നു. വേഷങ്ങള്‍ ചോദിക്കാന്‍ മടിയില്ലാത്ത ആളാണ് അദ്ദേഹം. അങ്ങനെ ചോദിക്കാന്‍ മാത്രം അടുപ്പം ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു.’ രഞ്ജി പണിക്കര്‍ പറഞ്ഞു.
ളാഹേല്‍ വക്കച്ചന്‍. Photo: X.com
‘നരസിംഹത്തി’ലെ മണപ്പള്ളി പവിത്രനും , ‘പത്ര’ത്തിലെ വിശ്വനാഥനും , ‘ലേല’ത്തിലെ കടക്കല്‍ വര്‍ക്കിയും , ‘വല്യേട്ടനി’ലെ ചട്ടമ്പിയുമെല്ലാം മലയാള സിനിമക്ക് എന്‍.എഫ്. വര്ഗീസ് സമ്മാനിച്ച മികച്ച വില്ലന്‍ വേഷങ്ങളാണ്. സിനിമയില്‍ സജീവമായി നിന്ന കാലത്താണ് അദ്ദേഹം ഹൃദയാഘാതം മൂലം അന്തരിച്ചത്. ‘സഹോദരന്‍ സഹദേവന്‍’ എന്ന സിനിമയാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം.
Content Highlight: Renji panicker talks about Lahel Vakkachan in Praja Movie