| Thursday, 4th June 2026, 11:15 pm

മമ്മൂട്ടി സാര്‍ കാസ്റ്റ് ചെയ്യാന്‍ പറഞ്ഞത് എന്നെ, പക്ഷേ എനിക്ക് പകരം അവര്‍ മറ്റൊരു നടിയെ വിളിച്ചു : രമ്യാ പാണ്ഡ്യന്‍

അമര്‍നാഥ് എം.

നാടകരംഗത്ത് നിന്ന് സിനിമാലോകത്തേക്ക് കടന്നുവന്ന് ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയ നടിയാണ് രമ്യാ പാണ്ഡ്യന്‍. ഡമ്മി ടപ്പാസ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ രമ്യ 2017ല്‍ പുറത്തിറങ്ങിയ ജോക്കറിലൂടെയാണ് ശ്രദ്ധ നേടിയത്. പിന്നീട് ബിഗ് ബോസ് തമിഴിലും മറ്റ് റിയാലിറ്റി ഷോയിലും തന്റെ സാന്നിധ്യമറിയിച്ചു. നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ മലയാളത്തിലും അരങ്ങേറി.

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി അണിയിച്ചൊരുക്കിയ ചിത്രത്തില്‍ പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് രമ്യ അവതരിപ്പിച്ചത്. ചെറുതാണെങ്കിലും തന്റെ പ്രകടനം കൊണ്ട് രമ്യ ആ കഥാപാത്രത്തെ മികച്ചതാക്കി. നന്‍പകല്‍ നേരത്ത് മയക്കത്തിന് മുമ്പ് തനിക്ക് മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നെന്ന് പറയുകയാണ് രമ്യ പാണ്ഡ്യന്‍.

ജോക്കര്‍ എന്ന സിനിമ മമ്മൂട്ടി കണ്ടിരുന്നെന്നും തന്റെ പെര്‍ഫോമന്‍സ് പ്രത്യേകം നോട്ട് ചെയ്‌തെന്ന് പിന്നീട് താന്‍ അറിഞ്ഞുവെന്നും രമ്യ പറഞ്ഞു. ആ സമയത്ത് അദ്ദേഹം ചെയ്തുകൊണ്ടിരുന്ന സിനിമയിലേക്ക് തന്നെ സജസ്റ്റ് ചെയ്‌തെന്നും എന്നാല്‍ ജോക്കറിലെ മറ്റൊരു നായികയെയാണ് അവര്‍ വിളിച്ചതെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. റെഡ്‌നൂലിനോട് സംസാരിക്കുകയായിരുന്നു താരം.

‘മമ്മൂട്ടി സാറിന്റെ അസിസ്റ്റന്‍സിനോട് അദ്ദേഹം എന്നെ സജസ്റ്റ് ചെയ്തു. പക്ഷേ, ജോക്കറില്‍ മറ്റൊരു നടിയുണ്ടായിരുന്നു. അവര്‍ മലയാളിയായിരുന്നു. എനിക്ക് പകരം ആ നടിയെ കാസ്റ്റ് ചെയ്തു. ഒരു നടിക്ക് കിട്ടിയ അവസരം മമ്മൂട്ടി സാര്‍ കളയാന്‍ നിന്നില്ല. പിന്നീട് ബിഗ് ബോസിലും കുക്ക് വിത്ത് കോമാളിയിലും ഞാന്‍ പങ്കെടുത്തിരുന്നു. അത് എനിക്ക് ഒരുപാട് റീച്ച് തന്നു. മമ്മൂട്ടി സാറിന്റെ മേക്കപ്പ് മാന്‍ ജോര്‍ജ് ചേട്ടന്‍ എന്നെ പ്രത്യേകം നോട്ട് ചെയ്തു.

അദ്ദേഹം വഴിയാണ് നന്‍പകല്‍ നേരത്ത് മയക്കത്തിലേക്കെത്തിയത്. സത്യം പറഞ്ഞാല്‍ ആ സിനിമയിലേക്ക് വിളിച്ചപ്പോള്‍ എനിക്ക് ഒട്ടും പ്രതീക്ഷയില്ലായിരുന്നു. പറ്റിക്കാന്‍ വേണ്ടിയായിരിക്കുമെന്നാണ് ആദ്യം വിചാരിച്ചത്. പക്ഷേ, സെറ്റിലെത്തി മമ്മൂട്ടി സാറിനെ കണ്ടപ്പോഴാണ് വിശ്വാസമയാത്. അദ്ദേഹം നമ്മുടെ സിനിമയൊക്കെ കണ്ടിട്ടുണ്ടായിരുന്നു,’ രമ്യ പാണ്ഡ്യന്‍ പറഞ്ഞു.

ബ്രേക്കിന്റെ സമയത്ത് മമ്മൂട്ടിയുമായി സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നെന്നും താരം പറയുന്നു. അദ്ദേഹം എല്ലാ കൃത്യമായി നിരീക്ഷിക്കുന്ന ആളാണെന്നും സിനിമയെക്കുറിച്ച് അപാരമായ അറിവുണ്ടെന്നും രമ്യ പറഞ്ഞു. നന്‍പകല്‍ നേരത്ത് മയക്കം ഒരുപാട് പഠിക്കാനുള്ള അവസരമായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Ramya Pandian shares the shooting experience with Mammootty in Nanpakal Nerathu Mayakkam

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more