മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച വേളയിൽ മമ്മൂട്ടിയെ അഭിനന്ദിച്ച് നടൻ രമേശ് പിഷാരടി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ വൈറലായിരുന്നു. കാറിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ അരികിലേക്ക് ചെന്ന് കലക്കി, ഒരു ഉമ്മ തന്നേക്ക് എന്ന് പിഷാരടി പറയുമ്പോൾ, കാറിന്റെ വിൻഡോയിലൂടെ തല പുറത്തേക്കിട്ട് മമ്മൂട്ടി രമേശ് പിഷാരടിയുടെ കവിളിൽ ഉമ്മവെക്കുന്നതായിരുന്നു വീഡിയോ. ഇന്നല്ലെങ്കിൽ പിന്നെ എന്ന്, ഗാലറിയിൽ ഇതിങ്ങനെ പോസ്റ്റ് ചെയ്യാതെ സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു എന്ന കുറിപ്പോടെയായിരുന്നു പിഷാരടി വീഡിയോ പങ്കുവെച്ചത്.
പിഷാരടിക്ക് ഉമ്മ കൊടുക്കുന്ന മമ്മൂട്ടി. Photo. Deepika
ഇപ്പോഴിതാ റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ, അന്നത്തെ മമ്മൂട്ടിയുടെ ആ സ്നേഹച്ചുംബനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് രമേശ് പിഷാരടി.
‘ആ മൊമെന്റ് എന്തായിരുന്നു എന്നു വെച്ചാൽ, തെരഞ്ഞെടുപ്പ് ദിവസം ഞാൻ പാലക്കാടു നിന്നും എറണാകുളത്തേക്ക് വോട്ട് ചെയ്യാൻ വന്നിരുന്നു. അങ്ങനെ ഞാൻ രാവിലെ തൃപ്പൂണിത്തുറയിൽ വോട്ട് ചെയ്ത് തിരിച്ചു പോകുമ്പോൾ, മമ്മൂക്ക ചെന്നൈയിൽ നിന്നും ഇങ്ങോട്ട് വോട്ട് ചെയ്യാൻ വരികയാണ്. അങ്ങനെ വഴിയിൽ വെച്ച് കണ്ടപ്പോൾ, ‘ഇന്ന് ഇലക്ഷൻ ഡേ ആണ്, റോഡ് ക്രോസ് ചെയ്തു പോകുമ്പോൾ കാണാം എന്ന് ഞാൻ പറഞ്ഞതാണ്. അങ്ങനെ കണ്ടപ്പോള്‍ ഉമ്മ തന്നെയാണ്,’ പിഷാരടി പറഞ്ഞു.
ഇലക്ഷന് മമ്മൂക്കയെ കൊണ്ടുവരുമോ, സിനിമാനടന്മാർ പ്രചാരണത്തിന് വരുമോ എന്നൊക്കെ എന്നോട് ചോദിച്ചിരുന്നു; പരമാവധി ഞാൻ ആരെയും ബുദ്ധിമുട്ടിക്കില്ലെന്നാണ് ഞാൻ പറഞ്ഞത്. അവർ വന്നാൽ നാട്ടുകാർ അവരെയും ചീത്തവിളിക്കും, അതുകൊണ്ട് ആരും വരേണ്ടതില്ലെന്നും ഞാൻ പറഞ്ഞു.
മമ്മൂട്ടിക്ക് പിഷാരടിയോടുള്ള ഈ സ്നേഹത്തിന് പിന്നിൽ പ്രത്യേകിച്ചെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് നടൻ മറുപടി നൽകിയത് ഇങ്ങനെയാണ.
രമേശ് പിഷാരടി. മമ്മൂട്ടി. Photo. Indian Express
‘നമുക്കൊരു നിധി കിട്ടിയാൽ അത് എന്തിനു കിട്ടി, എനിക്ക് എങ്ങനെ കിട്ടി എന്നൊന്നും ആലോചിക്കേണ്ടതില്ലല്ലോ. എന്തെങ്കിലും കഷ്ടപ്പാട് വരുമ്പോൾ ആലോചിച്ചാൽ പോരേ, എനിക്ക് എന്തുകൊണ്ട് ഒരു നല്ല കാലം വന്നു അല്ലെങ്കിൽ എന്തുകൊണ്ട് ഒരു നല്ല സൗഹൃദം കിട്ടി എന്നൊന്നും ചിന്തിക്കേണ്ടതില്ല. മിക്കവാറും എല്ലാ ദിവസവും മമ്മൂക്ക വിളിക്കാറുണ്ട് രാഷ്ട്രീയം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംസാരികരും ഉണ്ട്,’ രമേശ് പിഷാരടി പറഞ്ഞു.