| Saturday, 31st January 2026, 9:31 pm

ശബരിമല സ്വർണകൊള്ള കേസിൽ എം.എ ബേബിക്ക് തുറന്ന കത്തുമായി രമേശ് ചെന്നിത്തല

മുഹമ്മദ് നബീല്‍

ഹരിപ്പാട്: ശബരിമല സ്വർണകൊള്ള കേസിൽ സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ ബേബിക്ക് ഫേസ്ബുക്കിലൂടെ തുറന്ന കത്തുമായി മുൻ പ്രതിപക്ഷനേതാവും കോൺഗ്രസ്സ് എം.എൽ.എയുമായ രമേശ് ചെന്നിത്തല.

ശബരിമല സ്വർണകൊള്ള കേസിൽ സി.പി.ഐ.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ എ. പത്മകുമാറിനെ പ്രതിയാക്കി അന്വേഷണം പുരോഗമിക്കുമ്പോഴും എന്തുകൊണ്ടാണ് പത്മകുമാറിനെതിരെ അച്ചടക്കനടപടിയെടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു.

പത്മകുമാറിന് എതിരെ ചുമത്തിയ കുറ്റം എന്താണെന്ന് വ്യക്തമാകാത്ത സി.പി.ഐ.എം നേതൃത്വത്തിന് വേണ്ടി പത്മകുമാറിന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കൊല്ലം വിജിലൻസ് കോടതി വിധിയെക്കുറിച്ചും ചെന്നിത്തല കത്തിൽ പരാമർശിച്ചു.

‘ദ്വാരപാലക ശില്പങ്ങളും ശ്രീകോവിലിലെ തൂണുകളും അയ്യപ്പഭഗവാന്റെ തിരുവാഭരണങ്ങളാണ്. ഇത്തരം അമൂല്യ വസ്തുക്കൾ അറ്റകുറ്റ പണികൾക്കായി ക്ഷേത്ര കോമ്പൗണ്ടിന് പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ല. കീഴുദ്യോഗസ്ഥരെ കുറ്റപ്പെടുത്തിക്കൊണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന് ഉത്തരവാദിതത്തിൽനിന്നും ഒഴിഞ്ഞുമാറാനാവില്ല.

സ്വർണം പൂശാൻ എന്ന പേരിൽ ഒരു സ്വകാര്യ വ്യക്തിക്ക് അയ്യപ്പന്റെ തിരുവാഭരണങ്ങൾ ചെമ്പുപാളികൾ എന്ന് രേഖപ്പെടുത്തികൊണ്ട്, നിയമപരമായി കൈമാറാൻ തീരുമാനമെടുത്ത ബോർഡ് യോഗത്തിന് അധ്യക്ഷത വഹിച്ചത് പത്മകുമാറാണെന്നുള്ള വസ്തുത വ്യക്തമായി അടിവരയിടുന്നത് പ്രഥമദൃഷ്ട്യാ ഈ കുറ്റകൃത്യത്തിൽ പത്മകുമാറിനുള്ള ഗൂഢാലോചനയെ കുറിച്ചാണ്,’ കോടതിവിധി ഉദ്ധരിച്ചുകൊണ്ട് ചെന്നിത്തല പറഞ്ഞു.

‘ഇത്രയൊക്കെ തെളിവുകളും കോടതി ഉത്തരവുകളും വ്യക്തമായി കൈവശം ഉണ്ടായിട്ടും പത്മകുമാറിനെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല എന്ന കാര്യം ഇപ്പോഴും കേരളത്തിലെ ജനങ്ങൾക്ക് മനസിലായിട്ടില്ല,’ എം.എൽ.എ പറഞ്ഞു .

‘കേരളത്തിലെ ജനകോടികളുടെ വിശ്വാസത്തെ മാനിച്ച് ശബരിമല അയ്യപ്പ ഭഗവാന്റെ ശ്രീകോവിലിലെ തിരുവാഭരണങ്ങൾ മോഷ്ടിക്കാനുള്ള ഗൂഢാലോചനക്ക് നേതൃത്വം നൽകിയ ഈ വ്യക്തിയെ അടിയന്തരമായി പാർട്ടിയിൽ നിന്ന് പുറത്താക്കി കേരളജനതയുടെ വിശ്വാസ പ്രമാണങ്ങൾ സംരക്ഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Content Highlight: Ramesh Chennithala’s open letter to M.A Baby

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more