സമൂഹത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ നടിമാര്‍ എന്താണ് പറയുന്നതെന്ന് പലരും അന്വേഷിക്കാറുണ്ടെന്ന് രമ്യ നമ്പീശന്‍ പറയുന്നു. എല്ലാകാര്യത്തിനും ഉത്തരം പറയേണ്ട ആവശ്യമില്ലെന്നും ചിലപ്പോഴൊക്കെ നിശബ്ദതയാണ് കൃത്യമായ ഉത്തരമെന്നും രമ്യ നമ്പീശന്‍ പറഞ്ഞു.
ഇന്നത്തെ കാലത്തെ കുട്ടികളില്‍ ലിംഗവ്യത്യാസമില്ലാതെ എല്ലാക്കാര്യങ്ങളെപ്പറ്റിയും തിരിച്ചറിവുണ്ടെന്നും എല്ലാവര്‍ക്കും തെരഞ്ഞെടുപ്പുകളുണ്ടെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. ആണായാലും പെണ്ണായാലും ട്രാന്‍സ് ജെന്‍ഡറാണെങ്കിലും അവകാശത്തെ പറ്റി കൃത്യമായ ബോധ്യത്തിലാണ് ജീവിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രമ്യ നമ്പീശന്‍.
‘പല പ്രശ്നങ്ങള്‍ വരുമ്പോഴും നമ്മള്‍ എന്ത് ഉത്തരം പറഞ്ഞു, പറഞ്ഞില്ല എന്നുള്ളത് കേള്‍ക്കാറുണ്ട്. എല്ലാത്തിനും മറുപടി പറയേണ്ടതില്ല. ചിലപ്പോഴൊക്കെ നിശബ്ദതയാണ് കൃത്യമായ ഉത്തരം. എന്നാല്‍ പലപ്പോഴും ഉത്തരം പറയേണ്ടി വരും. പക്ഷേ, എവിടെയൊക്കെ ഉത്തരം പറയണം എന്നുള്ളത് നമുക്ക് തീരുമാനിക്കാം.
എനിക്ക് പുതിയ കുട്ടികളില്‍ നല്ല പ്രതീക്ഷയുണ്ട്. ലിംഗവ്യത്യാസമില്ലാതെ എല്ലാക്കാര്യങ്ങളെപ്പറ്റിയും തിരിച്ചറിവുണ്ട്. എല്ലാവര്‍ക്കും ഈ ലോകത്ത് ജീവിക്കാന്‍ ഇടമുണ്ട് എന്ന രീതിയിലാണ് അവര്‍ പരസ്പരം സഹകരിച്ച് പോകുന്നത്. എല്ലാവര്‍ക്കും തെരഞ്ഞെടുപ്പുകളുണ്ട്, കല്യാണം കഴിക്കണോ? വേണ്ടേ? അങ്ങനെയെല്ലാം ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
മറ്റൊരു രീതിയില്‍ നല്ല രസമുള്ള വിപ്ലവത്തിലുടെ ലോകം കടന്നുപോകുന്നുണ്ട്. അത് മാറി നിന്ന് കാണാന്‍ ഭയങ്കര രസമാണ്, അതിന്റെ ഭാഗമാവാനും ആഗ്രഹമുണ്ട്. ആണായാലും പെണ്ണായാലും ട്രാന്‍സ് ജെന്‍ഡറാണെങ്കിലും അവകാശത്തെ പറ്റി കൃത്യമായ ബോധ്യത്തിലാണ് ജീവിക്കുന്നത്.
ആണ്‍കുട്ടികളിലും നല്ല മാറ്റം കാണുന്നുണ്ട്. മസ്‌ക്കുലിന്‍ എന്ന് പറയുന്നത് അഗ്രഷന്‍ അല്ലെന്നും പരസ്പരം മനസിലാക്കലാണെന്നും ആണ്‍കുട്ടികള്‍ ചിന്തിക്കുന്നുണ്ട്. അതില്‍ വളരെ സന്തോഷം,’ രമ്യ നമ്പീശന്‍ പറയുന്നു.
Content Highlight: Ramya Nambeeshan says new generation have an understanding of everything, regardless of gender