മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് രമ്യ നമ്പീശന്‍. നടി എന്നതിനപ്പുറം ഒരുപാട് ആരാധകരുള്ള ശബ്ദത്തിന് ഉടമകൂടിയാണ് രമ്യ. ഇവന്‍ മേഘരൂപന്‍ എന്ന സിനിമയിലെ ‘ആണ്ടെ ലോണ്ടേ’ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് രമ്യ പിന്നണി ഗാനരംഗത്ത് ശ്രദ്ധേയയാകുന്നത്. പിന്നീട് തുടരെ തുടരെ മനോഹരമായ ഗാനങ്ങള്‍ക്ക് അവര്‍ ശബ്ദമായി. രമ്യ പാടിയ തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലെ ‘മുത്തുച്ചിപ്പി പോലൊരു’ എന്ന പാട്ട് വമ്പന്‍ ഹിറ്റായിരുന്നു.
ഇപ്പോള്‍ പിന്നണി ഗാനാലാപനത്തിലേക്കും അവിടെ നിന്ന് സ്വന്തമായി ഒരു ബാന്‍ഡ് തുടങ്ങിയതിനെ കുറിച്ചും സംസാരിക്കുകയാണ് രമ്യ നമ്പീശന്‍. സംഗീത സംവിധായകന്‍ ശരത്ത് തന്നെ സിനിമയിലേക്ക് പാട്ട് പാടാന്‍ വേണ്ടി വിളിച്ചപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് രമ്യ പറയുന്നു.
‘ശരത്ത് സാര്‍ എന്നെ വിളിച്ചപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. എന്നെ തന്നെയാണോ സാര്‍ ഉദ്ദേശിക്കുന്നത് ആള് മാറിപ്പോയില്ലല്ലോ എന്നാണ് ആദ്യം ചോദിച്ചത്. ചെന്നൈയിലെ ചിത്ര ചേച്ചിയുടെ സ്റ്റുഡിയോയില്‍ വെച്ചാണ് ആ പാട്ട് റെക്കോഡ് ചെയ്തത്. ഒരു സ്വപ്നം പോലെയാണ് എനിക്ക് ആ റെക്കോഡിങ്,’ രമ്യ നമ്പീശന്‍ പറയുന്നു.
പാട്ട് പാടി കഴിഞ്ഞപ്പോഴും ആ ഗാനം അവര്‍ സിനിമയില്‍ ഉള്‍പ്പെടുത്തില്ല എന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍ പാട്ട് വലിയ ഹിറ്റായി മാറിയെന്നും രമ്യ പറയുന്നു. മേഘരൂപനിലെ പാട്ട് ഹിറ്റായതിന് ശേഷം പിന്നണിഗാനരംഗത്ത് ആത്മവിശ്വാസം ലഭിച്ചുവെന്നും തുടരെ തുടരെ പാട്ടുകള്‍ പാടാന്‍ തുടങ്ങിയെന്നും നടി കൂട്ടിച്ചേര്‍ത്തു.
ലൈവ് പരിപാടികളില്‍ പാടാന്‍തുടങ്ങിയതിനെ കുറിച്ചും തന്റെ രമ്യാ നമ്പീശന്‍ ലൈവ് എന്ന ബാന്‍ഡിനെ കുറിച്ചും അവര്‍ സംസാരിച്ചിരുന്നു. ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രമ്യ ഇക്കാര്യം പറഞ്ഞത്.
‘എന്നാല്‍ ലൈവ് പരിപാടികള്‍ സജീവമായി ആത്മവിശ്വാസത്തോടെ പാടിത്തുടങ്ങിയിട്ട് രണ്ടുവര്‍ഷമേ ആയിട്ടുള്ളു. അതിന് മുമ്പേ എന്റെ പാട്ടുകള്‍ മാത്രമായിരുന്നു വേദികളിലും പാടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാത്തരം പാട്ടുകളും പാടാനുള്ള ആത്മവിശ്വാസമുണ്ട്. അതിന്റെ ഭാഗമായാണ് ആറുമാസം മുമ്പ് രമ്യാ നമ്പീശന്‍ ലൈവ് (ആര്‍. എന്‍ ലൈവ്) എന്ന പേരില്‍ ലൈവ് ബാന്‍ഡ് തുടങ്ങിയത്,’ രമ്യ നമ്പീശന്‍ പറഞ്ഞു.
Content Highlight: Ramya Nambeesan Talks About Singing