തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം ഉടന്‍ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല. നേതാക്കളുമായുള്ള കൂടിയാലോചനയിലാണ് ചെന്നിത്തല തന്റെ നിലപാട് വ്യക്തമാക്കിയത്. ദീപ ദാസ് മുന്‍ഷി, കെ.പി.സി.സി അധ്യക്ഷന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
രാഹുലിന് എതിരെ വരാന്‍ പോകുന്നത് ഗുരുതര വെളിപ്പെടുത്തലാണെന്നും അത് അംഗീകരിക്കേണ്ട സാഹചര്യം പാര്‍ട്ടിക്കില്ലെന്നുമാണ് കൂടിയാലോചനയിലെ തീരുമാനം. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ലൈംഗികാരോപണങ്ങള്‍ കടുത്തതോടെയാണ് ചെന്നിത്തല നിലപാട് കടുപ്പിച്ചത്.
വി.ഡി സതീഷനും സണ്ണി ജോസഫും ഉള്‍പ്പെടെയുള്ള നേതാക്കളെ നിലപാട് അറിയിച്ചിട്ടുണ്ട്. വിദേശത്ത് ടൂറിലുള്ള ചെന്നിത്തലയെ ഫോണില്‍ വിളിച്ചാണ് നേതാക്കള്‍ കൂടിയാലോചന നടത്തിയത്.
രാഹുലിന് എതിരായ ആരോപണങ്ങളില്‍ നടപടി വൈകരുതെന്ന് നേതൃത്വത്തോട് ചെന്നിത്തല ആവശ്യപ്പെട്ടതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഒന്നുകില്‍ രാജി അല്ലെങ്കില്‍ പുറത്താക്കണമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചുവെന്നായിരുന്നു വിവരം.
കഴിഞ്ഞ ദിവസം, വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഡിയോ പുറത്തുവന്നിരുന്നു. രാഹുലിനെതിരെ ഇതുവരെ പുറത്തുവന്നതില്‍ വെച്ച് ഏറ്റവും ഗുരുതരവും ഞെട്ടിപ്പിക്കുന്നതുമായ സംഭാഷണം കൂടിയായിരുന്നു ഇത്.
ഗര്‍ഭച്ഛിദ്രത്തിന് തയ്യാറാകാത്ത പെണ്‍കുട്ടിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ ആവര്‍ത്തിച്ച് നിര്‍ബന്ധിക്കുന്നതും ഒടുവില്‍ പെണ്‍കുട്ടിയെ നേരില്‍ കാണണമെന്ന് ഇയാള്‍ ആവശ്യപ്പെടുന്നതും ഓഡിയോയില്‍ വ്യക്തമാണ്.
ഇതിന് ശേഷം തന്നെ കൊല്ലാന്‍ വേണ്ടിയാണോ കാണണമെന്ന് പറയുന്നതെന്ന് പെണ്‍കുട്ടി ചോദിക്കുമ്പോഴാണ് ‘തന്നെ കൊല്ലാന്‍ എനിക്ക് എത്ര സമയം വേണ്ടിവരുമെന്നാണ് താന്‍ കരുതുന്നത്..’ എന്നാണ് രാഹുല്‍ ചോദിക്കുന്നത്.
Content Highligh: Ramesh Chennithala Says Rahul Mamkootathil should resign immediately