| Wednesday, 20th December 2023, 4:26 pm

വ്രണപെടാന്‍ തയ്യാറായി നില്‍ക്കുന്ന വികാരങ്ങളെ മുട്ടി ഞങ്ങള്‍ക്ക് തമാശകളൊന്നും പറയാന്‍ കഴിയുന്നില്ല: രമേശ് പിഷാരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു കോമ്പോയാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും രമേശ് പിഷാരടിയും. സ്റ്റേജ് ഷോകളിലൂടെയും ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയുമായിരുന്നു ഇരുവരും മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയത്.

എന്നാല്‍ ഈയിടെയായി ഇരുവരും തമ്മിലുള്ള സ്റ്റേജ് പരിപാടികളും മറ്റും വളരെ കുറവായിരുന്നു. ഇപ്പോള്‍ അതിനെ പറ്റി പറയുകയാണ് രമേശ് പിഷാരടി.

മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. എന്തുകൊണ്ടാണ് ഇരുവരും തമ്മിലുള്ള പരിപാടികള്‍ കുറഞ്ഞത് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് അദ്ദേഹം.

ഒരുമിച്ചുള്ള പ്രോഗ്രാമുകള്‍ കുറവായത് കൊണ്ടല്ലെന്നും പൊതുവായി പ്രോഗ്രാമുകള്‍ ചെയ്യുന്നത് കുറഞ്ഞതാണ് കാരണമെന്നും രമേശ് പിഷാരടി പറഞ്ഞു. കൊവിഡിന് മുമ്പ് സ്റ്റേജ് പരിപാടി താന്‍ കുറച്ചിരുന്നെന്നും പെട്ടെന്ന് വ്രണപെടാന്‍ തയ്യാറായി നില്‍ക്കുന്ന വികാരങ്ങള്‍ കാരണം ഒന്നും പറയാന്‍ പറ്റില്ലെന്നും താരം പറയുന്നു.

പറയുന്ന തമാശകളില്‍ നിന്ന് ചിലത് മാത്രമെടുത്ത് വളച്ചൊടിക്കപെടുകയാണെന്നും അതിന്റെ പേരില്‍ ചീത്ത കേള്‍ക്കപെടുമ്പോള്‍ സ്റ്റേജ് പരിപാടികള്‍ കുറക്കാമെന്ന് തോന്നുകയായിരുന്നെന്നും പിഷാരടി അഭിമുഖത്തില്‍ പറഞ്ഞു.

‘പൊതുവെ പ്രോഗ്രാമുകള്‍ കുറവായത് കൊണ്ടാണ്. അല്ലാതെ ഒരുമിച്ചുള്ള പ്രോഗ്രാമുകള്‍ കുറവായതല്ല. കൊവിഡിനൊക്കെ മുമ്പ് തന്നെ സ്റ്റേജ് പരിപാടി ഞാന്‍ ഒന്ന് കുറച്ചിരുന്നു. രണ്ട് കാരണങ്ങള്‍ കൊണ്ടാണ്, ഒന്ന് വ്രണപെടാന്‍ തയ്യാറായി നില്‍ക്കുന്ന വികാരങ്ങളെ മുട്ടി നമുക്ക് ഒന്നും പറയാന്‍ പറ്റില്ല.

നമ്മുടെ തലയില്‍ പ്രോസസ്സ് ചെയ്തിട്ട് ഒരു കോമഡി പറയുക. ആ തമാശയെ തുണ്ട് കഷ്ണങ്ങളാക്കി ഉപയോഗിക്കപെടുക, പിന്നെ അതില്‍ ഒരു പോയന്റ് മാത്രം എടുത്ത് വളച്ചൊടിക്കപെടുകയുമൊക്കെയാണ്.

ഇതിന്റെയൊക്കെ പേരില്‍ നമ്മള്‍ ചീത്ത കേള്‍ക്കപെടുമ്പോള്‍ സ്റ്റേജ് പരിപാടികള്‍ നമുക്ക് ഒന്ന് സൈഡാക്കാം എന്ന് തോന്നി. ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് തീരുമാനിച്ച കാര്യമാണ് അത്. ഒരു കംഫേര്‍ട്ട്‌സോണ്‍ അങ്ങോട്ട് പൊട്ടിച്ചതാണ്,’ രമേശ് പിഷാരടി പറഞ്ഞു.


Content Highlight: Ramesh Pisharody Talks About Programs With Dharmajan Bolgatty

Latest Stories

We use cookies to give you the best possible experience. Learn more