തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം വമ്പന്‍ തിരിച്ചുവരവ് നടത്തി ബോളിവുഡില്‍ സൂപ്പര്‍സ്റ്റാര്‍ ലെവലിലേക്ക് ഉയര്‍ന്നിരിക്കുകയാണ് രണ്‍ബീര്‍ കപൂര്‍. മികച്ച നടനെന്ന നിലയിലും താരമെന്ന നിലയിലും തന്റെ റേഞ്ച് രണ്‍ബീര്‍ ഇന്‍ഡസ്ട്രിക്ക് കാണിച്ചുകൊടുത്ത വര്‍ഷങ്ങളാണ് കടന്നുപോയത്. അനിമലില്‍ തന്റെ പ്രകടനം കൊണ്ട് എല്ലാവരെയും ഞെട്ടിക്കാന്‍ താരത്തിന് സാധിച്ചു.
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായൊരുങ്ങിയ രാമായണയിലാണ് നിലവില്‍ രണ്‍ബീര്‍ ഭാഗമാകുന്നത്. 4000 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ രാമനായാണ് രണ്‍ബീര്‍ വേഷമിടുന്നത്. രണ്ട് ഭാഗങ്ങളിലായെത്തുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായിരിക്കുകയാണ്. 2028 വരെ താരം വെറും മൂന്ന് സിനിമകള്‍ മാത്രമേ ചെയ്യുന്നുള്ളൂ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ബോളിവുഡിലെ മികച്ച സംവിധായകരിലൊരാളായ രാജ്കുമാര്‍ ഹിറാനി ഇന്ത്യന്‍ സിനിമയുടെ പിതാവ് ദാദസാഹേബ് ഫാല്‍ക്കെയുടെ ജീവിതകഥ സിനിമയാക്കുന്നുണ്ടെന്നും രണ്‍ബീറാണ് നായകനെന്നും അടുത്തിടെ അഭ്യൂഹങ്ങളുണ്ടായിരുന്നു. സഞ്ജു എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ഇരുവരും ഒന്നിക്കുകയാണെന്ന വാര്‍ത്ത സിനിമാപ്രേമികളെ സന്തോഷിപ്പിക്കുകയും ചെയ്തു.
എന്നാല്‍ 2028 വരെ തിരക്കായതിനാല്‍ രണ്‍ബീര്‍ ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രാമായണയുടെ രണ്ട് ഭാഗങ്ങള്‍ക്കായി കരിയറിലെ വലിയൊരു സമയം മാറ്റിവെക്കുന്ന താരം പിന്നീട് സന്ദീപ് വാങ്ക റെഡ്ഡിയുമായാണ് കൈകോര്‍ക്കുകയെന്ന് അടുത്തിടെ അറിയിച്ചിരുന്നു. 2023ലെ വലിയ വിജയങ്ങളിലൊന്നായ അനിമലിന്റെ തുടര്‍ച്ചയായ അനിമല്‍ പാര്‍ക്ക് 2027ല്‍ ഷൂട്ടിങ് തുടങ്ങമെന്നാണ് രണ്‍ബീര്‍ പറഞ്ഞത്.
ഇന്ത്യന്‍ സിനിമയുടെ പിതാവിനെക്കുറിച്ചുള്ള ചിത്രത്തില്‍ നിന്ന് ഇതോടെ രണ്‍ബിര്‍ പിന്മാറിയെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്‍ബീറിന് പകരം രാജ്കുമാര്‍ ഹിറാനി ഈ വേഷത്തിനായ ആമിര്‍ ഖാനെ പരിഗണിക്കുന്നെന്നും കേള്‍ക്കുന്നുണ്ട്. സിതാരേ സമീന്‍ പറിന് ശേഷം തന്റെ ഡ്രീം പ്രൊജക്ടായ മഹാഭാരതത്തിലേക്കാകും ആമിര്‍ ഖാന്‍ കടക്കുകയെന്ന് അറിയിച്ചിരുന്നു. ഇതിന് മുമ്പാകും താരം ഫാല്‍ക്കേയുടെ ബയോപിക് ചെയ്യാന്‍ സാധ്യതയെന്നാണ് കണക്കുകൂട്ടല്‍.
സഞ്ജുവിന് ശേഷം താന്‍ ബയോപിക്കുകള്‍ ചെയ്യുന്നില്ലെന്ന് രണ്‍ബീര്‍ അറിയിച്ചിരുന്നു. താരത്തിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു സഞ്ജുവില്‍ കാണാന്‍ സാധിച്ചത്. ബോളിവുഡിന്റെ പുത്തന്‍ സൂപ്പര്‍സ്റ്റാറായി ഉയര്‍ന്ന രണ്‍ബീറിന്റെ രാമാവതാരം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ദംഗല്‍ എന്ന ഇന്‍ഡസ്ട്രി ഹിറ്റൊരുക്കിയ നിതേഷ് തിവാരിയാണ് രാമായണയുടെ സംവിധായകന്‍. ചിത്രത്തിന്റെ ആദ്യഭാഗം 2026ലും രണ്ടാം ഭാഗം 2027ലും പുറത്തിറങ്ങും. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക.
Content Highlight: Ranbir Kapoor moved out from Dadasaheb Phalke’s biopic because of Ramayana and Animal sequel