| Wednesday, 23rd September 2020, 12:51 pm

രമേശ് ചെന്നിത്തല ലൈഫ് മിഷനിലെ പ്രത്യേകക്ഷണിതാവ് സ്ഥാനം രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലൈഫ് മിഷനിലെ പ്രത്യേകക്ഷണിതാവ് സ്ഥാനം രാജിവെക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി തന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

ലൈഫ് പദ്ധതിയുമായി ബന്ധപ്പെ വിവാദം വന്ന സമയത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് എമിറേറ്റ്‌സ് റെഡ് ക്രസന്റുമായി ഏര്‍പ്പെട്ടിരിക്കുന്ന കരാറിന്റെ കോപ്പി തരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നുവെന്നും എന്നാല്‍ ഒന്നരമാസമായി മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

’16-9-20 ല്‍ ഞാന്‍ വീണ്ടും മുഖ്യമന്ത്രിയ്‌ക്കൊരു കത്തയച്ചു. ഇത്രയും ദിവസമായിട്ടും തനിക്ക് മറുപടി നല്‍കാത്തത് ശരിയായ നടപടിയല്ല എന്ന് പറഞ്ഞിട്ടാണ് കത്തയച്ചത്.’

ലൈഫ് മിഷന്റെ ടാസ്‌ക് ഫോഴ്‌സില്‍ പ്രത്യേക ക്ഷണിതാവാണ് പ്രതിപക്ഷ നേതാവ്. രമേശ് ചെന്നിത്തല എന്ന വ്യക്തിയ്ക്കല്ല കേരളത്തിന്റെ പ്രതിപക്ഷ നേതാവിന് ഇത്തരം വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ട് നല്‍കാനുള്ള നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഞാന്‍ ഏതാണ്ട് ഒന്നരമാസത്തോളമായി കാത്തിരിക്കുകയാണ്. ഇനിയും കാത്തിരിക്കുന്നത് കൊണ്ട് അര്‍ത്ഥമില്ല. തന്നെയുമല്ല. ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകളും വഴക്കുകളും വന്നുകൊണ്ടിരിക്കുകയാണ് അതിനൊന്നും ഇനി എന്നെ സാക്ഷിയാക്കാനോ മൊഴിയെടുക്കാനോ ഉള്ള സാഹചര്യമുണ്ടാക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല’

അതുകൊണ്ട് സര്‍ക്കാരിന്റേയും മുഖ്യമന്ത്രിയുടേയും ഈ തെറ്റായ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ച് ഞാന്‍ ലൈഫ് മിഷനിലെ ടാസ്‌ക് ഫോഴ്‌സ് പ്രത്യേകക്ഷണിതാവ് എന്ന സ്ഥാനം രാജിവെക്കുകയാണെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലൈഫുമായി ബന്ധപ്പെട്ട് വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ലൈഫ് മിഷന്‍ കമ്മീഷന്‍ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദമുണ്ടായി ഒന്നര മാസത്തിന് ശേഷമാണ് കമ്മിഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മിഷന്‍ ഇടപാടിനെപ്പറ്റി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയിലൂടെയാണ് പുറത്തുവന്നത്. വടക്കാഞ്ചേരിയില്‍ റെഡ്ക്രസന്റുമായി ചേര്‍ന്ന് 140 അപ്പാര്‍ട്മെന്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയെപ്പറ്റിയുള്ള ആക്ഷേപങ്ങളെപ്പറ്റി അന്വേഷിക്കുമെന്നാണ് വിജലന്‍സ് അന്വേഷണത്തിനുള്ള ഉത്തരവില്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh Chennithala Life Mission

We use cookies to give you the best possible experience. Learn more