| Sunday, 1st November 2026, 1:41 pm

5000 വർഷങ്ങൾക്ക് മുമ്പ് പുഷ്കവിമാനം ഉണ്ടായിരുന്നുവെന്ന് രൺബീർ, അതിപ്പോൾ എവിടെയാണെന്ന് സോഷ്യൽ മീഡിയ

അനുപമ കെ. സീത

ഇലോൺ മസ്കിന്റെ ഫ്ലയിങ് കാറുമായ് ബന്ധപ്പെട്ട് 5000 വർഷങ്ങൾക്ക് മുമ്പ് പുഷ്കവിമാനം ഉണ്ടായിരുന്നുവെന്ന് പറഞ്ഞ് ട്രോളിലായിരിക്കുകയാണ് രൺബീർ കപൂർ. താരത്തിന്റെ പുതിയ സിനിമ രാമായണ: റൈസ് ഓഫ് എ ലെജൻഡിന്റെ പ്രൊമോഷനുമായ് ബന്ധപ്പെട്ട് നടന്ന സീ തെലുങ്കു ന്യൂസുമായുള്ള അഭിമുഖത്തിലാണ് നടൻ ഈ വിവാദ പ്രസ്താവന നടത്തിയത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇതിനെ ചൊല്ലിയുള്ള ചർച്ചകൾ സജീവമായി നടക്കുകയാണ്.

സിനിമയിലുള്ള പുഷ്പക വിമാനത്തെ കുറിച്ചും അതിന്റെ നിർമ്മാണത്തെക്കുറിച്ചും ശാസ്ത്രീയ വശങ്ങളെക്കുറിച്ചും സിനിമയുടെ സംവിധായകനായ നിതീഷ് തിവാരി സംസാരിക്കുമ്പോഴായിരുന്നു നടൻ വിവാദ പരാമർശം നടത്തിയത്. ‘ഇലോൺ മസ്ക് അടുത്തിടെ ഒരു പറക്കുന്ന കാർ കണ്ടുപിടിച്ചു. എന്നാൽ ഇന്ത്യ ഇത് 5,000 വർഷങ്ങൾക്ക് മുമ്പേ ചെയ്തതാണെന്ന് എനിക്ക് തോന്നുന്നു’ എന്നായിരുന്നു പരാമർശം.

ഇപ്പോൾ വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിലൂടെ നിരവധി ട്രോളുകളും വിമർശങ്ങളുമാണ് നടൻ നേരിട്ടുകൊണ്ടിരിക്കുന്നത്. താരത്തിന്റെ പ്രസ്താവനയെ വിമർശിച്ചും പരിഹസിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. അതേസമയം നടനെ പിന്തുണച്ച് സംസാരിക്കുന്നവരുമുണ്ട്. രൺബീറിന്റെ ഈ പരാമർശം, ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമുള്ള ചർച്ചകൾക്കും വഴിയൊരുക്കിയിരിക്കുകയാണ്.

രാമായണ. Photo. Screen Grab/Youtube.com

‘അതിപ്പോൾ എവിടെയാണ്’,  ‘ഞാൻ കഴിഞ്ഞ ദിവസം എം.ജി.റോഡിൽ കണ്ടതാണ്’, ‘ഫ്ലയിങ് പുഷ്പകിന്റെ കളറെന്താണ്’, ‘ഇലോൺ മസ്കിന്റെ കാറിന് തെളിവെങ്കിലും ഉണ്ട്’, ‘ദയവ് ചെയ്ത് മോദിജിയാണ് പൈലറ്റ് എന്നൊന്നും പറഞ്ഞേക്കല്ലേ’, എന്നും കമന്റുകളുണ്ട്.

ഒക്ടോബർ 15 ന് ടെക്സസിൽ നടന്ന ഒരു പരിപാടിയിലാണ് ഇലോൺ മസ്‌ക് ടെസ്‌ലയുടെ പുതിയ റോഡ്‌സ്‌റ്റർ ഫ്ലയിങ് കാർ അവതരിപ്പിച്ചത്. ഒരു വളഞ്ഞ റാംപിലൂടെ കാർ തല കീഴായി ഓടിക്കുകയും അന്തരീക്ഷത്തിലെ വായുവിൽ കറങ്ങി നിൽക്കുകയും തുടങ്ങി അമ്പരപ്പിക്കുന്ന അഭ്യാസപ്രകടനങ്ങൾ ലൈവ് സ്ട്രീം ഇവന്റിൽ നടത്തിയിരുന്നു.

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ രൺബീർ കപൂറാണ് രാമനായി വേഷമിടുന്നത്. സായി പല്ലവി സീതയായി എത്തുമ്പോൾ യഷാണ് രാവണന്റെ വേഷമിടുന്നത്. ദീപാവലി റീലീസായി നവംബർ 5നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. രണ്ട് ഭാഗങ്ങളായി പ്ലാൻ ചെയ്തിരിക്കുന്ന സിനിമയുടെ ഏകദേശ ബഡ്ജറ്റ് 4000 കോടിയാണെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. അതേസമയം ചിത്രത്തിന്റെ ദൃശ്യാവിഷ്കാരം, സി.ജി.ഐ , ആക്ഷൻ രംഗങ്ങൾ, എ.ഐ സാങ്കേതികവിദ്യ എന്നിവയ്ക്ക് കഴിഞ്ഞ ദിവസങ്ങളിലായ് ഏറെ വിമർശങ്ങൾ ലഭിച്ചിരുന്നു.

Content Highlight: Ranbir claims ‘Pushpaka Vimanas’ existed 5,000 years ago; social media asks where they are now.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more