| Wednesday, 14th October 2026, 3:51 pm

ഇതെന്ത് ക്ലാഷ്; പ്രീ സെയിലില്‍ ഒരു കോടി പിന്നിടാതെ രണബാലി, അമ്പത് കോടി കടന്ന് ജയിലര്‍ 2

അശ്വിന്‍ രാജേന്ദ്രന്‍

ഈയാഴ്ചയില്‍ കാര്യപ്പെട്ട രണ്ട് പാന്‍ ഇന്ത്യന്‍ ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. രജിനികാന്ത് നായകനായ ജയിലര്‍ 2വും വിജയ് ദേവരകൊണ്ട നായകനായ രണബാലിയുമായാണ് ദശമിയ്ക്ക് കൊമ്പുകോര്‍ക്കാനൊരുങ്ങുന്നത്. കൂട്ടത്തില്‍ തൊണ്ണൂറുശതമാനം പേരും കാത്തിരിക്കുന്നത് ജയിലര്‍ 2വിനാണെന്ന് സംശയമേതുമില്ലാതെ പറയാം. 2023ല്‍ പുറത്തിറങ്ങിയ ആദ്യഭാഗത്തിലൂടെ ഉണ്ടാക്കിവെച്ച ഹൈപ്പ് തന്നെയാണ് സിനിമയ്ക്കായി കാത്തിരിക്കുന്നതിനുള്ള പ്രധാന കാരണം.

ജയിലര്‍ 2. Photo: District

കന്നടയില്‍ നിന്നും ശിവരാജ് കുമാറും മലയാളത്തില്‍ നിന്നും മോഹന്‍ലാലും ചിത്രത്തില്‍ പവര്‍ഫുള്‍ കാമിയോ റോളിലെത്തിയതോടെ ജയിലര്‍ വമ്പന്‍ കളക്ഷനായിരുന്നു സ്വന്തമാക്കിയത്. രണ്ടാം ഭാഗത്തില്‍ ഇവര്‍ക്കൊപ്പം ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക് റോഷനും വരുന്നുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആയിരം കോടിയില്‍ കുറഞ്ഞതൊന്നും ജയിലര്‍ 2 പ്രതീക്ഷിക്കുന്നില്ല. എല്ലാം ഒത്തുവന്നാല്‍ പല ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കാനും ജയിലര്‍ 2ന് സാധിക്കും.

പ്രീ സെയില്‍ ബുക്കിങ് ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ വലിയ സ്വീകാര്യതയായിരുന്നു ജയിലര്‍ 2വിന് ലഭിച്ചത്. കേരളത്തിലെ ആദ്യ ഷോയ്ക്കുള്ള ചിത്രത്തിന്റെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് നിന്ന് മാത്രം അഞ്ച് കോടിയോളം ജയിലര്‍ 2 നേടിയപ്പോള്‍ ആഗോളതലത്തില്‍ അമ്പത് കോടിയോളമാണ് ചിത്രം ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്.

മറുവശത്ത് പരിതാപകരമാണ് രണബാലിയുടെ അവസ്ഥ. ഒക്ടോബര്‍ 16 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പ്രീ സെയിലിലൂടെ ഒരു കോടി പോലും നേടാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ ഇവന്റുകള്‍ ഗ്രാന്റായി തന്നെ നടക്കുന്നുണ്ടെങ്കിലും ഇതൊന്നും തന്നെ രണബാലിയ്ക്ക് യാതൊരു ഹൈപ്പും നല്‍കുന്നില്ലെന്ന് കാണാം.

രണബാലി. Photo: X.com

പീരിയഡ് ആക്ഷന്‍ ഡ്രാമയായി രാഹുല്‍ സാങ്ക്രിത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രണബാലി. പത്തൊമ്പതാം നൂറ്റാണ്ടിലെ സംഭവങ്ങളെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായികയായെത്തുന്നത്. വിവാഹശേഷം വിജയിയും രശ്മികയും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും രണബാലിയ്ക്കുണ്ട്. ദി മമ്മി എന്ന ചിത്രത്തിലൂടെ ലോകപ്രശസ്തി നേടിയ അര്‍ണോള്‍ഡ് വോസ്ലൂവും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Ranabaali struggles to get 1 crore pre sale collection while jailer 2 surpasses 50 crore

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more