ഖാന് ത്രയത്തിന് ശേഷം ബോളിവുഡിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കെല്പുള്ളവരെന്ന് നിരൂപകര്‍ വിശേഷിപ്പിക്കുന്ന താരങ്ങളാണ് രണ്‍വീര്‍ സിങ്ങും രണ്‍ബീര്‍ കപൂറും. നടനായും താരമായും തിളങ്ങാന്‍ അപാര പൊട്ടന്‍ഷ്യലുള്ള ഇരുവരും പലകുറി തങ്ങളുടെ റേഞ്ച് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള ബോക്‌സ് ഓഫീസ് മത്സരമാണ് ഇപ്പോള്‍ സിനിമാപേജുകളിലെ ചര്‍ച്ച.
ഷാരൂഖ് ഖാന് ശേഷം ബാക്ക് ടു ബാക്ക് ആയിരം കോടി നേടിയ നടനെന്ന റെക്കോഡ് രണ്‍വീര്‍ ഈ വര്‍ഷം തന്റെ പേരിലാക്കി. ധുരന്ധറിന്റെ രണ്ട് ഭാഗങ്ങളും ആയിരം കോടിയിലേറെ നേടിയതോടെ അടുത്ത സൂപ്പര്‍സ്റ്റാറായി പലരും രണ്‍വീറിനെ വാഴ്ത്തി. ഈ വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ ധുരന്ധര്‍ 2ന്റെ പേരിലാണ്. 1830 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ഈ വര്‍ഷത്തെ ഇയര്‍ ടോപ്പറും രണ്‍വീറിന്റെ പേരിലാണ്.
രാമായണ, ധുരന്ധര്‍ 2 Photo: Theatrical poster
എന്നാല്‍ താരത്തിന് കടുത്ത കോമ്പറ്റീഷന്‍ നല്‍കിക്കൊണ്ട് രണ്‍ബീറും തന്റെ ബോക്‌സ് ഓഫീസ് പവര്‍ തെളിയിക്കുകയാണ്. നിതേഷ് തിവാരി സംവിധാനം ചെയ്ത രാമായണ ഇതിനോടകം 1500 കോടിയിലേറെ നേടിക്കഴിഞ്ഞു. ലോങ് റണ്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ധുരന്ധര്‍ 2നെ മറികടക്കാനുള്ള എല്ലാ സാധ്യതയും രാമായണക്കുണ്ട്.
ഇതാദ്യമായല്ല രണ്‍വീറിനെ മറികടന്ന് രണ്‍ബീര്‍ ഒന്നാമതെത്തുന്നത്. 2018ല്‍ രണ്‍വീര്‍ കേന്ദ്ര കഥാപാത്രമായെത്തിയ പദ്മാവത് ബോക്‌സ് ഓഫീസില്‍ റെക്കോഡ് കളക്ഷന്‍ നേടിയിരുന്നു. 571 കോടി നേടി ഇയര്‍ ടോപ്പറായ പദ്മാവതിനെ രണ്‍ബീറിന്റെ സഞ്ജു മറികടന്നു. 588 കോടിയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. ആ വര്‍ഷത്തെ ഇയര്‍ ടോപ്പറും സഞ്ജുവായിരുന്നു.
പദ്മാവത്, സഞ്ജു Photo: Theatrical poster
എട്ട് വര്‍ഷത്തിന് ശേഷം ചരിത്രം ഒരിക്കല്‍കൂടി ആവര്‍ത്തിക്കുകയാണ്. ബോക്‌സ് ഓഫീസ് റേഞ്ച് വലുതായത് കളക്ഷന്‍ സംഖ്യയില്‍ കൃത്യമായി കാണാന്‍ സാധിക്കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ ബോളിവുഡിലെ പ്രധാന കോമ്പറ്റീഷന്‍ രണ്‍ബീറും രണ്‍വീറും തമ്മിലാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇരുവരുടെയും ലൈനപ്പുകളും വലുതാണ്.
രാമായണ പാര്‍ട്ട് 2, സന്ദീപ് റെഡ്ഡി വാങ്കയുമൊത്തുള്ള അനിമല്‍ പാര്‍ക്ക് എന്നിവ ബോക്‌സ് ഓഫീസില്‍ ഏത് ലെവലില്‍ തകര്‍ക്കുമെന്ന് പ്രവചിക്കാനാകാത്ത അവസ്ഥയാണ്. മറുഭാഗത്ത് പ്രളയ് എന്ന ബിഗ് ബജറ്റ് ചിത്രവുമായി രണ്‍വീറും കച്ചമുറുക്കുന്നുണ്ട്. ഷാരൂഖ്- സല്‍മാന്‍- ആമിര്‍ ഖാന്‍ ട്രയോക്ക് ശേഷം ബോക്‌സ് ഓഫീസ് ഇരുവരും ചേര്‍ന്ന് ഭരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
Content Highlight: Ranbir Kapoor will take the highest grosser of the year record from Ranveer Singh