തെലുങ്കിലെ മികച്ച നടന്മാരില്‍ ഒരാളാണ് റാണാ ദഗ്ഗുബട്ടി. തെലുങ്കിലെ മുന്‍നിര നിര്‍മാതാക്കളിലൊരാളായ സുരേഷ് ബാബുവിന്റെ മകനായ റാണ 2010ല്‍ ലീഡര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചത്. നിരവധി ചിത്രങ്ങളില്‍ നായകനായും വില്ലനായും തിളങ്ങിയ റാണ, രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയിലൂടെയാണ് ശ്രദ്ധേയനായത്. മികച്ച സ്‌ക്രിപ്റ്റ് സെലക്ഷനിലൂടെ ഇന്ന് സിനിമാലോകത്തെ ഞെട്ടിക്കാന്‍ താരത്തിന് സാധിക്കുന്നുണ്ട്.
റാണാ ദഗ്ഗുബട്ടി ഭാഗമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കാന്ത. തമിഴിലും തെലുങ്കിലുമായി ചിത്രീകരിച്ച സിനിമയില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകന്‍. റാണയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കാന്ത എന്ന എന്ന സിനിമയുടെ നിര്‍മാണചുമതല ഏറ്റെടുക്കാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് റാണ ദഗ്ഗുബട്ടി.
ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രം താന്‍ നിര്‍മിക്കുന്നത് എന്തിനാണെന്ന് പലരും ചോദിക്കുന്നുണ്ടെന്നും അതിനുള്ള ഉത്തരം തന്റെ പക്കലുണ്ടെന്നും റാണ പറഞ്ഞു. ഓരോ കഥയും അര്‍ഹിക്കുന്ന കാസ്റ്റിങ്ങും ആ കഥ ആവശ്യപ്പെടുന്ന നായകനും ഉണ്ടാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന് ഏറ്റവുമധികം ചേരുന്ന നടന്‍ ദുല്‍ഖറാണെന്നും അദ്ദേഹം പറയുന്നു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു റാണ ദഗ്ഗുബട്ടി.
‘എല്ലാവരും ചോദിക്കുന്നുണ്ട്. എന്തിനാണ് ദുല്‍ഖര്‍ നായകനാകുന്ന ഒരു സിനിമ ഞാന്‍ നിര്‍മിക്കുന്നതെന്ന്. അതിനുള്ള മറുപടി എന്റെ പക്കലുണ്ട്. ഓരോ സിനിമക്കും അതിന് ചേരുന്ന കാസ്റ്റിങ്ങുണ്ട്. അതായത്, ഓരോ കഥയും അതിന് ചേരുന്ന നായകനെ കിട്ടിയാല്‍ മാത്രമേ നന്നായി വരുള്ളൂ. ഓരോ റോളിലേക്കും ഓരോ നടന്മാര്‍ ചേരുമെന്നുണ്ട്.
ഒരു സിനിമ നിര്‍മിക്കുമ്പോള്‍ ആ കഥക്ക് ഏറ്റവും ബെസ്റ്റായിട്ടുള്ള കാര്യങ്ങള്‍ തെരഞ്ഞെടുക്കുക. ഈ കഥ കേട്ട അടുത്ത സെക്കന്‍ഡില്‍ എന്റെ മനസില്‍ ദുല്‍ഖറല്ലാതെ മറ്റൊരു നടന്റെ മുഖവും മനസില്‍ വന്നില്ല. അയാള്‍ നോ പറയുകയായിരുന്നെങ്കില്‍ ഈ സിനിമ തന്നെ നടക്കില്ലെന്ന് ഉറപ്പായും പറയാന്‍ സാധിക്കും,’ റാണാ ദഗ്ഗുബട്ടി പറയുന്നു.
തമിഴിലെ ആദ്യകാല സൂപ്പര്‍സ്റ്റാറായ എം.കെ. ത്യാഗരാജ ഭാഗവതരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കാന്ത ഒരുങ്ങുന്നത്. ഭാഗ്യശ്രീ ബോസാണ് ചിത്രത്തിലെ നായിക. നവാഗതനായ സെല്‍വമണി സെല്‍വരാജാണ് ചിത്രത്തിന്റെ സംവിധായകന്‍. ഓഗസ്റ്റ് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചെങ്കിലും ഒ.ടി.ടി റിലീസിന് സ്ലോട്ടില്ലാത്തതിനാല്‍ റിലീസ് മാറ്റിവെക്കുകയായിരുന്നു.
Content Highlight: Rana Daggubati explains why he choose Dulquer Salmaan in Kaantha movie