| Sunday, 1st March 2026, 8:28 am

വിദേശത്ത് ദിനോസറിനും അവതാറിനും സി.ജി ചെയ്യുമ്പോള്‍ ഇന്ത്യയില്‍ തയ്യല്‍ക്കാരന്റെ പണിയെടുക്കുന്നു; പരിഹസിച്ച് രമേശ് പിഷാരടി

അശ്വിന്‍ രാജേന്ദ്രന്‍

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കേണ്ടതിന് പകരം പ്രത്യേക അജണ്ടയോടെ എങ്ങനെ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താം എന്ന ചിന്തയുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇന്ത്യയിലെ സെന്‍സര്‍ ബോര്‍ഡ്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ചിത്രങ്ങള്‍ക്ക് യാതൊരു തടസവുമില്ലാതെ അനുമതി നല്‍കുകയും തീവ്രവലതുപക്ഷ ആശയങ്ങള്‍ക്കെതിരെ സംസാരിക്കുന്ന ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്നത് ബോര്‍ഡിന്റെ ദിനചര്യകളിലൊന്നാണ്. ജനുവരിയില്‍ റിലീസ് നിശ്ചയിച്ചിട്ടും ഇതുവരെ പുറത്തിറക്കാനാകാത്ത വിജയ് ചിത്രം ജനനായകന്‍ ഇതിന് സമീപകാലത്തെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ്.

പത്താന്‍. Photo: YRF

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ജനനനായകനിലൂടെ വിജയ്‌യെ സമ്മര്‍ദത്തിലാക്കാം എന്ന ലക്ഷ്യത്തോടെ ബി.ജെ.പി നടത്തുന്ന നീക്കങ്ങളാണിതെന്ന് വിജയ് ആരാധകരുടെ ഭാഗത്ത് നിന്നും നേരത്തേ ആരോപണമുയര്‍ന്നിരുന്നു. സംഘ രാഷ്ട്രീയത്തിന്റെ നാവായാണ് സെന്‍സര്‍ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നതെന്നടക്കമുള്ള രൂക്ഷ വിമര്‍ശനമാണ് ഇവര്‍ ഉന്നയിക്കുന്നത്. കേരളത്തെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള സ്‌റ്റോറിക്ക് യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ അനുമതി നല്‍കിയതും വാര്‍ത്തയായിരുന്നു.

ഷാരൂഖ് ഖാനും ദീപിക പദുകോണും പ്രധാനവേഷങ്ങളിലെത്തിയ സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത പത്താന്‍ എന്ന ചിത്രത്തിന് നേരിടേണ്ടി വന്ന സെന്‍സര്‍ ബോര്‍ഡ് നടപടിയെക്കുറിച്ച് രമേശ് പിഷാരടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. പത്താനിലെ ഒരു ഗാനത്തിനിടെ ദീപിക ധരിച്ച കാവി വസ്ത്രത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതുമായി ബന്ധപ്പെട്ടാണ് പിഷാരടി സംസാരിച്ചത്.

‘പത്താന്‍ സിനിമയിലെ ഗാനത്തില്‍ ദീപികക്ക് പതിമൂന്നോളം ഡ്രെസ് ചേഞ്ച് ഉണ്ട്. ഇതില്‍ ഒരെണ്ണം ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട രാഷ്ട്രീയകക്ഷിയെ പ്രതിനിധീകരിക്കുന്നതിനാല്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. ചിത്രത്തെ ബോയ്‌കോട്ട് ചെയ്യുന്നതടക്കം വലിയ പ്രശ്‌നമായി. ഇതോടെ സി.ജി ചെയ്ത് ഡ്രെസിന്റെ നിറം അല്പം മാറ്റി, മാത്രമല്ല അല്പം ഇറക്കം കൂട്ടുകയും ചെയ്തു.

പത്താന്‍. Photo: Simar Madra

ഇത് ചെയ്യുന്ന സി.ജി മെഷിന്റെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിയേ. അതിന്റെ ഒപ്പം പ്രൊഡ്യൂസ് ചെയ്ത മറ്റ് സി.ജി മെഷിനുകളെല്ലാം അവതാറിനും ദിനോസറിനും വേണ്ടി മറ്റ് രാജ്യങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഈ മെഷിന്‍ ഒരു തയ്യല്‍ക്കാരന്റെ ജോലിയാണ് ചെയ്യുന്നത്,’ രമേശ് പിഷാരടി പറഞ്ഞു.

2023 ജനുവരിയില്‍ പുറത്തിറങ്ങിയ ചിത്രത്തിനെതിരെ വലിയ വിമര്‍ശനമാണ് നോര്‍ത്ത് ഇന്ത്യയില്‍ നിന്നും ഉയര്‍ന്നത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിക്കുമെന്നടക്കം തീവ്ര വലതുപക്ഷ പാര്‍ട്ടികളില്‍ നിന്നും ഭീഷണി ഉയര്‍ന്നിരുന്നു. എന്നാല്‍ റിലീസിന് ശേഷം വലിയ സ്വീകാര്യതയാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. 1000 കോടിയിലധികമാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

Content Highlight: Ramesh Pisharody talks about hate against pathan movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more