| Thursday, 6th August 2026, 7:51 pm

'അവര്‍ക്ക് ഇനി എന്താണ് വരുന്നതെന്ന് നോക്കിയാല്‍ മതി'; പൊലീസുകാരനെ വെല്ലുവിളിച്ച അര്‍ജുന്‍ ആയങ്കിക്ക് താക്കീതുമായി ആഭ്യന്തര മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഒളിവില്‍ കഴിയവെ പൊലീസുദ്യോഗസ്ഥനെ വെല്ലുവിളിച്ച സ്വര്‍ണം പൊട്ടിക്കല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ താക്കീതുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കോതമംഗലം ഊന്നുകല്‍ എസ്.എച്ച്.ഒയെ വെല്ലുവിളിച്ച് വോയ്‌സ് മെസേജ് അയച്ചതിന്റെ സ്‌ക്രീന്‍ റെക്കോഡിങ് അര്‍ജുന്‍ ആയങ്കി ഇന്നലെ (ഓഗസ്റ്റ് അഞ്ച്, ബുധന്‍) ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

നിലവില്‍ കോതമംഗലം എസ്.എച്ച്.ഒക്കെതിരെ വധഭീഷണി മുഴക്കിയ കേസില്‍ ഒളിവിലാണ് അര്‍ജുന്‍. ഇതിനിടെയാണ് ഇയാളുടെ വെല്ലുവിളി. കേസില്‍ താന്‍ ജാമ്യമെടുത്തിട്ടേ വരൂ എന്നും അതിന് മുന്നെ തന്നെ പിടിക്കാന്‍ പറ്റുമെങ്കില്‍ പിടിക്കൂ എന്നുമായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി.

ഇത്തരത്തില്‍ പറയുന്നവര്‍ക്ക് ഇനി എന്താണ് വരാന്‍ പോകുന്നതെന്ന് നോക്കിയാല്‍ മതിയെന്ന് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗുണ്ടകളെ തടയാന്‍ ശക്തമായ നടപടിയെടുത്താണ് പൊലീസ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ധൈര്യമുണ്ടെങ്കില്‍ എന്നെ പിടിച്ചോളാന്‍ എന്ന് പറയുന്നവരെ നിങ്ങള്‍ നോക്കിയാല്‍ മതി ഇനി എന്താ വരാന്‍ പോകുന്നത്,’ ആഭ്യന്തര മന്ത്രി പറഞ്ഞു.

കോതമംഗലം എസ്.എച്ച്.ഒക്കെതിരെ വധഭീഷണി മുഴക്കിയ കേസില്‍ അര്‍ജുന് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യം നിഷേധിച്ചപ്പോള്‍ കീഴടങ്ങാമെന്നാണ് താന്‍ കരുതിയിരുന്നതെന്നും എന്നാല്‍ തന്നെക്കുറിച്ച് സുഹൃത്തുക്കളോട് പൊലീസ് അന്വേഷിക്കുന്നതിനാല്‍ അത് വേണ്ടെന്ന് വെച്ചെന്നും അര്‍ജുന്‍ ആയങ്കി ഊന്നുകല്‍ എസ്.എച്ച്.ഒയ്ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നുണ്ട്.

Content Highlight: Ramesh Chennithala Press Meet after Arjun Ayanki Challenged Police Officer

Latest Stories

We use cookies to give you the best possible experience. Learn more