| Tuesday, 20th October 2026, 3:42 pm

ബാധ കയറിയ നായകന്മാരെ തട്ടി നടക്കാന്‍ വയ്യ, കാന്താര ബാധയുടെ പുതിയ എന്‍ട്രിയായി ദേവരകൊണ്ട... അടുത്തത് ശിവകാര്‍ത്തികേയന്‍?

അമര്‍നാഥ് എം.

സൗത്ത് ഇന്ത്യന്‍ സിനിമയില്‍ വലിയൊരു നാഴികക്കല്ലായി മാറിയ ചിത്രങ്ങളിലൊന്നാണ് കാന്താര. കെ.ജി.എഫിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ കന്നഡ ഇന്‍ഡസ്ട്രിയില്‍ ഷെട്ടി ഗ്യാങ് പടച്ചുവിട്ട വിഷ്വല്‍ എക്‌സ്പീരിയന്‍സായിരുന്നു കാന്താര. തെക്കന്‍ കര്‍ണാടകയിലെ ഭൂതക്കോലത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയായി. ക്ലൈമാക്‌സിലെ പ്രകടനത്തിന് റിഷബ് ഷെട്ടി ആ വര്‍ഷത്തെ നാഷണല്‍ അവാര്‍ഡും സ്വന്തമാക്കി.

ചിത്രത്തിന്റെ രണ്ടാം ഭാഗവും ബ്ലോക്ക്ബസ്റ്ററായി മാറി. രണ്ട് ഭാഗങ്ങളും വിജയമായതോടെ കാന്താരയുടെ ‘ബാധ’ കയറിയ സിനിമകള്‍ സൗത്ത് ഇന്ത്യയില്‍ നിരനിരയായി വന്നുകൊണ്ടിരിക്കുകയാണ്. പ്രേതം കയറിയ നായകന്‍ ഔട്ട്‌ഡേറ്റഡായതോടെ ദൈവത്തെയാണ് ഇപ്പോള്‍ പലരും കൂട്ടുപിടിക്കുന്നത്. ഈ ലിസ്റ്റിലെ ഏറ്റവും ഒടുവിലത്തെ എന്‍ട്രിയാണ് വിജയ് ദേവരകൊണ്ടയുടെ രണബാലി.

ബോക്‌സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കാത്ത രണബാലിയില്‍ നായകന്റെ ദേഹത്ത് ദൈവം കയറുന്നതും അതിന്റെ ശക്തിയില്‍ വില്ലന്മാരെ കൊല്ലുന്നതുമായ സീന്‍ ചിത്രത്തിലുണ്ട്. ശിവനാണ് വിജയ് ദേവരകൊണ്ടയുടെ ദേഹത്ത് കയറുന്നത്. ഒ.ടി.ടി റിലീസിന് ശേഷം വലിയ രീതിയില്‍ ട്രോള്‍ മെറ്റീരിയലാകുമെന്നാണ് പ്രവചനം.

രണബാലിക്ക് മുമ്പ് തെലുങ്കില്‍ നിന്ന് വന്ന മറ്റൊരു പാന്‍ ഇന്ത്യന്‍ ചിത്രം പാരഡൈസിലും ഇത്തരമൊരു സീനുണ്ട്. ദൈവം കയറുന്ന നായകന്‍ വില്ലന്മാരെ അടിച്ച് പറത്തുന്ന രംഗം നാനിക്ക് അഭിനയിച്ച് ഫലിപ്പിക്കാനായിട്ടില്ല. ഇന്റര്‍വെല്ലില്‍ മാസ് ട്രാന്‍സ്‌ഫോര്‍മേഷനായി ഒരുക്കിയ രംഗം ഒ.ടി.ടിയിലെത്തുമ്പോള്‍ എയറിലാകുമെന്ന് ഉറപ്പാണ്.

എന്നാല്‍ ഈ ട്രെന്‍ഡില്‍ ആകെ വിജയിച്ചെന്ന് പറയാനാകുന്നത് സൂര്യയുടെ കറുപ്പ് മാത്രമാണ്. കറുപ്പുസാമിയായി സൂര്യ വേഷമിട്ട ചിത്രത്തിന്റെ ക്ലൈമാക്‌സ് കാന്താരയില്‍ നിന്ന് ഇന്‍സ്പയറായതാണെന്ന് സംവിധായകന്‍ തന്നെ സമ്മതിരിച്ചിരുന്നു. ആദ്യം ഷൂട്ട് ചെയ്ത ക്ലൈമാക്‌സ് ഒഴിവാക്കി റീഷൂട്ട് ചെയ്ത വേര്‍ഷനാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

സൂര്യ എന്ന പെര്‍ഫോമര്‍ കാരണം കറുപ്പിലെ രംഗം ട്രോള്‍ മെറ്റീരിയലാകാതെ രക്ഷപ്പെട്ടെന്ന് പറയാം. ഒപ്പം സായ് അഭ്യങ്കറിന്റെ ഗംഭീര ബി.ജി.എമ്മും കൂടിയായപ്പോള്‍ കറുപ്പിന്റെ ക്ലൈമാക്‌സ് മികച്ച ദൃശ്യാനുഭവമായി മാറി. എന്നാല്‍ ബാധ കയറുന്ന നായകന്മാരുടെ ലിസ്റ്റില്‍ അടുത്ത എന്‍ട്രിയാകാന്‍ പോകുന്നത് ശിവകാര്‍ത്തികേയനാകുമെന്ന് അഭ്യൂഹങ്ങളുണ്ട്.

ശിവകുമാര്‍ മുരുകേശന്‍ സംവിധാനം ചെയ്യുന്ന സെയോണില്‍ ശിവകാര്‍ത്തികേയന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ സീനുണ്ടാകും. കറുപ്പുസാമിയെ സൂര്യ എടുത്തതിനാല്‍ മുരുകനായാണ് ശിവകാര്‍ത്തികേയന്‍ വേഷമിടുന്നത്. ഈ ട്രെന്‍ഡ് ഇനിയും എത്രകാലം തുടരുമെന്നാണ് പലരും ഉറ്റുനോക്കുന്നത്. ബാധ കയറിയ നായകന്മാരെ മടുത്തുതുടങ്ങിയെന്നാണ് പലരുടെയും കമന്റുകള്‍.

Content Highlight: Ranabaali god mode scene getting trolls

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more