തിരുവനന്തപുരം: എല്‍.ഡി.എഫ്-യു.ഡി.എഫ് ഭരണകാലത്തെ ആരോഗ്യരംഗത്തെ കണക്കുകള്‍ താരതമ്യം ചെയ്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ പോസറ്റ് പങ്കുവെച്ച പോസ്റ്റിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യന്ത്രി പങ്കുവെച്ച കണക്കുകളില്‍ വൈരുധ്യങ്ങള്‍ ഉണ്ടെന്നും പൂജ്യങ്ങള്‍ ഒക്കെ ചേരുന്നത് ആരോഗ്യമന്ത്രിക്കാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
‘പൂജ്യങ്ങള്‍ മുഴുവന്‍ ചേര്‍ത്ത് വീണാ ജോര്‍ജിന് അംഗീകാരം നല്‍കണം. സ്വന്തം വകുപ്പിനെ നിയന്ത്രിക്കാന്‍ കഴിയാത്ത ആരോഗ്യമന്ത്രിയാണ് പൂജ്യം. കണക്കിലെല്ലാം വൈരുധ്യമാണ്. യു.ഡി.എഫ് കാലത്തെ കുടുംബാരോഗ്യകേന്ദ്രങ്ങളുടെ പേരുകള്‍ മാറ്റി കള്ളത്തരം പറഞ്ഞുകൊണ്ട് ഇരിക്കുകയാണ്,’ രമേശ് ചെന്നിത്തല പറഞ്ഞു.
സിസ്റ്റത്തിന്റെ തെറ്റാണെന്നാണല്ലോ പറഞ്ഞ് കൊണ്ടിരിക്കുന്നത്. സിസ്റ്റത്തിന്റെ പരാജയം ആണെങ്കില്‍ വകുപ്പ് ഭരിക്കുന്ന മന്ത്രിക്കല്ലേ അതിന്റെ ഉത്തരവാദിത്തമെന്നും അത് ശരിയാക്കേണ്ട ഉത്തരവാദിത്തം അവര്‍ക്കില്ലേയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി സിസ്റ്റം പരാജയമാണെങ്കില്‍ പിന്നെ ഇവര്‍ അധികാരത്തില്‍ ഇരുന്നുകൊണ്ട് എന്താണ് ചെയ്തതെന്നും മുന്‍ പ്രതിപക്ഷ നേതാവ് ചോദിച്ചു.
യു.ഡി.എഫ് ഭരണകാലത്തും എല്‍.ഡി.എഫ് ഭരണകാലത്തും ആരോഗ്യരംഗത്ത് ഉണ്ടായ മാറ്റങ്ങള്‍ താരതമ്യം ചെയ്ത് വീണാ ജോര്‍ജ് ഇന്നലെ ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. യു.ഡി.എഫിന്റെ പൂജ്യങ്ങളില്‍ നിന്നും മോശം ആരോഗ്യ സൂചകങ്ങളില്‍ നിന്നും കേരളത്തിന്റെ ആരോഗ്യ മേഖലയെ എല്‍.ഡി.എഫ് സര്‍ക്കാര്‍ എങ്ങനെ മികച്ചതാക്കിയെന്ന് മനസിലാക്കാന്‍ ഒരു കമ്മീഷന്‍ വച്ച് പഠിക്കുന്നത് നല്ലതാണെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.
കേരളത്തിന്റെ ആരോഗ്യ രംഗം തകര്‍ന്നു എന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ആസൂത്രിതമായ ശ്രമം നടത്തുന്നുണ്ടെന്നും ഈ വസ്തുതകളില്‍ നിന്ന് യാഥാര്‍ത്ഥ്യം ഈ കണക്കുകളിലൂടെ മനസിലാക്കാമെന്ന് പറഞ്ഞാണ് മന്ത്രി കണക്ക് പങ്കുവെച്ചത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു വര്‍ഷത്തിലുണ്ടായ മാതൃ-ശിശു മരണ നിരക്കുകളും, കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും ഡയാലിസിസ് കേന്ദ്രങ്ങളുടേയും കണക്കുകളും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തിലുണ്ടായ മാറ്റങ്ങളുമടക്കമുള്ള കണക്കുകകളാണ് മന്ത്രി പങ്കുവെച്ചത്.
Content Highlight: Ramesh Chennithala says there are contradictions in the reports shared by Veena George