| Saturday, 11th April 2026, 3:16 pm

ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്താമെന്ന തന്ത്രം കേരളത്തില്‍ വിലപ്പോകില്ല; ബി.ജെ.പിക്കും പി.സി. ജോര്‍ജിനുമെതിരെ ചെന്നിത്തല

ആദര്‍ശ് എം.കെ.

തിരുവനന്തപുരം: ക്രൈസ്തവ സഭകളെയും സഭാ മേലധ്യക്ഷന്മാരെയും ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്താമെന്ന ബി.ജെ.പിയുടെ തന്ത്രം കേരളത്തില്‍ വിലപ്പോകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

ദീപിക പത്രത്തെയും കാഞ്ഞിരപ്പള്ളി, പാല രൂപതകളെ ലക്ഷ്യം വെച്ചുള്ള ബി.ജെ.പി നേതാക്കളുടെയും പി.സി. ജോര്‍ജിന്റെയും പ്രസ്താവനകളെ വിമര്‍ശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാഞ്ഞിരപ്പള്ളി, പാലാ രൂപതകള്‍ക്കെതിരായ നീക്കങ്ങളെ ചെന്നിത്തല ശക്തമായി എതിര്‍ത്തു. ‘കാഞ്ഞിരപ്പള്ളി രൂപതയും പാലാ രൂപതയും ഒന്നും ആകാശത്തു നിന്ന് പൊട്ടിവീണതല്ല’ എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ബിഷപ്പുമാര്‍ക്കും പുരോഹിതന്മാര്‍ക്കും തങ്ങളുടെ വിശ്വാസികളെ നേര്‍വഴിക്ക് നയിക്കാനും അഭിപ്രായങ്ങള്‍ പറയാനുമുള്ള എല്ലാ ജനാധിപത്യ അവകാശങ്ങളും ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കുന്ന ഭാരതത്തില്‍ എല്ലാ പൗരന്മാര്‍ക്കും അവരുടെ അവകാശങ്ങളുണ്ട് അത് ബിഷപ്പുമാരാണെങ്കിലും അച്ഛന്മാരാണെങ്കിലും പുരോഹിതന്മാരാണെങ്കിലും സാധാരണ വ്യക്തികള്‍ ആണെങ്കിലും അവര്‍ക്കെല്ലാം അവരുടെ ജനാധിപത്യ അവകാശങ്ങള്‍ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. നമ്മുടെ ഭരണഘടന അനുസരിച്ച് ആ ഉറപ്പ് എല്ലാവരും പ്രാവര്‍ത്തികമാക്കേണ്ടതാണ്.

സഭാവിശ്വാസികളെ നേര്‍വഴിക്ക് നയിക്കാന്‍ ഉള്ള ഉത്തരവാദിത്വം സഭാ മേലധ്യക്ഷന്മാര്‍ക്കുണ്ട് അവര്‍ക്ക് വഴികാട്ടി കൊടുക്കാനും അവര്‍ അവരെ നേര്‍വഴിക്ക് നയിക്കാനും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാനുള്ള ഉത്തരവാദിത്വം ബിഷപ്പുമാര്‍ക്കും സഭാമേലധ്യക്ഷന്മാര്‍ക്കുമുണ്ട്. അങ്ങനെ ആരെങ്കിലും അഭിപ്രായ പ്രകടനം നടത്തിയാല്‍ അവരെ ഭീഷണിപ്പെടുത്തുന്ന ബി.ജെ.പിയുടെ തന്ത്രം കേരളത്തില്‍ വിലപ്പോകില്ല,’ അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പ്രധാന ദിനപത്രങ്ങളിലൊന്നായ ദീപികയെ ആക്ഷേപിക്കുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വതന്ത്രമായ അഭിപ്രായ പ്രകടനം നടത്തുന്ന പത്ര മുത്തശ്ശിയാണ് ദീപികയെന്നും അതിനെ ഭീഷണിപ്പെടുത്തി വരുതിക്ക് കൊണ്ടുവരാമെന്നത് ബി.ജെ.പിയുടെ തെറ്റിദ്ധാരണ മാത്രമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

‘ഇന്നലെ ബഹുമാന്യനായ എന്റെ സുഹൃത്ത് ശ്രീ പി.സി. ജോര്‍ജിന്റെ അഭിപ്രായ പ്രകടനം അത്തരത്തിലുള്ള ഒന്നായിരുന്നു ബി.ജെ.പിക്കൊപ്പം നിന്നില്ല എങ്കില്‍ സഭാമേലധ്യക്ഷന്മാരെയും ദീപിക പത്രത്തെയുമൊക്കെ ഭീഷണിപ്പെടുത്തിക്കളയാം വരുതിക്ക് കൊണ്ടുവന്നു കളയാം എന്നുള്ള നിലപാട് കേരളം ഒരിക്കലും അംഗീകരിക്കാന്‍ പോകുന്ന ഒന്നല്ല. അത് ജനാധിപത്യത്തിന് ഗുണം ചെയ്യുന്നതല്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവര്‍ക്കെതിരെ ബി.ജെ.പി സ്വീകരിക്കുന്ന നിലപാടുകളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

ക്രിസ്മസ് കാലത്ത് കേക്ക് കൊണ്ട് കൊടുക്കുകയും അല്ലാത്ത സമയത്ത് ബി.ജെ.പിയും സംഘപരിവാറും ചേര്‍ന്ന് ക്രൈസ്തവരെ ആക്രമിക്കുകയും ചെയ്യുന്നത് നിത്യസംഭവമാണെന്നും അദ്ദേഹം പറഞ്ഞു. വടക്കേ ഇന്ത്യയില്‍ കാണുന്ന ഈ പ്രത്യേക ‘രോഗം’ കേരളത്തില്‍ അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Content highlight: Ramesh Chennithala slams BJP and PC George

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more