| Sunday, 14th June 2026, 10:10 pm

മൂന്ന് വി.സിമാരും പിഴവ് പരസ്യമായി ഏറ്റ് പറയണം; ആര്‍.എസ്.എസ് ചടങ്ങില്‍ പങ്കെടുത്ത വി.സിമാര്‍ക്കെതിരെ ആഭ്യന്തര മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ ആര്‍.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി നടന്ന സമ്മേളനത്തില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പരിപാടിയില്‍ മൂന്ന് സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്തത് ഗുരുതരമായ തെറ്റാണെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രി വി.ഡി. സതീശനും വൈസ് ചാന്‍സലര്‍മാരുടെ നടപടിയെ വിമര്‍ശിച്ചിരുന്നു. ഇതിന് പിറകെയാണ് ഇപ്പോള്‍ ആഭ്യന്തര മന്ത്രിയും ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ചിരിക്കുന്നത്.

‘ആര്‍.എസ്.എസിന്റെ 100-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയ സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പരിപാടിയില്‍ മൂന്ന് സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്തത് അതീവ ഗുരുതരവും അക്ഷന്തവ്യവുമായ തെറ്റാണ്,’ ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സംസ്ഥാനത്തെ മൂന്ന് മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ ആര്‍.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി നടന്ന സമ്മേളനത്തില്‍ പങ്കെടുത്തത് വിവാദമായിരുന്നു. എം.ജി, കേരളാ, മലയാളം സര്‍വകലാശാലകളിലെ വി.സിമാരായിരുന്നു ആര്‍.എസ്.എസ് സമ്മേളനത്തില്‍ പങ്കെടുത്തത്.

ഇതിനെതിരെ പ്രതിപക്ഷം വിമര്‍ശനമുന്നയിച്ചിരുന്നു. യു.ഡി.എഫും ഉന്നതവിദ്യാഭ്യസ മന്ത്രിയും നിലപാടറിയിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിറകെയായിരുന്നു മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രതികരിച്ചത്.

സര്‍സംഘചാലക് മോഹന്‍ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയില്‍ മൂന്ന് വൈസ് ചാന്‍സലര്‍ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നുവെന്നും ഗുരുതരമായ വീഴ്ചയാണ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഉണ്ടായതെന്നുമായിരുന്നു വി.ഡി സതീശന്റെ പ്രതികരണം. ആര്‍.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത സംസ്ഥാനത്തെ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആഭ്യന്തര മന്ത്രിയും ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കുന്നത്. കേരളീയ സമൂഹത്തോടും അക്കാദമിക മേഖലയോടും വലിയ തെറ്റ് ചെയ്ത ഈ മൂന്ന് വി.സിമാരും തങ്ങളുടെ പിഴവ് പരസ്യമായി ഏറ്റുപറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം പരിപാടികളില്‍ നിന്ന് വി.സിമാര്‍ പൂര്‍ണ്ണമായി വിട്ടുനില്‍ക്കണമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

ഗവര്‍ണറെ മുന്‍ നിര്‍ത്തി അക്കാദമിക മേഖലയെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി മുന്നോട്ടുപോകുമ്പോഴാണ് വിസിമാരുടെ ഭാഗത്തുനിന്ന് ഇത്തരം നീക്കങ്ങള്‍ ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസമേഖലയെ വിഴുങ്ങാന്‍ നോക്കുന്ന ഈ കാവിവല്‍ക്കരണ നീക്കങ്ങള്‍ക്കെതിരെ ഉയര്‍ന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞു.

‘സര്‍വ്വകലാശാലകളുടെ മതേതര – രാഷ്ട്രീയേതര സ്വഭാവത്തെ ഇല്ലായ്മ ചെയ്യാനും, വിശ്വാസ്യത ഇടിച്ചുതാഴ്ത്താനും, സ്വതന്ത്ര ചിന്ത വളരേണ്ട നമ്മുടെ ക്യാമ്പസുകളെ വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും വിളനിലങ്ങളാക്കി മാറ്റാനും മാത്രമേ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കൂ.വിദ്യാഭ്യാസരംഗത്ത് മികച്ചൊരു അക്കാദമിക അന്തരീക്ഷം ഉണ്ടാകണമെങ്കില്‍ നമ്മുടെ സ്ഥാപനങ്ങള്‍ ഇത്തരം രാഷ്ട്രീയ അധിനിവേശങ്ങളില്‍ നിന്ന് സ്വതന്ത്രമാകണം.

ഫാസിസ്റ്റ് അജണ്ടകള്‍ക്ക് മുന്നില്‍ അക്കാദമിക തലപ്പത്തിരിക്കുന്നവര്‍ പുലര്‍ത്തേണ്ട മിനിമം നിഷ്പക്ഷത പോലും ലംഘിച്ച് മുട്ടുമടക്കുന്നത് ജനാധിപത്യ കേരളത്തിന് വലിയ അപമാനമാണ്,’ ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആര്‍എസ്എസിന്റെ 100-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയ സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പരിപാടിയില്‍ മൂന്ന് സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്തത് അതീവ ഗുരുതരവും അക്ഷന്തവ്യവുമായ തെറ്റാണ്.

ഗവര്‍ണ്ണറെ കരുവാക്കി കേരളത്തിന്റെ അക്കാദമിക മേഖലയെ കാവിവല്‍ക്കരിക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി നമ്മള്‍ മുന്നോട്ടുപോകുമ്പോഴാണ് ഈ വിസിമാരുടെ ഭാഗത്തുനിന്ന് ഇത്തരം നീക്കങ്ങള്‍ ഉണ്ടായിരിക്കുന്നത്.

സര്‍വ്വകലാശാലകളുടെ മതേതര – രാഷ്ട്രീയേതര സ്വഭാവത്തെ ഇല്ലായ്മ ചെയ്യാനും, വിശ്വാസ്യത ഇടിച്ചുതാഴ്ത്താനും, സ്വതന്ത്ര ചിന്ത വളരേണ്ട നമ്മുടെ ക്യാമ്പസുകളെ വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും വിളനിലങ്ങളാക്കി മാറ്റാനും മാത്രമേ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കൂ.

കേരളീയ സമൂഹത്തോടും നമ്മുടെ അക്കാദമിക മേഖലയോടും വലിയ തെറ്റ് ചെയ്ത ഈ മൂന്ന് വിസിമാരും തങ്ങളുടെ പിഴവ് പരസ്യമായി ഏറ്റുപറയുകയും, ഭാവിയില്‍ ഇത്തരം പരിപാടികളില്‍ നിന്ന് പൂര്‍ണ്ണമായി വിട്ടുനില്‍ക്കുകയും വേണം.

വിദ്യാഭ്യാസരംഗത്ത് മികച്ചൊരു അക്കാദമിക അന്തരീക്ഷം ഉണ്ടാകണമെങ്കില്‍ നമ്മുടെ സ്ഥാപനങ്ങള്‍ ഇത്തരം രാഷ്ട്രീയ അധിനിവേശങ്ങളില്‍ നിന്ന് സ്വതന്ത്രമാകണം. ഫാസിസ്റ്റ് അജണ്ടകള്‍ക്ക് മുന്നില്‍ അക്കാദമിക തലപ്പത്തിരിക്കുന്നവര്‍ പുലര്‍ത്തേണ്ട മിനിമം നിഷ്പക്ഷത പോലും ലംഘിച്ച് മുട്ടുമടക്കുന്നത് ജനാധിപത്യ കേരളത്തിന് വലിയ അപമാനമാണ്.

ഉന്നത വിദ്യാഭ്യാസമേഖലയെ വിഴുങ്ങാന്‍ നോക്കുന്ന ഈ കാവിവല്‍ക്കരണ നീക്കങ്ങള്‍ക്കെതിരെ ഉയര്‍ന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി നില്‍ക്കണം.

Content Highlight: Ramesh Chennithala On VC’s attending RSS Event

We use cookies to give you the best possible experience. Learn more