ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരാണ് രണ്‍ബീര്‍ കപൂറും റിഷബ് ഷെട്ടിയും. റിഷി കപൂറിന്റെ മകനെന്ന ലേബലില്‍ സിനിമലോകത്തേക്ക് കടന്നുവന്ന രണ്ബറിന് നെപ്പോ ബേബിയെന്ന പരിഹാസം മായ്ച്ചുകളയാന്‍ അധികസമയം വേണ്ടിവന്നില്ല. വേക്ക് അപ് സിഡ്, റോക്ക്‌സ്റ്റാര്‍, തമാശ തുടങ്ങിയ സിനിമകളിലൂടെ മികച്ച നടനാണ് താനെന്ന് രണ്‍ബീര്‍ തെളിയിച്ചു.
ഗോഡ്ഫാദര്‍മാര്‍ ആരുമില്ലാതെ സിനിമയിലേക്കെത്തിയ റിഷബ് ഷെട്ടി വളരെ വേഗത്തില്‍ തന്റേതായ സ്ഥാനം സാന്‍ഡല്‍വുഡില്‍ സ്വന്തമാക്കി. അഭിനയത്തിന് പുറമെ സംവിധാനത്തിലും റിഷബ് തന്റെ കയ്യൊപ്പ് ചാര്‍ത്തി. കാന്താരയിലൂടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും മികച്ച നടനുള്ള ദേശീയ അവാര്‍ഡും തന്റെ ഷെല്‍ഫിലെത്തിക്കാന്‍ റിഷബിന് സാധിച്ചു.
എന്നാല്‍ ഇരുവരും ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കൈയടി നേടുന്നത് അവരുടെ അഭിനയം കാരണമല്ല, സിനിമക്ക് വേണ്ടി വെജിറ്റേറിയനായി മാറിയതിനാലാണ് ഇരുവരെയും ഒരു കൂട്ടമാളുകള്‍ അഭിനന്ദിക്കുന്നത്. കാന്താര എന്ന സിനിമയുടെ ഷൂട്ട് ആരംഭിച്ച ശേഷം പൂര്‍ണമായും വെജിറ്റേറിയനായെന്നും ചെരുപ്പ് പോലും ഉപേക്ഷിച്ചെന്നും റിഷബ് പറഞ്ഞിരുന്നു. ഇത് ഒരുകൂട്ടമാളുകള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയായിരുന്നു.
പുരാണ കഥയെ ആസ്പദമാക്കി സിനിമകളെടുക്കുമ്പോള്‍ ഇക്കൂട്ടര്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകും. ആ സിനിമയിലഭിനയിക്കാന്‍ നായകന്‍ യോഗ്യനാണോ എന്ന് ഇവരാണ് തീരുമാനിക്കുന്നത്. റിഷബിന്റെ മാറ്റം ഇക്കൂട്ടര്‍ വാനോളം പ്രശംസിച്ചിരുന്നു. സനാതന ധര്‍മത്തെ കാത്തുസൂക്ഷിക്കുന്ന റിഷബിനെപ്പോലുള്ള നടന്മാരെയാണ് ആവശ്യം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
എന്നാല്‍ റിഷബിന് കിട്ടിയ പരിഗണന രണ്‍ബീറിന് ഈയടുത്താണ് ലഭിച്ചു തുടങ്ങിയത്. മകള്‍ ജനിച്ചതിന് ശേഷം മാംസാഹരം ഉപേക്ഷിച്ചെന്ന് രണ്‍ബീര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പിന്നീട് താരം ഭാഗമായ ചിത്രമായിരുന്നു രാമായണ. നിതീഷ് തിവാരിയുടെ സംവിധാനത്തില്‍ രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന സിനിമയില്‍ രാമനായാണ് രണ്‍ബീര്‍ വേഷമിടുന്നത്.
കഴിഞ്ഞവര്‍ഷം രാമായണത്തിന്റെ അനൗണ്‍സ്‌മെന്റ് നടന്നപ്പോള്‍ പലരും രണ്‍ബീറിനെതിരെ രംഗത്തെത്തിയിരുന്നു. നാല് വര്‍ഷം മുമ്പ് താരം നല്‍കിയ ഒരു അഭിമുഖമായിരുന്നു ഇതിന് കാരണം. താന്‍ നോണ്‍ വെജ് ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നയാളാണെന്നും റെഡ് മീറ്റ് (ബീഫ്, മട്ടന്‍) പ്രിയപ്പെട്ടതാണെന്നും രണ്‍ബീര്‍ പറഞ്ഞിരുന്നു.
സനാതന വിശ്വാസികളായ ചിലയാളുകളെ ഇത് ചൊടിപ്പിച്ചു. ബീഫും മട്ടനും കഴിക്കുന്ന ഒരാള്‍ക്ക് രാമനായി അഭിനയിക്കാനുള്ള യോഗ്യതയില്ല’ എന്നായിരുന്നു ഇക്കൂട്ടര്‍ വാദിച്ചത്. എന്നാലിപ്പോള്‍ രണ്‍ബീര്‍ മാംസാഹരം ഉപേക്ഷിച്ചത് ‘രാമന്‍ ഇഫക്ട്’ ആണെന്നും ചിലര്‍ ധരിച്ചിട്ടുണ്ട്. വനവാസകാലത്ത് രാമന്‍ വേട്ടയാടി ഭക്ഷിച്ചിരുന്നെന്ന കാര്യം ഇവര്‍ മറന്നതാകാനേ വഴിയുള്ളൂ.
ഇത്തരം ‘പ്യുവര്‍ വെജിറ്റേറിയന്‍’ വാദം സിനിമയില്‍ വരുന്നത് അത്ര നല്ല ഏര്‍പ്പാടായി പലര്‍ക്കും തോന്നാറില്ല. ആക്ഷനും കട്ടിനും ഇടയില്‍ കഥാപാത്രമായി മാറുക, അതിന് ശേഷം അതില്‍ നിന്ന് പുറത്തുവരുക എന്ന് മാത്രമാണ് ഓരോ നടന്മാരും ചെയ്യുന്നത്. അതിനപ്പുറത്തേക്ക് അവര്‍ ചെയ്യുന്ന കഥാപാത്രത്തെപ്പോലെ ജീവിതശൈലി പിന്തുടരണമെന്ന് പറയുന്നത് ബാലിശമാണ്.
‘പ്യുവര്‍ വെജിറ്റേറിയനാ’യി മാറിയല്‍ നല്ല സ്വഭാവമായിരിക്കുമെന്നാണ് ഇക്കൂട്ടരുടെ വാദം. കാര്യസ്ഥന്‍ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ അഖില ശശിധരന്റെ ഒരു അഭിമുഖം ഈയിടെ വൈറലായിരുന്നു. താന്‍ ശുദ്ധ വെജിറ്റേറിയനാണെന്നും ഇതുവരെ മാംസാഹാരം കഴിച്ചിട്ടില്ലെന്നുമാണ് അഖില പറഞ്ഞത്. ഭക്ഷണം ശുദ്ധമാണെങ്കില്‍ മനസും ശുദ്ധമായിരിക്കുമെന്നും അഖില വാദിച്ചിരുന്നു.
ഈ വാദം വെച്ച് നോക്കിയാല്‍ ലോകം കണ്ട ശുദ്ധ മനസിനുടമ അഡോള്‍ഫ് ഹിറ്റ്‌ലറായിരിക്കും. തന്റെ ജീവിതകാലം മുഴുവന്‍ വെജിറ്റേറിയന്‍ ഭക്ഷണരീതിയായിരുന്നു ഹിറ്റ്‌ലര്‍ പിന്തുടര്‍ന്നത്.
എവിടെപ്പോയാലും വീട്ടിലെ പാത്രവും സ്പൂണുമെല്ലാം താന്‍ കൊണ്ടുപോകുമെന്നും പുറത്തെ ഭക്ഷണത്തെ അധികം വിശ്വസിക്കുന്നില്ലെന്നും പറഞ്ഞ സുധാ മൂര്‍ത്തിയുടെ എക്‌സ്ട്രീം വെജിറ്റേറിയനിസം ചോദ്യം ചെയ്യപ്പെട്ടിരുന്നു.
എന്ത് കഴിക്കണം, കഴിക്കരുത് എന്നതെല്ലാം ഓരോരുത്തരുടെയും വ്യക്തിപരമായ ചോയ്‌സാണ്. ഒന്ന് മോശവും മറ്റൊന്ന് മഹത്തരവും എന്ന വാദം ഭക്ഷണകാര്യത്തില്‍ കൊണ്ടുവരുന്നവര്‍ക്ക് അര്‍ഹിക്കുന്ന മറുപടി തന്നെ നല്കുക.
Content Highlight: Ranbir Kapoor and Rishab Shetty getting appreciations for their vegetarian lifestyle