| Saturday, 5th September 2026, 6:58 pm

തൂഫാനില്‍പെട്ടവര്‍ ഫോട്ടോ എടുക്കാന്‍ വരരുത്; മന്ത്രിമാര്‍ക്കൊപ്പം ഫോട്ടോ എടുത്തവരാണെങ്കിലും കുടുങ്ങും: ചെന്നിത്തല

റെന്വര്‍ പി

കോഴിക്കോട്: ലഹരിക്കേസുകളിലെ കുറ്റവാളികള്‍ മന്ത്രിമാര്‍ക്കൊപ്പമോ മുഖ്യമന്ത്രിക്കൊപ്പമോ ഫോട്ടോ എടുത്തവരാണെങ്കിലും ഓപ്പറേഷന്‍ തൂഫാനില്‍ യാതൊരു ഇളവും ലഭിക്കില്ലെന്നും കര്‍ശന നടപടിയുണ്ടാവുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി ഇടപാടില്‍ പെട്ടവര്‍ ആരും കൂടെ ഫോട്ടോ എടുക്കാന്‍ വരരുതെന്നാണ് ആഗ്രഹമെന്നും ചെന്നിത്തല പറഞ്ഞു.

കൂടെ ഫോട്ടോയെടുക്കുന്നവര്‍ കുറ്റകൃത്യത്തില്‍ പങ്കെടുത്താല്‍ നമ്മള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്നും ചെന്നിത്തല ചോദിച്ചു. ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടത്തെക്കുറിച്ച് കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചന്തേരയില്‍ നടന്നത് സംസ്ഥാനത്തെ വലിയ ലഹരിവേട്ടകളില്‍ ഒന്നാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ തന്നെയാണ് ആദ്യം നിര്‍ദേശം നല്‍കിയതെന്നും ചെന്നിത്തല പറഞ്ഞു.

ചന്തേര ലഹരിക്കേസിലെ പതികളില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ പൊലീസ് വൈകിയിട്ടില്ലെന്നും മന്ത്രി അവകാശപ്പെട്ടു. ഫോണ്‍ കോടതി വഴി തന്നെ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കും. ഈ കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ പേര്‍ പ്രതികളാകാന്‍ സാധ്യതയുണ്ടെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

തൂഫാന്‍ രണ്ടാം ഘട്ടം

‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിയുടെ രണ്ടാം ഘട്ടം ഞായറാഴ്ച തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് രണ്ടാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. തദ്ദേശ വകുപ്പ് മന്ത്രി കെ.എം ഷാജിയുടെ നേതൃത്വത്തില്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ലഹരി വേട്ട കൂടുതല്‍ ഊര്‍ജിതമാക്കാന്‍ ഡാന്‍സാഫിന് പുതിയ വാഹനങ്ങള്‍ വാങ്ങാനും ലഹരി പരിശോധനാ ഉപകരണങ്ങള്‍ അത്യാധുനികമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തൂഫാന്‍ രണ്ടാം ഘട്ടം ആരംഭിച്ചാലും സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചുള്ള ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ തുടരും. പദ്ധതിയുടെ വിപുലീകരണത്തിനായി കേന്ദ്ര സഹായവും സംസ്ഥാനത്തിന് ലഭിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വീടുകള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ പ്രതിരോധം തീര്‍ക്കാനും തൂഫാന്‍ രണ്ടാം ഘട്ടത്തില്‍ ലക്ഷ്യമനിടുന്നു.
ഇതിനായി വിദ്യാര്‍ത്ഥികളെയും വീട്ടമ്മമാരെയും പദ്ധതിയുടെ സജീവ പങ്കാളികളാക്കും. ലഹരി ഉപയോഗത്തിന് അടിമപ്പെട്ടവരെ കുറ്റവാളികളായല്ല, മറിച്ച് ഇരകളായി പരിഗണിക്കും. അവര്‍ക്ക് സൗജന്യ ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്ന ‘തൂഫാന്‍ കെയര്‍’ പദ്ധതിയും ഊര്‍ജിതമാക്കും. ബോധവത്ക്കരണത്തിനും ഡീ-അഡിക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം മുന്നോട്ടുപോകുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

ചരിത്രത്തില്‍ തുല്യതയില്ലാത്ത ലഹരിവേട്ടയാണ് നടക്കുന്നതെന്ന് മന്ത്രി കെ.എം. ഷാജി വാര്‍ത്താസമ്മേളനത്തില്‍പറഞ്ഞു. ഇതിന്റെ ഭാഗമായി 28-ാം തീയതി സംസ്ഥാനത്തെ 1,200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേസമയം തൂഫാന്‍ പതാക ഉയര്‍ത്തും. അന്ന് എല്ലാ ഇടങ്ങളിലും ലഹരിക്കെതിരായ ഐക്യദാര്‍ഢ്യ പ്രഖ്യാപനവും പരിപാടികളും നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും തൂഫാന്‍ സമിതികള്‍ രൂപീകരിക്കും. തൂഫാന്‍ വാര്‍ഡ് സഭ ചേരും. ഓരോ വാര്‍ഡിലും 10 വീതം തൂഫാന്‍ വാരിയര്‍മാരെ നിയോഗിക്കും. കുടുംബശ്രീ മിഷന്‍, ഹരിതകര്‍മ സേന, ആശാ വര്‍ക്കര്‍മാര്‍, അംഗനവാടികള്‍, അയല്‍ക്കൂട്ടങ്ങള്‍, സാംസ്‌കാരിക ക്ലബ്ബുകള്‍ എന്നിവയെ ഉള്‍പ്പെടുത്തിക്കൊണ്ട് ഡോര്‍-ടു-ഡോര്‍ ക്യാമ്പയിനുകള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

തൂഫാന്‍ പദ്ധതിയുടെ ഒന്നാം ഘട്ടം വന്‍വിജയമായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. ഈ വര്‍ഷം ജൂണ്‍ രണ്ടിന് മുഖ്യമന്ത്രി വി.ഡി സതീശന്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത ഈ പദ്ധതി ഇന്ത്യയിലാകെ വലിയ ശ്രദ്ധയാകര്‍ഷിച്ചു. ലഹരിയില്‍ അകപ്പെട്ട നിരവധിയാളുകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിച്ച ഈ പദ്ധതിക്ക് വലിയ ജനകീയ പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Ramesh Chennithala Press Conference on Operation Toofan Second Phase

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more