മലയാളികള്‍ക്ക് ഏറെ പരിചിതനായ ഡാന്‍സറും നടനുമാണ് റംസാന്‍ മുഹമ്മദ്. 2014ല്‍ മലയാളം ടെലിവിഷന്‍ റിയാലിറ്റി ഷോയായ ഡി4 ഡാന്‍സ് സീസണ്‍ വണ്ണിന്റെ വിജയി കൂടിയായിരുന്നു റംസാന്‍. 2017ല്‍ നിസാര്‍ സംവിധാനം ചെയ്ത ഡാന്‍സ് ഡാന്‍സ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ നായകനായി എത്തി.
റംസാന്റെ കരിയറില്‍ വഴിത്തിരിവായ ചിത്രമായിരുന്നു അമല്‍ നീരദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഭീഷ്മ പര്‍വ്വം. ചിത്രത്തിലെ ഒരു പാട്ടിലും ഏതാനും മിനിറ്റുകള്‍ മാത്രമുള്ള സീനിലുമാണ് റംസാന്‍ പ്രത്യക്ഷപ്പെട്ടതെങ്കിലും അദ്ദേഹത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ച് ‘രതിപുഷ്പം’ എന്ന പാട്ട്.
ഇപ്പോള്‍ രതിപുഷ്പം എന്ന പാട്ടിനെ കുറിച്ച് സംസാരിക്കുകയാണ് റംസാന്‍. രതിപുഷ്പം എന്ന പാട്ട് മൊത്തത്തില്‍ കൊറിയോഗ്രാഫ് ചെയ്തതാണെന്നും എന്നാല്‍ ഷൂട്ടിന്റെ ഇടക്ക് ഷൈന്‍ വരുമെന്ന് പറഞ്ഞുവെന്നും അത് കൊറിയോഗ്രാഫിയില്‍ ഇല്ലാത്തതാണെന്നും റംസാന്‍ പറയുന്നു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റംസാന്‍.
‘അതിന്റെ ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോള്‍ അമല്‍ നീരദ് സാര്‍ വന്നിട്ട് പറഞ്ഞു, ‘ഷൈന്‍ ഇപ്പോള്‍ സ്റ്റേജിലേക്ക് വരും. അവന്‍ വന്നിട്ട് അവന് ഇഷ്ടമുള്ളത് ചെയ്തിട്ട് പൊക്കോളും’ എന്ന്. ഷൈന്‍ വന്ന് ഡാന്‍സ് കളിക്കുന്നതും ആ സ്റ്റെപ്പും ഒന്നും സ്‌ക്രിപ്റ്റില്‍ ഉള്ളതല്ല. എല്ലാം സ്‌പോട്ടില്‍ വന്നതാണ്. ഷൈന്‍ സ്റ്റേജിലേക്ക് വന്നു. സിനിമയില്‍ കണ്ട കാര്യങ്ങളെല്ലാം അദ്ദേഹം അവിടെ ചെയ്തു, എന്നിട്ട് അദ്ദേഹം തിരിച്ച് പോയി,’ റംസാന്‍ പറഞ്ഞു.
ഒറ്റ ടേക്കില്‍ ഷൈനിന്റെ സീനെല്ലാം ഓക്കെ ആയെന്നും ഒരേയൊരു ടേക്ക് മാത്രമാണ് പോയതെന്നും റംസാന്‍ പറയുന്നു. ഷൈന്‍ അവിടെ സ്‌പോട്ടില്‍ ഇട്ടതാണ് ഇപ്പോള്‍ രതിപുഷ്പത്തില്‍ വൈറലായിട്ടുള്ള ആ സ്റ്റെപ്പുകളെന്നും പിന്നീട് തങ്ങളത് കൊറിയോഗ്രഫിയില്‍ ചേര്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ പുറത്തൊക്കെ ബാര്‍ ഡാന്‍സേര്‍സ് ഏറ്റവും കൂടുതല്‍ ചെയ്യുന്ന സ്റ്റെപ്പ് ആയിരുന്നു അതെന്ന് റംസാന്‍ പറഞ്ഞു. പെണ്‍കുട്ടികളാണ് അത്തരം സ്റ്റെപ്പുകള്‍ കൂടുതലും ചെയ്തിരുന്നതെന്നും ബോയ്‌സ് ആ സ്റ്റെപ്പ് അധികം കളിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷൈന്‍ എവിടെ പോയിട്ടാണ് അത് പഠിച്ചതെന്നൊന്നും തനിക്കറിയില്ലെന്നും എന്നാല്‍ ആ പാട്ടില്‍ കറക്ട് ആയി പ്ലെയ്‌സ് ആകുകയും ഹിറ്റാകുകയും ചെയ്തുവെന്ന് റംസാന്‍ പറഞ്ഞു.
Content Highlight: Ramzan Talks About Rathipushpam Song