| Tuesday, 27th September 2016, 11:06 am

'അതൊന്നും നടക്കാന്‍ പോകുന്നില്ല. പോയി വേറെ പണിനോക്കൂ...' സഭയില്‍ ബഹളംവെച്ച പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞത്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാര്‍ട്ടി പ്രവര്‍ത്തകരോടു പറയുംപോലെയാണ് പിണറായി നിയമസഭയില്‍ സംസാരിക്കുന്നത്. നിരവധി മഹാരഥന്മാര്‍ ഇരുന്ന കസേരയാണിത്. ഇത്തരമൊരു കസേരയുടെ അന്തസ്സിനു ചേര്‍ന്നതല്ല മുഖ്യമന്ത്രിയുടെ പരാമര്‍ശമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.


തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്തെ ചൊല്ലി നിയമസഭയില്‍ ബഹളം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ പൊലീസ് അക്രമം സംബന്ധിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞകാര്യങ്ങളാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.

തനിക്കെതിരെ കരിങ്കൊടി കാണിച്ചത് ചാനലുകാര്‍ വാടകയ്‌ക്കെടുത്തവരാണ്, ചുവന്ന മഷി ഷര്‍ട്ടില്‍ പുരട്ടി അക്രമിച്ചുവെന്നു വരുത്താനാണ് യൂത്ത് കോണ്‍ഗ്രസ് ശ്രമിച്ചത് എന്നിങ്ങനെയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.

കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാട്ടിയിരുന്നു. രണ്ടു മൂന്നു പേര്‍ മാത്രമാണ് തനിക്കുനേരെ കരിങ്കൊടി കാട്ടിയതെന്നും അവര്‍ക്കൊപ്പം മൂന്നുനാല് ചാനല്‍ ക്യാമറകളുമുണ്ടെന്നും അതിനാല്‍ ചാനലുകാര്‍ വാടകയ്‌ക്കെടുത്തവരാണ് തനിക്കുനേരെ കരിങ്കൊടി കാട്ടിയതെന്നു സംശയമുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

ഇതിനു പുറമേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം നടത്തിയ സ്ഥലത്തുനിന്നും ചുവന്ന മഷിക്കുപ്പി കണ്ടെടുത്തിട്ടുണ്ടെന്നും ഷര്‍ട്ടില്‍ മഷി പുരട്ടി പൊലീസ് അക്രമിച്ചുവെന്നുവരുത്തുകയാണ് അവര്‍ ചെയ്തതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭയെ പ്രക്ഷുബ്ധമാക്കി. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി കുത്തിയിരുന്ന് പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് സ്പീക്കറോട് ആവശ്യപ്പെട്ടു.

” ഒരു പിന്‍വലിക്കലും നടക്കാന്‍ പോകുന്നില്ല, അതൊന്നും നടക്കാന്‍ പോകുന്നില്ല. പോയി വേറെ പണിനോക്കൂ.” എന്നാണ് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷത്തെ നോക്കി മുഖ്യമന്ത്രി പറഞ്ഞത്.

ഇതിനു പുറമേ പറയാനുള്ളത് ബഹളം വെച്ചാലും പറയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വാശ്രയ കരാറില്‍ നിന്ന് പിന്നോട്ടുപോകില്ല. നീറ്റ്‌മെറിറ്റ് ഉറപ്പാക്കും. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

അതോടെ തെരുവില്‍ സംസാരിക്കുന്നത് പോലെയാണ് മുഖ്യമന്ത്രി നിയമസഭയില്‍ സംസാരിക്കുന്നതെന്നു പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. പാര്‍ട്ടി കമ്മിറ്റിയില്‍ സംസാരിക്കുന്നതുപോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. സമരം ചെയ്ത യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകരെ അപമാനിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. വാടകയ്ക്ക് സമരം ചെയ്യുന്നത് യൂത്ത് കോണ്‍ഗ്രസല്ല ഡി.വൈ.എഫ്.ഐ ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നിരവധി മഹാരഥന്മാര്‍ ഇരുന്ന കസേരയാണിത്. ഇത്തരമൊരു കസേരയുടെ അന്തസ്സിനു ചേര്‍ന്നതല്ല മുഖ്യമന്ത്രിയുടെ പരാമര്‍ശമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ പൊലീസ് അക്രമം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്.

We use cookies to give you the best possible experience. Learn more